ഉഗ്രൻ കുന്നിന്റെ
പുരാവൃത്തം (നോവൽ )
By ഡോ.
ഏബ്രഹാം കരിക്കം
അദ്ധ്യായം പതിനെട്ട്
അപരിചിത ദിശകളിലൂടെ
പകൽ കത്തി നിന്നു. അതുപോലെ തീവണ്ടിയുടെ എഞ്ചിനും. അപരിചിതമായ ദിശകളിലൂടെ വണ്ടി കുതിച്ചോടി. വിസ്തൃതമായ നെൽപ്പാടങ്ങൾ. കോണകം മാത്രമുടുത്തു പണിയെടുക്കുന്ന മനുഷ്യക്കോലങ്ങൾ ശോശക്കുട്ടിയെ സ്തബ്ധയാക്കി. സ്വന്തം ദുഃഖങ്ങൾ മറക്കാൻ അവൾ പഠിക്കുകയായിരുന്നു. ജീവിതമെന്ന മഹാകാവ്യത്തിന്റെ ഈരടികൾ അവളുടെ മനസ്സിൽ പുത്തൻ പ്രതിധ്വനികളുയർത്തി .
അടുത്തിരുന്ന ഒരു കുട്ടി റെയിൽവേ ടൈം ടേബിൾ വച്ച് പ്രധാനപ്പെട്ട ഓരോ സ്റ്റേഷനുമിടയ്ക്കുള്ള ദൂരവും സ്ഥലങ്ങളുമൊക്കെ അടയാളപ്പെടുത്തുന്നത് അവൾ ശ്രദ്ധിച്ചു. അത് വാങ്ങി നോക്കിയിട്ടു ചില കണക്കുകൾ അവളും കുറിച്ചിട്ടു.
പകൽ മുഴുവൻ അച്ചൻ കൂർക്കം വലിച്ചുറങ്ങുകയായിരുന്നു. ഇടയ്ക്കിടെ കുട്ടാപ്പി വന്നു ക്ഷേമാന്വേഷണം നടത്തി. പാലും പഴവും ഇഷ്ടംപോലെ കൊണ്ടുവന്നു. തന്റെ കമ്പാർട്ടുമെന്റിലേക്കു പോരുന്നോ എന്നും തിരക്കി. ശോശക്കുട്ടി കണ്ണടച്ച് കാണിച്ച് അവനെ മടക്കി.
രാത്രിയായപ്പോൾ അച്ചന് പിന്നെയും തുള്ളൽപനി പിടിച്ചു. തുടക്കീഴിൽ കയ്യിട്ടു കിടന്നിട്ടും, ബർത്തു മാറിക്കിടന്നു നോക്കിയിട്ടും ഉറങ്ങാനാവുന്നില്ല. ശോശക്കുട്ടിയുടെ തെറിച്ച നെഞ്ചും തുടിക്കുന്ന കവിളുകളും അച്ചനെ അസ്വസ്ഥനാക്കി അവളാണെങ്കിൽ കിടക്കുന്നതുമില്ല. ഏതോ മാസിക വായിച്ച് രസിച്ചങ്ങനെ ഇരിക്കുന്നു.
രാവേറെ ചെന്നപ്പോൾ സഹയാത്രികരെല്ലാം ഉറങ്ങിയപ്പോൾ അച്ചൻ എഴുനേറ്റ്ശോശക്കുട്ടിയുടെ അടുത്ത് ചെന്നിരുന്നു. മനം നൊന്തു കഴിയുന്ന പാവത്തിനെ ആശ്വസിപ്പിക്കാൻ. കൈ തോളിലൂടെ ഇടാൻ തുടങ്ങിയപ്പോൾ അവൾ ചാടിയെഴുന്നേറ്റ് വാതുക്കൽ പോയി നിന്നു. വാതിൽ തുറന്നു പിടിച്ചുകൊണ്ട്. ആ നിൽപ്പ് കണ്ടു അച്ചൻ ഭയന്നുപോയി. അവളുടെ കണ്ണിൽ നിന്ന് നീർത്തുള്ളികൾ ഒഴുകുന്നു.
പെണ്ണ് ചാടിക്കളഞ്ഞാലോ.....ആരെയൊക്കെയോ ശപിച്ചുകൊണ്ട് അച്ചൻ കമിഴ്ന്നു കിടന്നുറങ്ങാൻ
തുടങ്ങി. ചൂളം വിളി അനേകം
നാഴികകൾ അകലെ കേൾക്കുന്നതായി തോന്നി
തണുത്ത് വിറച്ചു വാതിലിനരികെ ശോശക്കുട്ടി ഏറെ നേരം നിന്നു. ബാഗും നെഞ്ചിലമർത്തിപ്പിടിച്ചുകൊണ്ട്. രാത്രി പന്ത്രണ്ടു മണിയായിക്കാനും ലക്നൗ സ്റ്റേഷനിൽ വണ്ടി നിന്ന നേരം അവൾ ചാടിയിറങ്ങി. പിന്നെ എങ്ങോട്ടെന്നറിയാതെ ഓടി.
ആരെയോ തട്ടി താഴെ വീണ അവളെ ഒരു പോലീസുകാരൻ പിടിച്ചെഴുനേൽപ്പിച്ചു.
" ക്യാഹെ...........ബഹൻ.........?"
"പ്ലാറ്റഫോം വൺ.......ഏക് .........." വിക്കിവിക്കി അവൾ ചോദിച്ചു.
അയാൾ ചൂണ്ടിക്കാണിച്ച ദിക്കിലേക്ക് എയ്തുവിട്ട ശരം കണക്കെ അവൾ പാഞ്ഞു. ദൽഹി വണ്ടി ചൂളം വിളിച്ചു കൊണ്ട് അതി വേഗം നീങ്ങുന്നതു കണ്ടപ്പോൾ ഒന്ന് നിശ്വസിച്ചു.
ഒന്നാം നമ്പർ പ്ലാറ്റഫോമിലുടെ കുറെ നേരം അവൾ അങ്ങോട്ടുമിങ്ങോട്ടും ഓടി. വിശ്രമമുറികളൊന്നും അവൾ കണ്ടില്ല. തളർന്നു വീഴും എന്നായപ്പോൾ രണ്ടു കരങ്ങൾ ശക്തിയായി തന്റെ മേൽ വീഴുന്നത് അവളറിഞ്ഞു . അവയുടെ ഗന്ധം അവളെയുന്മത്തയാക്കി താനും തന്റെ ചെറുക്കനും ഉഗ്രൻകുന്നിൽ തന്റെ മുല്ലയുടെ ചോട്ടിലാണെന്നു ഒരു നിമിഷം അവൾ ചിന്തിച്ചുപോയി. പിന്നെ അവൾ വിങ്ങിപ്പൊട്ടി. അവളുടെ പ്രാണന്റെ പിടച്ചിൽ മാറ്റാൻ മത്തച്ചന്റെ നെഞ്ചിലെ ചൂടിനും കഴിഞ്ഞില്ല.
പാർട്ടി സുഹൃത്തുക്കൾ മത്തച്ചനെയും ശോശക്കുട്ടിയെയും കാറിൽ ഹോട്ടലിൽ എത്തിച്ചിട്ട് യാത്ര ചോദിച്ചു പോയി. വിശാലമായ ഒരു മുറിയും അതിലെ ഫോം മെത്തയിൽ വിരിച്ച വിരിയുടെ തിളക്കവും കണ്ടു ശോശക്കുട്ടി പകച്ചുപോയി.
മത്തച്ചൻ അവളെ കോരിയെടുത്തു ഫോം മെത്തയിലേക്കെറിഞ്ഞില്ല. മെത്തയുടെ ഒരു കോണിൽ കുമ്പിട്ടിരുന്ന പെണ്ണിന്റെ തലയിലിരുന്ന സ്ലൈഡിൽ അവന്റെ കൈ ഉടക്കി. അതൊരു ചിത്രശലഭത്തിന്റെ സ്ലൈഡയിരുന്നു
ഉദ്ദോഗത്തിന്റെ തിരകൾ അടങ്ങിയപ്പോൾ ശോശക്കുട്ടി കുളിച്ചുന്മേഷവതിയായി. മത്തച്ചന്റെ പരിഭവം മാറ്റാൻ ഭക്ഷണം കഴിച്ചെന്നും വരുത്തി. പിന്നെ തിളങ്ങുന്ന ഷീറ്റൊരെണ്ണം എടുത്തു തറയിൽ വിരിച്ചു ഒരു തലയിണയും സ്വന്തമാക്കി അവൾ കിടന്നു. മാത്തച്ചൻ ചിരിക്കുന്നത് പെണ്ണ് ഒളികണ്ണിട്ടു നോക്കി. കണ്ണുകൾ ഇറുക്കിയടച്ചങ്ങു കിടന്നു.
എരിഞ്ഞടങ്ങുക എന്ന നിയോഗത്താൽ എഞ്ചിൻ പിന്നെയും ഏറെ തീ തുപ്പി. ഏതോ യാമത്തിൽ എങ്ങോ ഒരു സ്റ്റേഷനിൽ വണ്ടി കിതച്ചു നിന്നപ്പോൾ ഇലവുംമൂടച്ചൻ ഞെട്ടിയുണർന്നു. അറിയാതെ ഒരു നിലവിളി വന്നു തൊണ്ടയിൽ കുടുങ്ങിപ്പോയി. ബർത്തിൽ നോക്കി. വാതിൽക്കൽ നോക്കി കക്കൂസിലെല്ലാം തിരഞ്ഞു. കക്കൂസിലിരുന്ന ഒരു സ്ത്രീയെ തട്ടിവിളിച്ചതിനു ഓരാട്ടും കിട്ടി. പക്ഷെ അവളെ മാത്രം കണ്ടില്ല.
വാലിൽ തീയുമായി ഹനുമാൻ എത്തി. വിയർത്തു വിഷണ്ണനായിരിക്കുന്ന അച്ചനെ കണ്ടു കുട്ടാപ്പിയും അന്തിച്ചു.
" എവിടെ അവൾ.......?"
അവൻ ഗർജ്ജിച്ചു.
"കാണുന്നില്ലെടാ കുട്ടാപ്പീ............" അതൊരു ദീനരോദനമായിരുന്നു.
കുട്ടാപ്പിയുടെ തല നടുവേ കീറിപ്പോയി. രോമങ്ങൾ കത്തി. ഒന്നും രണ്ടും ഒരുമിച്ചു കഴിക്കണമെന്നായി.
ബോധം നേരെയായപ്പോൾ അവൻ അച്ചന്റെ കുപ്പായത്തിൽ പിടിച്ച് ഒരു മൂലയ്ക്ക് കൊണ്ട് നിർത്തിയിട്ടു പറഞ്ഞു.
ഒരുമാതിരി മറ്റേ ഇടപാട് കാണിക്കരുത് എവിടെടോ ........ശോശക്കുട്ടി ..........? "
" കാണുന്നില്ലെടാ കുട്ടാപ്പീ ..............." അച്ചൻ ദയനീയ ഭാവത്തിൽ പിന്നെയും അവനെ നോക്കി.
" അവിടുന്ന് തിരിച്ചപ്പോഴേ എനിക്ക് തോന്നിയതാ താൻ എന്നെ കുപ്പീലിറക്കുമെന്ന്. കളിക്കാതെ കാര്യം പറയെടോ ഇലവുംമൂടാ.............താനവളെ ബലാൽസംഗം ചെയ്തു കൊന്നോ ? കുഴിച്ചു മൂടിയോ? അതോ തന്റെ ജർമ്മനിയിലെ ദല്ലാളന്മാർക്കു വിറ്റോ? സത്യം പറഞ്ഞില്ലെങ്കിൽ തട്ടിക്കളയും ഞാൻ. ........." കുട്ടാപ്പിയുടെ പിടി ഇപ്പോൾ കുപ്പായത്തിലായിരുന്നില്ല.
" നീ വിടെടാ കുട്ടാപ്പീ.........ഞാനൊന്ന് കക്കൂസിൽ പോയി വന്നിട്ട് എല്ലാം പറയാം............" പുറത്തേക്കു തള്ളിയ കണ്ണുകളുമായി അച്ചൻ കെഞ്ചി .
അച്ചനെ കക്കൂസിലാക്കി കുട്ടാപ്പി കാവൽ നിന്നു. താഴേക്കുള്ള കുഴി വിശാലമാക്കാൻ വല്ല പഴുതുമുണ്ടോ എന്നാലോചിക്കുകയായിരുന്നു അച്ചനപ്പോൾ. എവിടെയെങ്കിലും ചതഞ്ഞരഞ്ഞ് തീർന്നാലും കുഴപ്പമില്ലെന്ന് തോന്നിയതും ആ സമയത്താണ്.
മണിക്കൂറൊന്നു കഴിഞ്ഞപ്പോൾ കുട്ടാപ്പി വാതിൽ തൊഴിച്ചു തുറന്നു. അപ്പോഴും അച്ചൻ കുപ്പായം പൊക്കി ത്തന്നെ ഇരിക്കുകയായിരുന്നു. അരിശം മൂത്ത കുട്ടാപ്പി അച്ചനെ വലിച്ചു പുറത്തിട്ടു. കക്കൂസിലും പുറത്തുമായി അച്ചൻ മണിക്കൂറുകൾ തള്ളിയതല്ലാതെ ഒന്നും പറഞ്ഞില്ല. വണ്ടിയുടെ ഓരോ മൂലയും കുട്ടാപ്പി അരിച്ചു പെറുക്കി.
ഡൽഹിയിലെ പ്ലാറ്റ്ഫോമിൽ ഇറങ്ങിയപ്പോഴും അടുത്ത കക്കൂസ് എവിടെ എന്നന്വേഷിക്കുകയായിരുന്നു അച്ചൻ. പുറത്തു വന്നപ്പോൾ കിട്ടിയ പത്രങ്ങൾ എല്ലാം വാങ്ങി അച്ചൻ തപ്പി - ഏതെങ്കിലും പെൺകുട്ടിയുടെ മൃതശരീരം എവിടെയെങ്കിലും വീണിട്ടുണ്ടോ എന്നറിയാൻ.
ഒരു ദിവസം മുഴുവൻ തല പുകച്ചിട്ടും അച്ചനൊരു തുമ്പും കിട്ടിയില്ല. കുട്ടാപ്പി എന്തൊക്കെയോ വെറുതെ പുലമ്പിക്കൊണ്ടിരുന്നു.
" പോലീസിൽ പരാതിപ്പെട്ടാലോ......." ഏറെ നേരത്തെ ധ്യാനത്തിന് ശേഷം കുട്ടാപ്പി ചോദിച്ചു. " നമ്മളെ രണ്ടിനേം ആദ്യം അവന്മാര് അകത്താക്കും ........" അച്ചൻ പറഞ്ഞപ്പോൾ കുട്ടാപ്പി മേല്പോട്ടു ചാടി. ഇറങ്ങാൻ നേരത്ത് ബസ്‌ക്കിയാമ്മ പറഞ്ഞ വാചകം അച്ചന്റെ മനസ്സിൽ കിടന്നു കത്തുന്നുണ്ടായിരുന്നു.
കേരളത്തിലെ പത്രങ്ങളിൽ വരാനിടയുള്ള വർത്തകളെക്കുറിച്ചാലോചിച്ചപ്പോൾ ഇലവുംമൂടച്ചന്റെ മസ്തകം പിളർന്നു.
" യുവതിയുടെ ശരീരം റെയിൽ പാലത്തിൽ..........വൈദികൻ അറസ്റ്റിൽ"
മത്തച്ചന്റെയും കൂട്ടുകാരുടെയും ചവിട്ടേറ്റു പിടയുന്ന രംഗമായിരുന്നു കുട്ടാപ്പിയുടെ മനസ്സിൽ.
" അവന്റെ മുമ്പിൽ ചെന്ന് ചാടുന്നതിലും നല്ലതു ആത്മഹത്യയാ ......."അവൻ പറഞ്ഞത് കേട്ടപ്പോൾ അച്ചനും തല കുനിച്ചു.
" ഈ രക്തത്തിൽ എനിക്ക് പങ്കില്ല. ഞാനിനി നാട്ടിലെക്കുമില്ല " അച്ചന്റെ ബാഗിൽ ബാക്കിയുണ്ടായിരുന്ന രൂപയും തട്ടിപ്പറിച്ചുകൊണ്ടു ഡൽഹിയുടെ നിരത്തിലൂടെ കുട്ടാപ്പി ഓടി.
ഏതോ പേ പിടിച്ച ഒരു കുത്താ ഓടുന്നതായിട്ടേ നാട്ടുകാർക്ക് തോന്നിയുള്ളൂ .
കാൽവരിയിലെ കർത്താവിനെ വിളിച്ച് അച്ചൻ മുട്ടിപ്പായി പ്രാർത്ഥിച്ചു. ഇതുപോലുള്ള പ്രതിസന്ധികളിൽ തുണയായില്ലെങ്കിൽ പിന്നെ എന്തിനാണു ദൈവം ? എത്രനാളായി താൻ കാസായും പീലാസയും ചുമക്കുന്നു. ചാകാൻ കിടക്കുന്നവന് വേണ്ടി പ്രാർത്ഥിച്ചും ചത്തവരെ കുഴിച്ചിട്ടും നടക്കുന്നു. ?
ഒന്നുരണ്ടു ദിവസം കുടി അച്ചൻ ഡൽഹി റെയിൽവേ സ്റ്റേഷനിൽ കാത്തിരുന്നു. നീല ഹാഫ്സാരിയും ചുറ്റി ഏതെങ്കിലുമൊരു പെൺകുട്ടി വരുന്നുണ്ടോ എന്നറിയാൻ...... ചുവന്ന ചിത്രശലഭത്തിന്റെ സ്ലൈഡും വച്ച് ബാഗും നെഞ്ചത്തടുക്കിപ്പിടിച്ചു കൊതിപ്പിക്കുന്നൊരു സ്ത്രീരൂപം.
അതോടൊപ്പം ഡൽഹിയിലിറങ്ങിയ എല്ലാ പത്രങ്ങളുടെയും താളുകൾ അരിച്ചുപെറുക്കി പരിശോധിക്കുകയും ചെയ്തു. ഒരു ഫോട്ടോയ്ക്ക് വേണ്ടി. ഒരു വാർത്തയ്ക്കു വേണ്ടി.
" ഇറങ്ങിയപ്പോഴേ വീട്ടിലിരുന്ന മൂധേവി ശപിച്ചല്ല്യോ വിട്ടത്......?"
കൊച്ചമ്മയുടെ കാര്യമോർത്തപ്പോൾ അച്ചന് കോപം മൂലം കണ്ണുകാണാതായി.
ഇരുമ്പഴിയിലെ കൊഴുക്കട്ട തിന്നു കഴിഞ്ഞാലും വേണ്ടില്ല. ഡൽഹിയിലെ തണുപ്പിൽ മരവിച്ചു ചാകാൻ കഴിയത്തില്ല.
ഏതോ ഒരച്ചന്റെ കയ്യിൽ നിന്നു കാശും കടം വാങ്ങി ടിക്കറ്റെടുത്ത് ഇലവുംമൂടച്ചെൻ നാട്ടിലേക്കുള്ള വണ്ടിയിൽ കയറി.
No comments:
Post a Comment