ഉഗ്രൻ കുന്നിന്റെ പുരാവൃത്തം (നോവൽ )
By ഡോ. ഏബ്രഹാം കരിക്കം
അദ്ധ്യായം പതിനാല്
കത്തിക്കരിഞ്ഞ കലാലയം
മത്തച്ചന്റെ വിജയഗാഥകൾ കേട്ടപ്പോൾ ഒരുപാടു പേരുടെ നെറ്റികൾ ചുളിഞ്ഞു. പലരുടെയും ഇടനെഞ്ചു പൊട്ടി. പള്ളിക്കമ്മറ്റി കഴിഞ്ഞിറങ്ങിയ കൂട്ടുകാരോടായി ഇലവുംമൂടച്ചൻ. പറഞ്ഞു.
" അയാളും ഒരു കമ്മ്യൂണിസ്റ്റാ..... "
" ആരാച്ചോ.....?" ഒരാൾ ചോദിച്ചു.
"ആ പ്രിൻസിപ്പലച്ചൻ. .....അതന്നേ ഞാൻ മനസ്സിലാക്കിയതാ........"
അപ്പോൾ
തിരുമേനിയോ അച്ചോ ....?"
" ങ് ആ .....അവരുടേം കുപ്പായത്തിന്റെ നിറം ചുവപ്പല്ല്യോ......." അച്ചൻ ഇരുത്തി മൂളി . എന്നാൽ മത്തച്ചന്റെ സന്തോഷം അധികനാൾ നീണ്ടില്ല. യൂണിയൻ തെരെഞ്ഞെടുപ്പ് പ്രഖ്യാപനം വന്നത് മുതൽ കുത്സിതകക്ഷികൾ കൂത്താടാൻ
തുടങ്ങി. പാർട്ടിക്കാരോട് ആഭിമുഖ്യമുള്ള അദ്ധ്യാപകർ കൂടി കുത്തിത്തിരിപ്പിനു കൂട്ട് നിൽക്കുന്നത് കണ്ടു മത്തച്ചൻ നടുങ്ങി. ജോ അച്ചനെ അവർ വെള്ളം കുടിപ്പിച്ചു.
" അവന്റെ പാർട്ടിക്കാരനല്ലേ അച്ചൻ ........അനുഭവിക്കട്ടെ ....." എന്നായി വനിതാ അദ്ധ്യാപകരിൽ ഇലവുംമൂടച്ചന്റെ വാത്സല്യ പക്ഷം.
ഒരുപറ്റം നല്ല അധ്യാപകരുടെ പിന്തുണയോടെ അച്ചൻ തെരഞ്ഞെടുപ്പ് നടത്തി. പോലീസ് കാമ്പസ്സിൽ കയറാൻ അനുവദിച്ചതുമില്ല.
അത്രയുമായപ്പോൾ ബാലറ്റ് പെട്ടി എടുത്തു കൊണ്ടോടാം എന്നായി ചില വിദ്വാന്മാർ. കൂട്ടമായി അവർ അച്ഛന്റെ നേരെ നീങ്ങി.
"ആർക്കാടാ ബാലറ്റ് പെട്ടി വേണ്ടത് ...." ജോ അച്ചൻ അലറി.
" എനിക്കാടാ......" അതെ സ്വരത്തിൽ വിദ്യാർഥികളിലൊരുത്തൻ വിളിച്ചു കൂവി.
മത്തച്ചന്റെ നെഞ്ചിൽ എന്തോ ആഴ്ന്നു തറച്ചു. അവൻ വിളറിപ്പോയി . അച്ചന്റെ കുപ്പായത്തിൽ ഒരു നുള്ളു മണ്ണ് പോലും വീഴാതെ നോക്കിക്കൊള്ളണം എന്നവൻ കൂട്ടുകാർക്കു കർശന നിർദ്ദേശം നൽകി. വേണ്ടി വന്നാൽ ചാട്ടവാറെടുക്കാം എന്ന് യരുശലേമിൽ മുഴങ്ങിയ ശബ്ദം ശക്തി പകർന്നു. രവിയുടെ നേതൃത്വത്തിൽ ഒരു സംഘം കുട്ടികൾ അച്ചന്റെ സമീപത്തു തന്നെ നിലയുറപ്പിച്ചു.
വോട്ടുകളെണ്ണി റിട്ടേർണിങ് ഓഫീസർ ഫലപ്രഖ്യാപനവും നടത്തി. എൺപത്താറു ശതമാനം വോട്ടും മത്തച്ചനും കൂട്ടുകാർക്കും.
ജയ് വിളികൾ മുഴങ്ങാൻ തുടങ്ങിയപ്പോൾ ഒരു അറ്റൻഡർ ഓടി വന്നു പറഞ്ഞു.
" അച്ചോ നമ്മുടെ കോളജിനു ആരോ തീ വച്ചു......"
തന്റെ ക്ലാസ്സു മുറിയിൽ തീ നാളങ്ങൾ ആളിപ്പടരുന്നത് മത്തത്തച്ചൻ കണ്ടു.
സകലരും
അങ്ങോട്ടോടി. ശക്തിയായ കാറ്റിൽ തീ രൗദ്രഭാവം പൂണ്ടു. അഞ്ചാറ് ബക്കറ്റു വെള്ളം കൊണ്ടൊന്നും അഗ്നിനാവുകളെ കെടുത്താനായില്ല. കൂട്ടമണി മുഴക്കി ഫയർ എൻജിൻ കുന്നിൻമുകളിൽ എത്തിയപ്പോഴേക്കും എല്ലാം ചാമ്പലായി കഴിഞ്ഞിരുന്നു.
തങ്ങളിരുന്ന ഡസ്ക്കും ബഞ്ചും കൂടി കത്തിക്കരിയുന്നതു കണ്ട് പെൺകുട്ടികൾ അലമുറയിട്ടു. ബഞ്ചെടുക്കാൻ ഓടിക്കയറിയ ആരുടെയോ മുതുകിൽ കത്തിയ കഴുക്കോൽ വീണതിനാൽ പിന്നീടാരും ചലിച്ചില്ല. ഉച്ചത്തിൽ നിലവിളിക്കുന്ന കുട്ടികളെ ആശ്വസിപ്പിക്കാൻ ആർക്കും വാക്കുകളില്ലായിരുന്നു.
രാക്ഷസ
കേസരികൾ പുഞ്ചിരി തൂകി . രഹസ്യ കേന്ദ്രങ്ങളിൽ ഡർബാർ തുടങ്ങി. അടുത്ത ദിവസം കൂടിയ പൊതു സമ്മേളനത്തിൽ തിരുമേനി ഗദ്ഗദകണ്ഠനായി പറഞ്ഞു
" നമ്മുടെ വാത്സല്യ മക്കളെ,
നാട്ടിലെ പണക്കാരെല്ലാം തങ്ങളുടെ കുഞ്ഞുങ്ങളെ തിരുവനന്തപുരത്തും മദ്രാസിലും ആഗ്രയിലും അയച്ചു പഠിപ്പിക്കുന്നു. ചിലർ ബിലാത്തിക്കുവരെ കപ്പൽ കയറുന്നു.
കേവലം കൃഷിക്കാരും കച്ചവടക്കാരുമായ നമ്മുടെ ജനത്തിന്റെ കുട്ടികളുടെ കണ്ണും കാതും തെളിയട്ടെ
എന്ന് കരുതിയാണ് ബലഹീനനായ നാം ഈ പ്രസ്ഥാനം ഇവിടെ ആരംഭിച്ചത്. പതിനായിരങ്ങൾ ഇവിടെ പഠിച്ചു
വളർന്നു ഫലം കായ്ച്ചു ദേശത്തെ അനുഗ്രഹ സമൃദ്ധമാകും എന്നും നാം കരുതിയിരുന്നു.....
നിങ്ങൾ നമുക്ക് പ്രത്യുപകാരം തന്നു. എങ്ങനെയാണു നന്ദി പറയേണ്ടത്.....?"
വാക്കുകൾ കിട്ടാതെ തിരുമേനി നിന്നു. അദ്ദേഹത്തിന്റെ കവിളിൽ നനവുണ്ടായിരുന്നു.
കേട്ടിരുന്നവർ ഞെളിപിരികൊണ്ടു. കുട്ടികൾ പലരും കണ്ണ് തുടച്ചുകൊണ്ട്
കുമ്പിട്ടിരുന്നു.
കൂട്ടത്തിൽ ചിലർ അപ്പോഴും ഉള്ളിൽ ചിരിക്കുന്നുണ്ടായിരുന്നു. മുന്പന്തിയിലിരുന്ന
ഇലവുമൂടച്ചന്റെയും കണ്ണുകൾ നിറഞ്ഞൊഴുകി. പക്ഷേ അവയിൽ നിറഞ്ഞതു ആനന്ദബാഷ്പങ്ങളായിരുന്നു.
രേവതി ടീച്ചർ പ്രസവിച്ചു. ഗോപിസാറിനെപ്പോലൊരു കുട്ടികുറുമ്പൻ. ഓമനക്കുട്ടൻ.
മദ്ധ്യവേനലവധിയായപ്പോൾ പിന്നെയും കുട്ടികളെല്ലാം വയലിലും തോട്ടിലും.
സൈക്കിൾ യജ്ഞക്കാരിൽ നിന്നാവേശം ഉൾക്കൊണ്ടവർ കുട്ടി സൈക്കിൾ വാടകക്കെടുത്തു പഠനം തുടങ്ങി.
സെമിത്തേരിയുടെ താഴെ കളിസ്ഥലം അടുത്ത തലമുറ ഏറ്റെടുത്തു. അവരും സായന്തന ഡർബാറിൽ ശൃoഗാരകഥകൾ
കേട്ട് ഇക്കിളിയിടാൻ പഠിച്ചു.
അന്നൊരു ശനിയാഴ്ച്ച. ഉഗ്രൻ കുന്നിൽ വെള്ളിടി വെട്ടി.
പട്ടണത്തിൽ നിന്ന് കമ്പി ശിപായി സൈക്കിളിൽ ഒരു ടെലിഗ്രാം കൊണ്ടെത്തിച്ചു.
വാർത്ത വായിച്ചവർ കൽപ്രതിമകളായി പോയി.
പാകിസ്ഥാൻ പട്ടാളക്കാരുടെ വെടിയേറ്റ് ശോശക്കുട്ടിയുടെ അപ്പൻ ക്യാപ്റ്റൻ
ചാക്കോ അന്തരിച്ചു. മൃതദേഹം വിമാനത്തിൽ നാട്ടിലേക്കു കൊണ്ട് വരുന്നു.
കടയും കമ്പോളവും നിശ്ചലമായി. തൊഴിലാളികൾ പണി നിർത്തി. അടുപ്പിൽ
വച്ച കലങ്ങൾ അമ്മമാർ തിരിച്ചെടുത്തു. വിറകു കൊള്ളികളിൽ അവർ വെള്ളമൊഴിച്ചു. അടയ്ക്ക
മരത്തിന്റെ മണ്ടയിൽ നിന്ന് മാറാപ്പുമായി ചിലർ ഊഴ്ന്നിറങ്ങി. കാളകൾ കയറുപൊട്ടിച്ചോടി.
ഗ്രാമവാസികൾ മുഴുവൻ പനംകുന്നിലേക്ക്.
ജനങ്ങൾ ഓടിക്കിതച്ചു വരുന്നത് കണ്ട് ശോശക്കുട്ടിയും അമ്മയും അന്ധ)ളിച്ചു. എല്ലാവരും മുറ്റത്തു വന്നിട്ട് പുറകോട്ടു
മാറി നിലയുറപ്പിച്ചു.
"എന്താ...."?
അമ്മയും മോളും ഒരേ സ്വരത്തിൽ.
ആരുമില്ല മറുപടി പറയാൻ. എല്ലാ കണ്ണുകളും മത്തച്ചനെ തെരഞ്ഞു. അവൻ
സോഷ്യലിസ്റ്റ് വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ അഖിലേന്ത്യാ സമ്മേളനത്തിൽ സംബന്ധിക്കാൻ
മദ്രാസ്സിലായിരുന്നു.
മത്തച്ചന്റെ അമ്മയും പെങ്ങളും നെഞ്ചത്തടിച്ചുകൊണ്ടു ഓടി വരുന്നത്
കണ്ടപ്പോൾ ശോശക്കുട്ടിയും അമ്മയും ഉറക്കെ നിലവിളിക്കാൻ തുടങ്ങി.
" എന്താ മോളെ........വിവരം പറ. ഞങ്ങളെയിങ്ങനെ തീ തീറ്റാതെ..........."
മറിയത്തിനെ പിടിച്ചുലച്ചു അമ്മയും ശോശക്കുട്ടിയും.
" നമ്മുടെ ചാക്കോച്ചായൻ ........പോയി......യുദ്ധത്തിൽ മരിച്ചെന്ന്..........."
ഒരു വിധത്തിൽ മറിയം പറഞ്ഞൊപ്പിച്ചു.
ആകാശം വിറങ്ങലിച്ചു. ഒരു നിമിഷം ഭൂമി കറക്കം നിർത്തി. പിന്നീടുയർന്ന
കൂട്ടനിലവിളിയിൽ ദിഗന്തങ്ങൾ ഉലയാൻ തുടങ്ങി.
ഒക്കത്തു ഓമനകുട്ടനുമായി രേവതി ടീച്ചർ പാഞ്ഞു വന്നു. ഓടിയും ഇഴഞ്ഞും
ഗോപിസാറുമെത്തി. നാട്ടുകാർ മുഴുവനുമെത്തിയിട്ടും ഉരുണ്ടു മറിയുന്ന അമ്മയെയും ശോശക്കുട്ടിയെയും
ശാന്തരാക്കാൻ കഴിഞ്ഞില്ല.
ഉഗ്രൻകുന്നിൽ ഒറ്റ വീട്ടിലും അന്ന് തീ പുകഞ്ഞില്ല. അമ്മമാരാരും
വീട്ടിലില്ലായിരുന്നു.
പിറ്റേന്ന് വെളുപ്പിന് നാലുമണിക്ക് മദ്രാസ് മെയിലിൽ മത്തച്ചൻ വന്നിറങ്ങി.
രവിയും കൂട്ടുകാരും ചേർന്ന് സ്റ്റേഷനിൽ അവനെ സ്വീകരിച്ചു.
മത്തച്ചൻ വീട്ടിലെത്തിയപ്പോൾ ഒരിക്കൽ കുടി കൂട്ടനിലവിളി ഉയർന്നു.
ശോശക്കുട്ടിയും അമ്മയും കിടക്കുന്ന കാഴ്ച കണ്ടു അവനും ഉരുകി പോയി.
" ആശ്വാസമേ എനിക്കേറെ തിങ്ങീടുന്നു
വിശ്വാസക്കണ്ണാൽ ഞാൻ നോക്കീടുമ്പോൾ
ലോകം വേണ്ടാ എനിക്കൊന്നും വേണ്ടാ
എന്റെ താതന്റെ സന്നിധൗ .......ചേർന്നാൽ മതി........"
പകലും രാത്രിയും ഇടതടവില്ലാതെ സ്ത്രീകൾ പാടിക്കൊണ്ടിരുന്നു.
കൊമ്പൻആഞ്ഞിലിച്ചില്ലയിൽ കാക്കകൾ കരയാൻ മറന്നിരുന്നു. കലങ്ങും കുഴിയിൽ
വെള്ളം കലക്കാൻ ആരുമുണ്ടായില്ല. പാതി കൊയ്ത നിലങ്ങൾ ആളൊഴിഞ്ഞ അമ്പലപ്പറമ്പുപോലെ.
പൂർണ്ണ സൈനിക ബഹുമതികളോടെ പനം കുന്നിൽ ചാക്കോച്ചന്റെ മൃതശരീരം ഉഗ്രൻ
കുന്നിലെ സെമിത്തേരിയിൽ സംസ്കരിക്കപ്പെട്ടു.
അതിർത്തിയിലെ സംഘർഷത്തെക്കുറിച്ചും യുദ്ധം രൂക്ഷമായതിനെ കുറിച്ചും
എല്ലാടവും ചർച്ച നടക്കുന്നുണ്ടായിരുന്നു. കിഴക്കൻ ബംഗാളിലേക്ക് കടന്ന ഇന്ത്യൻ സൈന്യത്തിന്
മുന്നിൽ പാക്പട കീഴടങ്ങിയ വിവരം എല്ലാവരും വായിച്ചതുമാണ്.
പക്ഷെ അതിർത്തിയിൽ നിന്നൊരു തീപ്പൊരി ഇത്ര വേഗം ഉഗ്രൻകുന്നിൽ വന്നു
വീഴുമെന്നും നാടിനെ ദഹിപ്പിക്കുമെന്നും ആരും നിനച്ചിരുന്നില്ല.
മത്തച്ചന്റെയും മറിയത്തിന്റെയും സാന്ത്വന സ്പർശമില്ലായിരുന്നെങ്കിൽ
ശോശക്കുട്ടി അന്ന് കിടന്ന കിടപ്പിൽ നിന്നെഴുനേൽക്കുക പ്രയാസമായിരുന്നേനെ. റിസൾട്ട്
വന്നിട്ടും ഫസ്റ്റ് ക്ലാസ്സിൽ പാസ്സായതറിഞ്ഞിട്ടും അവളുടെ ആത്മാവിൽ ഇരുട്ടു മാത്രമായിരുന്നു.
തുടർന്നുള്ള പഠനം ശോശക്കുട്ടിക്കൊരു കീറാമുട്ടിയായി. മത്തച്ചന്റെ
വഴിയിൽ നിലാവായി എത്രയും പെട്ടെന്ന് കോളജിൽ എത്താൻ കൊതിച്ചു നിന്നിരുന്ന തന്റേടി വാഴപ്പിണ്ടിപോലെ
വെളുത്തുപോയി.
അടുത്തും അകലെയുമുള്ള ചില ബന്ധുക്കൾ അഭിപ്രായങ്ങളുമായെത്തി.
" അവൾ ടൈപ്പും ഷോർട്ട് ഹാൻഡും പഠിക്കട്ടെ. വേഗം എന്തെങ്കിലും
തൊഴിൽ കിട്ടും".
" കോളേജിൽ പോയി കലക്ടറാകാനാണോ പെണ്ണിന്റെ പൂതി........"
'അമ്മ കുഞ്ഞന്നാമ്മയ്ക്കു അഭിപ്രായമൊന്നുമില്ലായിരുന്നു. ഇനിയെന്നും
അവർക്കങ്ങനെത്തന്നെ. പിടിച്ചു നിന്ന കമ്പ് ഒടിഞ്ഞു പോയാൽ വീണിടത്തു കിടന്നുരുളാതെ പറ്റുമോ?
താനാരാധിച്ചിരുന്ന ദൈവം കൈവിട്ടപ്പോൾ തനിക്കും തന്റെ മകൾക്കും ഇനി എന്തായാലെന്താ എന്നും
അവർക്കു തോന്നിപ്പോയി.
ശോശക്കുട്ടി ടൈപ്പ് പഠിക്കാൻ തന്നെ പോവണമെന്ന് വളരെ നിർബന്ധിച്ചത്
ഇലവുംമൂടച്ചനാണ്. പെട്ടെന്ന് ജോലി കിട്ടുമെന്നും വേണ്ടി വന്നാൽ ജർമ്മനിയിലേക്ക് കയറ്റി
അയക്കാമെന്നും വരെ അച്ചൻ പറഞ്ഞു വച്ചു. അച്ചൻ പറഞ്ഞപ്പോൾ ബന്ധുക്കൾ മുറുകി.
" എന്നെ ഓർത്തു വിഷമിക്കരുത്. ഞാൻ ടൈപ്പ് പഠിച്ചോളാം. പെട്ടെന്നൊരു
ജോലി കിട്ടുമല്ലോ. എന്റെ അമ്മക്കിനിയാരുണ്ട്"?
അവളുടെ പ്രിയപ്പെട്ട മുല്ലയുടെ ചോട്ടിൽ വച്ച് ഒരു സന്ധ്യയിൽ ശോശക്കുട്ടി
മത്തച്ചനോട് അത്രയും പറഞ്ഞൊപ്പിച്ചു.
മത്തച്ചനും പതറിപ്പോയ നിമിഷമായിരുന്നു
അത്.
. തന്റെ സ്വപ്നങ്ങൾക്ക് ചിറകു മുളയ്ക്കും മുമ്പേ കൊഴിയുന്നത് കാണുമ്പോൾ
ബലം ചോരുന്നതുപോലെ.
ശോശക്കുട്ടിയെ അവൻ ശക്തിയായി തന്നിലേക്കടുപ്പിച്ചു. തന്റെ പൗരുഷത്തിനു
ഭംഗം സംഭവിക്കുന്നതായി അവൻ ഭയപ്പെട്ടുപോയിരുന്നു.
" നീയെന്റെ പെണ്ണാണ്. വിടരും മുമ്പേ കൊഴിയാൻ നിന്നെ ഞാൻ വിടില്ല.
എന്റെ ചങ്കിനുറപ്പും കൈകൾക്കു ബലവുമില്ലാതെ വരുന്ന നാളിൽ നീ തെരുവിൽ ഇറങ്ങിയാൽ മതി".
അവന്റെ മാറിൽ കിടന്ന് ഞെരുങ്ങിയെങ്കിലും അവൾ കുതറി മാറിയില്ല.
അവൾക്കതിനു ത്രാണിയില്ലായിരുന്നു. അവൻ അകന്നു നിന്നാൽ പോലും ആ മാറിൽപടർന്നു കയറാൻ കൊതിച്ചവളല്ലേ?
അല്ലെങ്കിൽത്തന്നെ സ്വപ്നത്തിൽ എന്നും ആ മാറിലല്ലായിരുന്നോ മയക്കവും?
രേവതി ടീച്ചറാണ് ശോശക്കുട്ടിയെ കോളേജിൽ കൊണ്ട് പോയത്. മത്തച്ചന്റെ
വഴിയേ ധനതത്വശാസ്ത്രവും ചരിത്രവും പഠിക്കാൻ മോഹിച്ചു കഴിഞ്ഞവളാണ്. എന്നാൽ ബന്ധുക്കൾ
സമ്മതിച്ചില്ല.
പട്ടാളത്തിൽ നഴ്‌സാകുന്നതിന് സെക്കൻഡ് ഗ്രൂപ്പ് പഠിച്ചാൽ മതിയെന്ന്
അവർ വിധി പ്രസ്താവിച്ചു.
" മാനത്തൊരു അമ്പിളിയെ കണ്ട് നീ ചമയേണ്ട പെണ്ണെ ........ചാരാനൊരു
ഏണി നോക്ക്.......അതാ ബുദ്ധി ......" വകേലൊരു ബന്ധുവായ കുട്ടാപ്പി അവളെ ഉപദേശിച്ചു.
അങ്ങനെ അവൾ ജീവശാസ്ത്രം പഠിക്കാനുറച്ചു.
" മാനത്തത്തൊരു അമ്പിളിയെ കണ്ട് ........" എന്ന വാചകം
അവളെ പേടിപ്പെടുത്തി. ഒരുപാടു രാത്രികളിൽ അവളുടെ ഉറക്കം കെടുത്തിയ വാക്കുകൾ!
"ഉയർന്നു പറക്കുന്നൊരു പക്ഷിയാണ് മത്തച്ചൻ" ഗോപി സാർ
എപ്പോഴും പറയാറുള്ള വാചകം അവളുടെ ഉള്ളിൽ പ്രകമ്പനം സൃഷ്ട്ടിച്ചു. അനാഥത്വം ആഴക്കടൽപോലെ
ഭയാനകമാണെന്ന തിരിച്ചറിവ് താങ്ങാവുന്നതിലധികം വേദന സമ്മാനിക്കുന്നു.
" നീയെന്റെ പെണ്ണാണ് ......." രണ്ടാം ക്ലാസ്സിൽ പട്ടികയെണ്ണി
പഠിച്ചതുപോലെ ആ വാചകം അവൾ ഉരുവിട്ടുകൊണ്ടിരുന്നു.
കോളജിൽ ഒന്നാം വർഷ ക്ലാസുകൾ ആരംഭിക്കുന്നതിന്റെ തലേ ദിവസം മത്തച്ചൻ
ശോശക്കുട്ടിക്ക് ഒരു കത്ത് കൊടുത്തു.
"എടീ പെണ്ണെ ,
കഴിഞ്ഞ വർഷം ഇതേ ദിവസം നീ എഴുതിയ കുറിപ്പ് എന്റെ നെഞ്ചിലുണ്ട്.
നീ നന്നായി പഠിക്കണം. ഞാൻ ശല്യപ്പെടുത്തുകയില്ല.
ഗാന്ധിജി കസ്തൂർബയെ വേളികഴിച്ചതു പതിമൂന്നാം വയസ്സിലല്ലേ ? അതിലും
മുമ്പേ എന്റെ മനസ്സിൽ കൂടു കൂട്ടിയ പൈങ്കിളിയാണ് നീ (നിനക്ക് പൈങ്കിളി പെരുത്തിഷ്ടമായതുകൊണ്ടാണ്
ഇങ്ങനെ.)
എന്നെ വെട്ടിച്ചു പട്ടാളത്തിലെങ്ങാനും പോയാൽ.......
ബാക്കി നീ ഊഹിച്ചോ ......
ജീവിതം നമുക്കെറിഞ്ഞുടയ്ക്കാനുള്ള പളുങ്കു പാത്രമല്ല (ഛെ........പിന്നെയും
പൈങ്കിളി ......) സമൂഹത്തിൽ നമുക്ക് ചില ധർമ്മങ്ങൾ നിറവേറ്റാനുണ്ട്. അതിനു എന്റെ കരുത്തായി
നീ എന്നും എന്നോടൊപ്പം ഉണ്ടാവണം......ഉണ്ടാവില്ലേ ....?
എന്ന്,
മത്തച്ചൻ.
കടിഞ്ഞൂൽ പ്രസവത്തിലെ കുഞ്ഞിനെയെന്നപോലെ ഒരുപാട് കാലം ആ കത്ത് നെഞ്ചിൽ
വച്ചവൾ ലാളിച്ചു.
ജീവശാസ്ത്രം പഠിക്കുമ്പോൾ ജീവിത യാനം എങ്ങോട്ടൊഴുകും എന്ന് നോക്കാം.
ശോശക്കുട്ടി മനസ്സിൽ പറഞ്ഞു. രാത്രിയുടെ തുടക്കമായിരുന്നെങ്കിലും പട്ടാളക്കാരന്റെ മകൾ
ഉറക്കത്തിൽ നിന്നുണരുകയായിരുന്നു.
No comments:
Post a Comment