Monday, 14 March 2022

 

ഉഗ്രൻ കുന്നിന്റെ പുരാവൃത്തം (നോവൽ )

By  ഡോ. ഏബ്രഹാം കരിക്കം

 

ആദ്ധ്യായം പതിമൂന്ന്

യുഗപുരുഷന്മാർ തെളിച്ച വഴിയേ

 

മത്തച്ചൻ കോളേജിൽ ചേർന്നതോടെ ശോശക്കുട്ടി വിവശയായി. അവൾ ഉണ്ണുന്നു പക്ഷേ ദഹനമില്ല കിടക്കുന്നു. പക്ഷേ ഉറക്കമില്ല. വായിക്കുന്നു. ഗ്രഹിക്കുന്നില്ല. ഓർക്കുമ്പോഴൊക്കെ വിയർക്കുന്നു. അരികിലിരുന്ന് ഒത്തിരി സംസാരിക്കണമെന്നുണ്ട്. അരികിലെത്തിയാലോ സകലവും മറക്കുന്നു.

എല്ലാം ഒരു കടലാസ്സിൽ എഴുതിയേൽപ്പിക്കാം എന്നൊടുവിൽ തീരുമാനിച്ചു. എഴുതിത്തുടങ്ങി.

"പ്രീയപ്പെട്ട......ന്" മത്തച്ചൻ എന്നു വിളിക്കാൻ അവൾക്കിപ്പോൾ  പേടി . ആൾ ഒരുപാടു വളർന്നപ്പോൾ. മുണ്ടും, ഷർട്ടും, തോൽച്ചെരിപ്പും, മീശയും...... മണവാളനെപ്പോലെ.

മനസ്സിന്റെ അടിത്തട്ടിലുള്ളതൊന്നും പേപ്പറിലേക്കു പകരാനാവാതെ അവൾ കുഴങ്ങി. അവസാനം മത്തച്ചൻ സമ്മാനിച്ച  . എം. എസ്സിന്റെ പുസ്തകം അവൾ കൈയിലെടുത്തു. അതിൽ നിന്നൊരു ഭാഗം കടലാസ്സിൽ പകർത്തി.

" കോളേജിലെ വിദ്യാർത്ഥി എന്ന നിലയ്ക്ക് അവിടെ നടക്കുന്ന പഠിപ്പിന് യാതൊരു കോട്ടവും തട്ടാത്ത നിലയ്ക്കേ ഞാനെന്റെ പൊതുപ്രവർത്തനങ്ങൾ നടത്തിയിരുന്നുള്ളു ക്ലാസ്സിൽ മുടങ്ങാതെ ഹാജരാവുക, അവിടെയെത്താനുള്ള സമയം ഒരിക്കലും വൈകാതിരിക്കുക, പാഠങ്ങൾ ശ്രദ്ധിച്ചു നോട്ടെടുക്കുക, ദിവസേന തലേദിവസം കഴിഞ്ഞതും അന്നു വരാൻ പോകുന്നതുമായ പാഠങ്ങൾ വായിക്കുക, ആഴ്ചതോറും അതാതു ആഴ്ചയിലെടുത്ത പാഠങ്ങൾ രണ്ടാമതു വായിക്കുക എന്നതെല്ലാം ചെയ്തിരുന്നു.......

ഇതിന്റെ ഫലമായി അദ്ധ്യാപകരുടെ ദൃഷ്ടിയിൽ ഒരു നല്ല വിദ്യാർത്ഥിയെന്ന പേര് ഞാൻ സമ്പാദിച്ചു. ഹൈസ്ക്കൂൾ ക്ളാസ്സുകളിലെന്നപോലെ ഇവിടെയും പരീക്ഷകൾ വരുമ്പോഴെല്ലാം  ഓരോ വിഷയത്തിലും ഏറ്റവുമധികം മാർക്കു കിട്ടുന്ന മൂന്നുനാലു പേരിൽ ഒരാൾ ഞാനായിരിക്കും.

ഇതാണോ ഒരു പ്രേമലേഖനം? അതും ആദ്യത്തെ? അവൾക്കു വല്ലാത്ത ലജ്ജാഭാരം.

അപ്പോൾ മനസ്സ് പറഞ്ഞുകൊടുത്തു.

"അതെ ...... ഇതാണ് സാക്ഷാൽ പ്രേമലേഖനം".

മത്തച്ചന്റെ അന്തർജ്ജനത്തിന്റെ പ്രേമവാക്കുകൾ. ഇതിൽ എല്ലാമുണ്ട്.

ഒടുവിൽ എഴുതി.

എന്ന് ശോശക്കുട്ടി, ഒപ്പ്.

കത്ത് മനോഹരമായ ഒരു കവറിലിട്ട് അതിൽ നാലു മുല്ലപ്പൂക്കളുമിട്ട് അവൾ സൂക്ഷിച്ചു.

അടുത്ത ദിവസമാണ് കോളേജിൽ ക്ളാസ്സുകൾ ആരംഭിക്കുന്നത്. വിവരം പറയാൻ മത്തച്ചൻ വരുമെന്ന് അവൾക്കുറപ്പായിരുന്നു. തന്നോട് പറയാതെ എങ്ങും പോയിട്ടില്ലല്ലോ. വന്നപ്പോൾ അവന്റെ ഖദർ ഷർട്ടിന്റെ പോക്കറ്റിൽ അവൾ കത്തു നിക്ഷേപിച്ചു.

അതുവരെ കുഴപ്പമൊന്നുമില്ലായിരുന്നു. അടുത്ത നിമിഷം അവൾ കുടുകുടെ വിയർത്തു.

അന്നാദ്യമായി മത്തച്ചൻ ശോശക്കുട്ടിയെ തന്റെ നെഞ്ചോടു ചേർത്തു നിർത്തി. അവളുടെ ഹൃദയത്തിന്റെ സംഗീതം അവൻ ഉള്ളിലേക്കു സംക്രമിപ്പിച്ചു.

അവളുടെ സിരകളിലെ കൊടുംചൂടിനു ശമനമുണ്ടായി. എങ്കിലും ഹൃദയം വെന്ത മണ്ണുപോലെ കുറേനേരം നിന്നു കത്തി.

ഉന്നതവിദ്യാകേന്ദ്രം! ഒരത്ഭുത പ്രപഞ്ചം. യഥാർത്ഥ സോഷ്യലിസം അവിടെയാണ്. വിലക്കുകളില്ല. ചങ്ങലകളില്ല. തൊണ്ണൂറുപേരുള്ള ഒരു ക്ളാസിൽ ഏറെയും കൊലകൊമ്പന്മാർ. ഉന്നത വിദ്യാഭ്യാസത്തിനായി കോളേജിൽ കാലുകുത്തുന്ന മാത്രയിൽ പഠനം അവസാനിപ്പിക്കുന്നവർ നിരവധിയുണ്ട്. മറ്റു പലതും പഠിക്കാൻ വെപ്രാളമാണവർക്ക്. ഒരു വിധമുള്ള അദ്ധ്യാപകരൊക്കെ ഏറെനേരം വായുവിൽത്തന്നെയാണ് . താഴെയിറങ്ങാൻ കുട്ടികൾ അനുവദിക്കാറില്ല. സ്കൂളിൽ തങ്ങളെ ത്രിശങ്കുവിൽ നിർത്തിയ അദ്ധ്യാപകരോടുള്ള പകപോക്കൽ. ഇരിയെടാ എന്നു പറഞ്ഞാൽ നിൽക്കും. നിൽക്കെടാ എന്നു പറഞ്ഞാൽ ഓടും. പലരുടെയും പുറകെ ഓടി പ്രിൻസിപ്പലച്ചൻ നല്ല ഫയൽമാനായി മാറുകയായിരുന്നു. പണ്ട് ക്രമമായി ഷട്ടിൽ കളിച്ചിരുന്ന അച്ചൻ അതങ്ങു നിർത്തി.

മത്തച്ചനും  രവിയും ഒന്നിച്ചാണ് കോളേജിലേക്ക് പോകുന്നത്. പക്ഷെ ഒന്നുരണ്ടു പിരീഡുകൾ കഴിഞ്ഞുള്ളതെല്ലാം അനാവശ്യമാണെന്നാണ് രവി വിശ്വസിക്കുന്നത്. കോളേജിനടുത്തുള്ള ശാന്തി തീയറ്ററിൽ എന്നും സിനിമ മാറാത്തതിലായിരുന്നു  അവനു നീരസം. മുപ്പത്തഞ്ചു പൈസ കൊടുത്തു് മുന്നിലെ ബഞ്ചിൽ പോയി മേലോട്ട് നോക്കിയിരിക്കും. വെള്ളത്തുണിയിൽ നിഴലുകൾ ഓടുന്നതു കാണാൻ. കൊട്ടക തുടങ്ങിയപ്പോൾ മുമ്പിൽ തറടിക്കറ്റുണ്ടായിരുന്നു. പത്തുപൈസക്ക്. അതിപ്പോൾ നിർത്തി. ഷീലയും ജയഭാരതിയും ജയലളിതയും രവിയെ ബലഹീനനാക്കി. ഉഗ്രൻകുന്നിൽ അപ്പോൾ മുതൽ ആരും സിനിമ കാണേണ്ടി വന്നില്ല. കഥകൾ കൃത്യമായി രവി പറഞ്ഞുകൊടുക്കുന്നുണ്ടായിരുന്നു.

സായിപ്പിന്റെ സ്കൂളിലെ ലൈബ്രറിയെക്കാൾ വളരെ മോശമായിരുന്നു.

കോളേജ് ലൈബ്രറിയെന്ന്മത്തച്ചൻ കണ്ടുപിടിച്ചു. അതായിരുന്നു അവന്റെ ദുഃഖം.

 . എം. എസിന്റെ അനുഭവം അവൻ ഓർത്തു. കോളേജ് ലൈബ്രറിയെപ്പറ്റി അദ്ദേഹം പറഞ്ഞ വാക്കുകൾ:

" സൗകര്യങ്ങളുപയോഗിച്ചു പരീക്ഷക്കാവശ്യമുള്ളതിലും വിപുലമായ വിഞ്ജാനലോകത്തേക്ക്ഞാനെന്നെത്തന്നെ വലിച്ചു കൊണ്ടുപോയി. എനിക്കത്യന്തം താല്പര്യമുള്ള രാഷ്ട്രീയ- സാമൂഹ്യ പ്രശ്നങ്ങൾ പഠിക്കാൻ സഹായിക്കുന്ന പല ഗ്രന്ഥങ്ങളും കോളേജ് ലൈബ്രറിയിൽ നിന്നെടുത്തു വായിച്ചു. സാഹിത്യവും, രാഷ്ട്രിയവും മറ്റു പലതും കൂട്ടികലർത്തികൊണ്ടു ബർണാഡ് ഷാ, എച്ചു.ജി വെൽസ് മുതലായവരെഴുതിയ ഗ്രന്ഥങ്ങൾക്കു പുറമെ മെക്ഡൊൽവിന്റെ സോഷ്യലിസം, ലാസ്കിയുടെ കമ്യൂണിസം എന്നീ ഗ്രന്ഥങ്ങളും കോളേജ് ലൈബ്രറിയിൽ നിന്നെടുത്താണ് ഞാൻ വായിച്ചത്. പല ദുർവ്യാഖ്യാനങ്ങളോട് കൂടിയാണെങ്കിലും സോഷ്യലിസ്റ്റ് കമ്യൂണിസ്റ്റ് സിദ്ധാന്തങ്ങളുടെ ആദ്യ പാഠങ്ങൾ എനിക്കു നൽകിയ പുസ്തകങ്ങളാണിവ. അവ കിട്ടിയതോ, കത്തോലിക്കാ മാനേജ്മെന്റിലുള്ള ഒരു ലൈബ്രറിയിൽ നിന്ന്‌....."

തലതിരിഞ്ഞ .എം എസ്സുമാരുണ്ടാവുന്നത് കോളേജ് ലൈബ്രറികളിൽ നിന്നാണെന്ന് പണ്ടേ മനസ്സിലാക്കിയ ആളാണ് ഇലവുംമൂടച്ചൻ. മഹത്തായ അറിവ് ഉത്തരവാദപ്പെട്ടവരെ യഥാകാലം അറിയിക്കുകയും ചെയ്തതാണ്.

.എം.എസ്സിനെക്കാൾ വലിയവൻ ഇതാ വരുന്നു. അച്ചന്റെ കോളേജിലേക്ക്. മുട്ട പൊട്ടിക്കാൻ പറ്റിയ അവസരം ഇതുതന്നെയാണ്. തട്ടിക്കോ. മുട്ട വിരിഞ്ഞാൽ.......

പക്ഷെ പ്രിൻസിപ്പലിനു വിവരമില്ലെങ്കിലോ......?

"അയാൾക്ക്മൂന്ന് എം. ഉണ്ടുപോലും. .......ഫൂ ......" ഇലവുംമൂടച്ചൻ കാർക്കിച്ചു തുപ്പി. എന്നിട്ട് മനസ്സിൽ പറഞ്ഞു.

"താമസിയാതെ അയാൾ അനുഭവിച്ചോളും.....".

അവൻ ആറ്റംബോംബാണെന്നു ഇലവുംമൂടച്ചൻ രേഖാമൂലം പ്രഖ്യാപിച്ചിരുന്നതിനാൽ പ്രിൻസിപ്പലച്ചന്റെ ഒരു കണ്ണ് എപ്പോഴും മത്തച്ചന്റെ മേലുണ്ടായിരുന്നു. അവൻ കൃത്യമായി ക്ളാസ്സിലിരുന്നു നോട്ടെഴുതി പഠിക്കുന്നതും, മണിക്കൂറുകളോളം ലൈബ്രറിയിൽ പരാതി നടക്കുന്നതും കണ്ടപ്പോൾ "അയാളെന്തൊരു മനുഷ്യൻ" എന്ന്അച്ചൻ മനസ്സിൽ ചിന്തിച്ചു.വിദ്യാർത്ഥി ഐക്യം എന്നാരെങ്കിലും വിളിച്ചാൽ അവൻ ഇറങ്ങി ഓടുന്നില്ല എന്നു മാത്രമല്ല കൂട്ടുകാരെ അതിൽനിന്നും പിന്തിരിപ്പിക്കാൻ ശ്രമിച്ചതിനാൽ നേതാക്കളുടെ ഒന്നുരണ്ടു തലോടലുകളും ഏറ്റുവാങ്ങിക്കഴിഞ്ഞു.

അങ്ങനെയിരിക്കുമ്പോഴാണ് മത്തച്ചൻ പ്രിൻസിപ്പലിനെ കാണാൻ ചെന്നത്.

"എന്താടോ..... സഖാവേ......." അച്ചൻ കണ്ണാടിക്കുമുകളിലൂടെ പുരികമുയർത്തി അവനെ നോക്കി.

"ലൈബ്രറിയിൽ നല്ല പുസ്തകങ്ങൾ വളരെ കുറവാണച്ചാ...."

ജോ അച്ചനും ഞെട്ടിപ്പോയി.

മറ്റൊരു കോളേജിൽ ഇരുപതു വർഷം പഠിപ്പിച്ചിട്ടാണ് പുതിയ കോളേജിൽ പ്രിൻസിപ്പലായി ചാർജ് എടുത്തത് .

ഇത്രയും നാളിടക്ക് ഇങ്ങനൊരുവൻ വന്നുപറയുന്നത് ആദ്യം. തന്റെ അദ്ധ്യാപകരിൽ ഒരാൾ പോലും ഇത്തരമൊരു പരാതി ഒരിക്കലും ഉന്നയിച്ചിട്ടില്ല.

"തനിക്ക് ഏതു പുസ്തകമാണു വേണ്ടതെന്നു എന്നോട് പറഞ്ഞോളൂ....... ഞാൻ തരാം...." അച്ചൻ പറഞ്ഞു. അതൊരു പുത്തൻ സൗഹൃദത്തിന്റെ തുടക്കമായിരുന്നു.

അന്നുതന്നെ ജോ അച്ചൻ തിരുമേനിക്കൊരു നോട്ടെഴുതി. ലൈബ്രറി വികസിപ്പിക്കാൻ ഒരു ലക്ഷം രൂപാ വേണമെന്ന്.

ഭാരതീയ സോഷ്യലിസ്ററ് പാർട്ടിയുടെ താലൂക്കാഫീസിൽ ഇതിനിടയിൽ ഒരു യോഗം നടന്നു. അതിൽ മുഖ്യാതിഥി ഗോപിസാർ ആയിരുന്നു. ക്രച്ചസിലാണു നടപ്പെങ്കിലും അദ്ദേഹത്തിനു ചിറകുകളുണ്ടായിരുന്നതുപോലെ. രേവതി ടീച്ചറുടെ കഴുത്തിൽ വരണമാല്യമണിയിച്ചതു മുതൽ അദ്ദേഹം നാട്ടുകാർക്ക് പ്രിയപ്പെട്ടവനായി. മലബാറുകാരനല്ലതായി. ആക്സിഡന്റിൽ ഒരു കാൽ നഷ്ടപ്പെട്ട ഗോപിസാറിനെ വിവാഹം ചെയ്ത രേവതി ടീച്ചറെ എല്ലാരും വാനോളം പുകഴ്ത്തി.

കോളേജിലെ വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ നേതൃത്വം ആരെ ഏൽപ്പിക്കണം എന്നതായിരുന്നു ചർച്ച.മത്തച്ചന്റെ മേൽ ഒരു കണ്ണുവേണമെന്നു ഗോപിസാർ നേതാക്കളോടു സൂചിപ്പിച്ചു. ഏറെ താമസിയാതെ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ മത്തച്ചൻ ചെയർമാൻ സ്ഥാനാർത്ഥിയാവുകയും ചെയ്തു. അതോടെ പ്രശ്നങ്ങളും തുടങ്ങി.

തെരഞ്ഞെടുപ്പിന്  മുൻപ് കൺസഷൻ, ബസ്, കോഴപിരിവ് എന്നെല്ലാം പറഞ്ഞു അഞ്ചാറ് സമരം സംഘടിപ്പിക്കണമെന്ന് മുകളിൽനിന്നു നിർദ്ദേശമുണ്ടായി. മത്തച്ചൻ എതിർത്തു. പഠിപ്പു മുടക്കാതെയുള്ള  സമരമുറകൾ മതിയെന്നവൻ.

മറ്റുള്ള പാർട്ടിക്കാരെല്ലാം സമരം ചെയ്തു തിമിർക്കുമ്പോൾ തങ്ങൾ തകർന്നുപോവുമെന്ന് നേതാക്കൾ.

പാർട്ടിയുടെ പ്രതിച്ഛായ വളർത്താൻ തന്റെ പക്കൽ കരുക്കളുണ്ടെന്നു മത്തച്ചൻ.

തർക്കം മൂത്തപ്പോൾ നേതാക്കൾ ഉഗ്രൻകുന്നിൽ ഗോപിസാറിന്റെ അടുത്തെത്തി. പാർട്ടിയുടെ നയരൂപീകരണത്തിന്റെ കേന്ദ്രബിന്ദുവായി ഗോപിസാർ ഏതാണ്ട് വളർന്നുകഴിഞ്ഞിരുന്നു.

പയ്യന് ഒരു വര്ഷം സ്വാതന്ത്ര്യം അനുവദിക്കാൻ സാർ നിർദ്ദേശിച്ചു. സോഷ്യലിസ്റ്റ് വിദ്യാർത്ഥി പ്രസ്ഥാനം മുഴുവനായി മത്തച്ചൻ എന്ന മാത്യു ജോസഫിന്റെ ഇളംകരങ്ങളിലായത് അങ്ങനെയാണ്. അണികളിൽ മുറുമുറുപ്പുണ്ടായെങ്കിലും നേതാക്കൾ അവഗണിച്ചു.

വിദ്യാർത്ഥികളുടെ അടിയന്തിര ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് രണ്ടു മെമ്മോറാണ്ടങ്ങൾ മത്തച്ചനും കൂട്ടരും തയ്യാറാക്കി. ഒന്ന് സർക്കാരിനും, മറ്റേതു മാനേജ്മെന്റിനും.അതിന്റെ കോപ്പികൾ രണ്ടായിരത്തോളം വരുന്ന വിദ്യാർഥികൾക്കു വിതരണം ചെയ്തു. ലൈബ്രറി മുതൽ ലാട്രിൻ വരെയുള്ള കാര്യങ്ങൾ മാനേജമെന്റ്റിന്. ഫീസിളവും, ബസ്സും കൺസഷനും സർക്കാരിന്.

ഒരു മാസത്തിനകം എല്ലാം നടന്നില്ലെങ്കിൽ കോളേജിൽ മരണംവരെ നിരാഹാരം കിടക്കുമെന്ന് മത്തച്ചൻ. അതിന്റെ തീയതിയും പ്രഖ്യാപിച്ചു.

പിള്ളേരല്ലേ? രാഷ്ട്രീയമല്ലേ..........? അങ്ങനെയൊക്കെ പറയുമെന്ന് മാനേജ്മെന്റ്റും സർക്കാരും.

ആഗസ്റ്റ് ഒന്നിന് ഒരു ചെറിയ പന്തലിൽ കോളേജ് കവാടത്തിൽ മത്തച്ചനെന്ന കുട്ടിനേതാവ് വ്രതം തുടങ്ങി. ഒരാഴ്ച അങ്ങനെപോയി.

"മലഞ്ചെരുവിലെ മത്തച്ചന്റെ  ജീവൻ അപകടത്തിൽ....." പാർട്ടിക്കാർ പോസ്റ്ററടിച്ചു നാടായ നാട്ടിലെല്ലാം ഒട്ടിച്ചു വച്ചു.

ആരെടാ മത്തച്ചന്നെന്നു നാട്ടുകാർ?

"കീറിനെടാ പോസ്റ്റാറെന്നു”  മറ്റു പാർട്ടിക്കാർ.

ശോശക്കുട്ടിക്ക് തളർവാതം വന്നപോലായി. കോളേജിൽ ചേർന്നെങ്കിലും എന്നും രാവിലെ തന്നോടൊപ്പം നടക്കുന്ന ചെറുക്കൻ തളർന്നു മയങ്ങുന്നു. കൂടുതേടുന്നൊരു പ്രാവിന്റെ മാതിരി അവൾ കിടന്നു പിടച്ചു.

ഒരുപാടു സന്ദർശകർ സമരപ്പന്തലിൽ വന്നുംപോയുമിരുന്നു.രേവതി ടീച്ചർക്കൊപ്പം ഒന്നുരണ്ടു ദിവസം ശോശക്കുട്ടിയും പോയി. മത്തച്ചന്റെ കിടപ്പുകണ്ട് അവളുടെ ചങ്കു പിടഞ്ഞു.

സമരം അന്തമില്ലാതെ നീളുമെന്നും മത്തച്ചനെ അറസ്റ്റുചെയ്തു ആശുപത്രിയിലാക്കുമെന്നും വന്നപ്പോൾ നേതാക്കൾ അങ്കലാപ്പിലായി. ആദ്യത്തെ അടിപിഴച്ചാൽ പിന്നെ  മത്തച്ചന് ഉയിർത്തെഴുന്നേൽപ്പുണ്ടാവില്ലെന്ന് അറിയാമായിരുന്ന ഗോപിസാറിന് ഉറക്കമില്ലാതായി.

ഐക്യദാർഡ്യം പ്രഖ്യാപിക്കാൻ പന്തലിൽ ഇരുന്നവരോടൊപ്പം ഗർഭിണിയായ രേവതി ടീച്ചറും കൂടി. അവരുടെ സാന്നിദ്ധ്യം പെൺപിള്ളേർക്ക് ഹരമായി.

സമരപ്പന്തലിനു തീയടിക്കാനും പറ്റുമെങ്കിൽ സഖാവിന്റെ ഒരു കാലോ കൈയോ അടിച്ചൊടിക്കാനും മറ്റും പാർട്ടിക്കാർ കുട്ടിശങ്കരന്മാർക്ക് നിർദ്ദേശം നൽകിയിരുന്നു. അവന്റെ സമരം വിജയിച്ചാൽപ്പിന്നെ തങ്ങൾക്കു അഡ്രസ്സു കാണില്ലെന്നവർ കണക്കുകൂട്ടി.

ഉഗ്രൻകുന്നിലെ  കൂട്ടാളികളും സോഷ്യലിസ്റ്റ് പാർട്ടിയിലെ യോദ്ധാക്കളും ജാഗരൂകരായിത്തന്നെ നിലയുറപ്പിച്ചു. മത്തച്ചന്റെ നിഴൽപോലെ രവിയുണ്ട്. അവനറിയാതെ മത്തച്ചന്റെ മേൽ ഒരീച്ച പോലും പറ്റില്ല. ഉഗ്രൻകുന്നിലെ അടിതട ക്ളാസ്സിലെ പ്രമാണിയായിരുന്നതിനാൽ കോളേജിൽത്തന്നെ ഒരു വീരനായി അവൻ മാറിക്കഴിഞ്ഞിരുന്നു. കാളൻ ബേബി അടിതെറ്റി വീണത് ഒരിക്കൽ ശിഷ്യനായ രവിയുടെ എണ്ണം പറഞ്ഞ ഒരിടി കൊണ്ടപ്പോഴാണെന്ന ഖ്യാതിയും അവനുണ്ടായിരുന്നു.

ഇതിനിടയിൽ ഉഗ്രൻകുന്നിലെ കോളേജ് കുമാരികളെ ശോശക്കുട്ടി തേടിപ്പിടിച്ചു. പെൺഹൃദയങ്ങളിൽ അവൾ ചൂടുപകർന്നു. കെഞ്ചിയും കൊഞ്ചിയും അവൾ ഒരു പെൺപടക്ക് ബീജാവാപം നടത്തി.

സമരം പൊളിയും എന്ന ഘട്ടം വന്നപ്പോൾ ഡിമാന്റുകൾ അംഗീകരിക്കാതെ തങ്ങൾ വീട്ടിലേക്കില്ലെന്നു പ്രഖ്യപിച്ചു നാലുപെൺകുട്ടികൾ മത്തച്ചനോടൊപ്പം പന്തലിൽ കിടന്നു. ഒരുപാടു കുമാരികൾ ആദ്യം തയ്യാറായെങ്കിലും വീട്ടിലെ തല്ലുപേടിച്ചു  അവസാന നിമിഷം മുങ്ങിക്കളഞ്ഞു.

പെൺകുട്ടികൾ പന്തലിലായതോടെ നാട്ടുകാർ ഇളകി. സംഘർഷം വളർന്നപ്പോൾ വിദ്യാർത്ഥിനികൾ മുൻകൈയെടുത്തു പ്രിൻസിപ്പലച്ചനെ മുറിയിലിട്ടടച്ചു.

അതറിഞ്ഞ നിമിഷം മത്തച്ചൻ നിരാഹാരവൃതം ഉപേക്ഷിച്ചു. വിദ്യാർഥിവൃന്ദവും പാർട്ടിക്കാരും സ്തബ്ധരായിപ്പോയി.

"ഇവനാരെടാ........ .എം. എസ്സോ അതോ ഗാന്ധിയോ.... ?” ഇലവുംമൂടച്ചൻ ആത്മഗതം ചെയ്തു.

"രണ്ടായാലും നന്നാവത്തില്ല. കുരുത്തം കെട്ടവനാ....." അച്ചൻ കപ്യാരോടു പറഞ്ഞു. കളീലിന്റെ  ഓരത്തുള്ള തന്റെ മുറിയിൽ തളർന്നുകിടന്ന മത്തച്ചന്റെയരികിൽ ആത്മാവിൽ അഗ്നിയുമായി ശോശക്കുട്ടിയും ഇരുന്നു. ഇതിനകം നേർച്ചകളും പ്രാർത്ഥനകളും എത്ര നടത്തിയെന്ന് അവൾ ക്കുതന്നെ നിശ്ചയമില്ലായിരുന്നു.

ഒന്നവൾക്കുറപ്പായിരുന്നു. മത്തച്ചന് എന്തെങ്കിലും സംഭവിച്ചെങ്കിൽ ഉഗ്രൻകുന്നിലെ സെമിത്തേരിയിൽ രണ്ടുകുഴിമാടങ്ങൾ വേണ്ടിവന്നേനെ.

വിശ്രമം കഴിഞ്ഞു കോളേജിലെത്തിയ മത്തച്ചനെ മാലയണിയിച്ചു സ്വീകരിക്കാൻ കൂട്ടുകാരും പാർട്ടിക്കാരും ഒരുങ്ങി നിന്നതാണ്. അവൻ വഴങ്ങിയില്ല.

"എന്റെ സമരം വിജയിച്ചില്ലല്ലോ. അപ്പോൾ ആഘോഷത്തിന് എന്തു പ്രസക്തി......?"

അവൻ ആജ്ഞാപിക്കാൻ പഠിച്ചുകഴിഞ്ഞിരുന്നു.

സമരം പരാജയപ്പെട്ടെങ്കിലും നല്ലൊരു വിഭാഗം വിദ്യാർഥീ - വിദ്യാർത്ഥിനികളുടെ മനസ്സിൽ മത്തച്ചൻ ഒരു തിരയിളക്കം നടത്തിയിരുന്നു. പക്ഷേ അതിലും വലിയൊരു വിപ്ലവം താൻ സാധിച്ചെടുത്തത്അവൻ പോലുമറിഞ്ഞില്ല.

"അച്ചനെ ഘൊരാവോ ചെയ്തതു അറിഞ്ഞപ്പോഴാണോ കൊച്ചൻ സമരം നിറുത്തിയത്....?" അരമനയിൽ ചെന്ന പ്രിൻസിപ്പലച്ചനോട് അതി സൗമ്യനായി മെത്രാച്ചൻ ആരാഞ്ഞു.

"അതെ തിരുമേനി....... കുട്ടികൾ പഠിപ്പു മുടക്കിയതും ഒരു കാരണമാണ്. അവൻ അതിനെതിരാ. ഇത്ര വിവരമുള്ള ഒരു കുട്ടി എന്റെ ദൃഷ്ടിയിൽ ഇതുവരെ വന്നു പെട്ടിട്ടില്ല......."

അവന്റെ നോട്ടീസിൽ പറഞ്ഞ ഡിമാന്റുകൾ ഒന്നും വിടാതെ എല്ലാം അനുവദിച്ചേക്കാൻ തിരുമേനി അച്ചനോടു കല്പിച്ചു. പണം പ്രശ്നമാക്കേണ്ടെന്നും പറഞ്ഞു.

അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും യോഗം വിളിച്ചു പ്രിൻസിപ്പലച്ചൻ ഉടനെ വിവരം ധരിപ്പിച്ചു.

"നിന്റെ സൂര്യൻ അസ്തമിക്കില്ല. നിന്റെ ചന്ദ്രൻ ഇരുണ്ടുപോകയുമില്ല". ആരോ തന്റെ കാതിൽ മന്ത്രിക്കുന്നതായി മത്തച്ചനു തോന്നി.

കൂട്ടുകാരെല്ലാം കൂടി മത്തച്ചനെ പൊക്കിയെടുത്തു. ചുവന്നതും വെളുത്തതുമായ നിരവധി മാലകൾ അവന്റെ കഴുത്തിൽ വീണു. അവസാനത്തെ പിരീഡിനു ശേഷം ആൺകുട്ടികളും പെൺകുട്ടികളും ഒറ്റക്കെട്ടായി പട്ടണത്തിലൂടെ ജാഥാ നടത്തി. നേതാവിന് കീജേ വിളിച്ചവരിൽ എല്ലാ പാർട്ടിയിലുംപെട്ട കുട്ടികളുണ്ടായിരുന്നു. അവർ കുറച്ചു നേരത്തേക്കു തങ്ങളെത്തന്നെ മറന്നുപോയി. തങ്ങളെത്തന്നെ അറിഞ്ഞുപോയി.

കഴുത്തിൽ അനവധി മാലകളുമായി നൂറുകണക്കിന് കൂട്ടുകാരുടെ അകമ്പടിയോടെ താൻ പട്ടണത്തിലൂടെ നടന്ന രംഗം കാണാൻ ശോശക്കുട്ടിയും ഗോപിസാറും രേവതി ടീച്ചറും ഉണ്ടായില്ലല്ലോ എന്നതിലായിരുന്നു മത്തച്ചനു ദുഃഖം. ജീവിതത്തിൽ ഒരിക്കലും അവൻ അത്രയും സന്തോഷിച്ചിട്ടില്ല. പിന്നീട് മഹാ ഭൂരിപക്ഷത്തിൽ ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ടപ്പോൾപോലും.

 

………………………………………………………………………………………………….

No comments:

Post a Comment