Monday, 14 March 2022

 

ഉഗ്രൻ കുന്നിന്റെ പുരാവൃത്തം (നോവൽ )

By  ഡോ. ഏബ്രഹാം കരിക്കം

 

അദ്ധ്യായം പതിനഞ്ച്

കഠാര രാഷ്ട്രീയത്തിന്റെ ബലിവേദികൾ

 

"തിരുമേനിമാർക്കു മൂക്കുകയറിടും....."

.കെ. ആന്റണി.

മനോരമ പത്രത്തിലെ വലിയ തലക്കെട്ടിലൂടെ മത്തച്ചൻ പലവട്ടം കണ്ണുകളോടിച്ചു.

വിദ്യാഭ്യാസമേഖലയിലെ സ്വകാര്യവൽക്കരണം അവസാനിപ്പിക്കാൻ .കെ ആന്റണിയെന്ന യുവതുർക്കി മുന്നിൽ നിന്നു സമരം നയിക്കുന്ന കാലം. എല്ലാം പൊതുമേഖലയ്ക്ക് എന്ന സോഷ്യലിസ്റ് തത്വശാസ്ത്രം ഇന്ദിരാഗാന്ധിയുടെ കോൺഗ്രസും ഏതാണ്ടംഗീകരിച്ച മട്ടായിരുന്നു. പതിനാലു വൻകിട സ്വകാര്യ ബാങ്കുകൾ ദേശസാൽക്കരിക്കാനുള്ള തത്രപ്പാടിലായിരുന്നു അവർ. സോവിയറ്റ് സ്വാധീനം അത്രകണ്ടു ശക്തമായിരുന്നു.

പിരിച്ചു വിടലിനെതിരെ കേരളത്തിൽ ആദ്യമായി സമരം തുടങ്ങിയ കാലം. അദ്ധ്യാപകർക്കു വിദ്യർത്ഥികൾ ഒറ്റക്കെട്ടായി പിന്തുണ നൽകി.

ചില മാനേജ്മെന്റുകളുടെ കിരാത നയങ്ങൾ കേരളീയർക്കെന്നും അപമാനമായിരുന്നു. വനിതാദ്ധ്യാപികമാർ വിവാഹം കഴിച്ചാൽ പിരിഞ്ഞുപോകണം. ഭാര്യക്കും ഭർത്താവിനും ഒരേ കോളേജിൽ ജോലി പാടില്ല. എല്ലാ വർഷവും മാർച്ചു മുപ്പത്തിയൊന്നിന് പിരിഞ്ഞുപോകണം. ജോലി വേണമെങ്കിൽ വൻതുക കോഴ കൊടുക്കണം. അഡ്മിഷൻ വേണ്ടവർ പണം നൽകണം.

അതാണ് ആന്റണി പറയുന്നത്. " തിരുമേനിമാർക്ക്മൂക്കുകയറിടും" എന്ന്. ആന്റണിക്ക് തണലായി ഉമ്മൻചാണ്ടി, വയലാർ രവി, എം.എം. ഹസ്സൻ തുടങ്ങിയവർ. ബസ്സുകൾ ഒരുപാടു കത്തി. പൊതുമുതൽ ഏറെ നശിച്ചു. സമരമുറ കണ്ട് മത്തച്ചൻ തപിച്ചു.

അദ്ധ്യാപകരും സമരക്കാരും വിജയിച്ചു. കേരളത്തിന്റെ ഭാവി, കാലം തെളിയിക്കും.

ശോശക്കുട്ടി കാമ്പസ്സിൽ പൂമ്പാറ്റയെപ്പോലെ പാറി നടന്നില്ല. നിറക്കൂട്ടുകളിൽ മതിമറന്നതുമില്ല. ലാബിന്റെ കോണിലും ലൈബ്രറിയുടെ മൂലയിലും നിന്നവൾ യുവനേതാവിന്റെ ചുവടുവയ്പ്പുകൾ നോക്കിക്കണ്ടു തൃപ്തിയടഞ്ഞു. അദ്ദേഹം വളരട്ടെ. ഞാൻ ആനന്ദിക്കാം. അതായിരുന്നു വിചാരം.

ജില്ല വിട്ട് സംസ്ഥാനം കടന്ന് മത്തച്ചനെന്ന നേതാവ് വളരുകയായിരുന്നു.

തീ വച്ചു നശിപ്പിച്ച ഷെഡിന്റെ സ്ഥാനത്തു മറ്റൊന്നു പണിയാൻ വിദ്യാർത്ഥികൾ തന്നെ മുന്നിട്ടിറങ്ങി. ലോട്ടറി നടത്തിയും കൂപ്പൺ വിറ്റും അവർ പണം സ്വരൂപിച്ചു. മത്തച്ചന്റെ നേതൃത്വം പ്രിൻസിപ്പലച്ചനെ കൃതാർഥനാക്കി.

കോളേജിനു തീപിടിച്ചത് എങ്ങനെയാണെന്ന് ആരുമറിഞ്ഞില്ല. ആരുമൊട്ടന്വേഷിച്ചതുമില്ല. തനിക്കു കിട്ടിയ ഗുരുദക്ഷിണയായി തിരുമേനി അതു സ്വീകരിച്ചതിനാൽ അദ്ധ്യായം എന്നേക്കുമായി അടഞ്ഞു.

സാമ്പത്തിക നഷ്ടം അത്ര വലുതായിരുന്നില്ലെങ്കിലും അതു തിരുമനസ്സിന്റെ മനസ്സിനേൽപ്പിച്ച ആഘാതം അതികഠിനമായിരുന്നു. കുട്ടികൾ സ്വന്തം അമ്മയെ തീ വയ്ക്കുകയല്ലായിരുന്നോ? ഒരു തലമുറയുടെ ശാപമായി അതു നീറിപ്പിടിക്കില്ലേ?

അതൊന്നും രാഷ്ട്രീയത്തിലെ മല്ലന്മാർക്കു പ്രശ്നമല്ലായിരുന്നു. അടുത്ത യൂണിയൻ തെരഞ്ഞെടുപ്പിൽ തങ്ങൾ തോറ്റു തുന്നം  പാടാതിരിക്കണമെങ്കിൽ മത്തച്ചനെന്ന കുട്ടിസിംഹത്തെ ബുദ്ധികൊണ്ട് നേരിടണമെന്ന് പാർട്ടിനേതാക്കൾ അണികളെ പഠിപ്പിച്ചു.

ക്ലസ്സിലും കളത്തിലും സകലരും തിമിർത്താടി. വേദികളിൽ ഉറഞ്ഞുതുള്ളി. സമരങ്ങൾ ഉപേക്ഷിച്ചു നേതാക്കൾ നല്ലവരായി. വഴക്കും വക്കാണവും കളഞ്ഞു തോളോടുതോൾ ചേരാമെന്നായി. എന്നും പഠനം എന്നുവന്നപ്പോൾ അദ്ധ്യാപകർ വിയർക്കാൻ തുടങ്ങിയെന്നു മാത്രം.

സമരങ്ങൾ  കുറഞ്ഞപ്പോൾ കോളേജിനു ചുറ്റും തഴച്ച ട്യൂട്ടോറിയലുകൾ നിലയ്ക്കുമെന്നായി. നേതാക്കളെ പാട്ടിലാക്കാൻ കഴിയില്ലെന്നു വന്നപ്പോൾ ട്യൂഷൻ ശക്തമാക്കാൻ അവർ വിദഗ്ധവഴികൾ തേടി.

പത്മനാഭന്റെ ഖജാനാവിൽ നിന്ന് പൊൻപണം കയ്യിലെത്തിയപ്പോൾ ആന്റണിക്കു നന്ദി പറഞ്ഞുകൊണ്ട് അദ്ധ്യാപകർ അടിച്ചുപൊളിച്ചു. വിദ്യഭ്യാസം ബിസിനസ്സാക്കിയ മാനേജ്മെന്റുകളെ വരിഞ്ഞുകെട്ടി കൊച്ചുകൊച്ചു ബിസിനസ്സുകളിലേക്കു തിരിയാൻ തങ്ങൾക്കു ലഭിച്ച സ്വാതന്ത്ര്യം അവർ ശരിക്കും ആസ്വദിക്കുന്നുണ്ടായിരുന്നു.

അടുത്ത യൂണിയൻ തെരഞ്ഞെടുപ്പിൽ മത്തച്ചൻ നയിച്ച സോഷ്യലിസ്റ്റ് പാനൽ എല്ലാ സീറ്റും നേടിയപ്പോൾ കൗൺസിലറായി യൂണിവേഴ്സിറ്റി ഭരിക്കാൻ അവനെ അങ്ങനെയങ്ങു വിടേണ്ടന്നു എതിർപാർട്ടിക്കാർ തീരുമാനിച്ചു. സെനറ്റിൽ വിദ്യാർത്ഥി പ്രതിനിധി കയറാൻ തുടങ്ങുന്ന കാലമാണ്. നാളെ വൈസ് ചാൻസലറെ നിയമിക്കുന്നത് വിദ്യാർത്ഥി ആയിക്കൂടെന്നില്ല. ഇവനെ തെളിച്ചു വിട്ടാൽ പിന്നെ തങ്ങൾ ഇരുട്ടിലല്ലേ എന്നവർ ചിന്തിച്ചുപോയി.

കഴുത്തിൽ പൂമാലകളുമായി കോളേജ് യൂണിയൻ ഭാരവാഹികൾ പട്ടണത്തിലേക്കു നീങ്ങി. വിജയം ആഘോഷിക്കാൻ. ജാഥ നാൽകവലയിലെത്തിയപ്പോൾ ഇടിക്കട്ടയും ഠാരയുമായി  മറഞ്ഞുനിന്ന ഗുണ്ടകൾ ചാടിവീണു. അറിഞ്ഞുകേട്ടു പാർട്ടിസേനാനികൾ ഓടിക്കൂടിയപ്പോഴേക്കും രക്തവും ഒലിപ്പിച്ചു പലരും നടുറോഡിൽ വീണുകഴിഞ്ഞിരുന്നു.

പട്ടാപകൽ പട്ടണമദ്ധ്യത്തിൽ നടന്ന കിരാത  യുദ്ധം കണ്ടുനിന്ന ഒരു സ്വാതന്ത്ര്യ സമര സേനാനി ഹൃദയസ്തഭനംമൂലം അപ്പോൾത്തന്നെ താഴെ വീണു. കമുകറ പാടിയ ആത്മവിദ്യാലയമേ ....... എന്ന പാട്ട് ഒരു ലോട്ടറിക്കാരന്റെ സൈക്കിളിൽ നിന്നൊഴുകിയതു ശ്രവിച്ചുകൊണ്ട് അദ്ദേഹം കണ്ണടച്ചു. ഉപ്പുസത്യാഗ്രഹത്തിനു കേളപ്പജിയോടൊപ്പം കടൽപ്പുറത്തു നിൽക്കുന്ന ഒരു ഫോട്ടോ അദ്ദേഹത്തിന്റെ പോക്കറ്റിലുണ്ടായിരുന്നതായി പത്രങ്ങൾ സ്ഥിരീകരിച്ചു.

ആംബുലൻസുകൾ ജില്ലാ ആശുപത്രിയിലേക്കും മെഡിക്കൽ കോളേജിലേക്കും പാഞ്ഞു. അടിവയറ്റിൽ മാരകമായി മുറിവേറ്റ മത്തച്ചൻ മെഡിക്കൽ കോളേജിലെ ഓപ്പറേഷൻ തീയറ്ററിൽ ബോധമറ്റു കിടന്നു. രക്തം നല്കാൻ സ്നേഹിതരുടെ വലിയൊരു സംഘം ടെസ്റ്റു കഴിഞ്ഞു കാത്തുനിൽപ്പായി.

ഉഗ്രൻകുന്നിലെ അടുപ്പുകൾ പുകയാതിരുന്ന മറ്റൊരു രാത്രി. ഓർമ്മവച്ച നാൾ മുതൽ കല്ലും മുള്ളും നിറഞ്ഞ ഇടവഴികൾ വെട്ടി റോഡാക്കാനും  പാവങ്ങളുടെ പുര മേയാനും നടന്ന മത്തച്ചനല്ലേ തകർന്നു കിടക്കുന്നത്?. ഓരോ വീട്ടിലെയും അടുക്കളത്തോട്ടത്തിൽ തക്കാളിയും വഴുതനയും കിളിർക്കുന്നതു കാണാൻ ഓടിയെത്തിയവൻ. നാടകസ്റ്റേജുകളിൽ അവൻ അണിയാത്ത വേഷങ്ങളുണ്ടായിരുന്നോ? അവനില്ലാത്ത പൊതുസമ്മേളനങ്ങൾ ഉണ്ടായിരുന്നോ എവിടെയെങ്കിലും മത്തച്ചന് എന്തെങ്കിലും സംഭവിച്ചാൽ.....!.

"ഞങ്ങളുടെ കൊച്ചിനെ കൊല്ലാൻ ശ്രമിച്ചവന്റെയൊക്കെ തലയിൽ ഇടിത്തീ വീഴ്ത്തണെ....... ദൈവമേ......"

"ഇവന്റെയൊക്കെ സന്തതിപരമ്പരകൾകൂടി ഗതിപിടിക്കത്തില്ല ......."

അമ്മമാർ വിലപിച്ചുകൊണ്ടിരുന്നു. "ബ്രിട്ടീഷുകാർ പോയത് എന്തൊരബദ്ധമായിപ്പോയി......" ഒരു വയസ്സൻ അങ്ങനെയാണ് പ്രതികരിച്ചത്.

"ഇതിങ്ങനെ വരത്തൊള്ളൂ എന്നെനിക്കു പണ്ടേ അറിയാമായിരുന്നെടോ.... നീ കുരിശും കുന്തിരിക്കവും ഒക്കെ റെഡിയാക്കി വച്ചോ ....."

ഇലവുംമൂടച്ചൻ കപ്യാരോട് കാര്യമായിപറഞ്ഞു.

"ഇതിയാനെന്താ പ്രാന്തുപിടിച്ചോ....? ഒരു കൊച്ചു കുത്തുകൊണ്ട് ആശുപത്രീ കെടക്കുമ്പം പറയുന്ന വർത്തമാനം കേട്ടില്ലിയോ......" കൊച്ചമ്മ കൊമ്പുകോർത്തു

"അതേടീ........ ഭ്രാന്താ...... നിന്നെ കെട്ടിപോയതു കൊണ്ടുള്ള ഭ്രാന്ത് ..... ഒരു നല്ല കാര്യം പറഞ്ഞപ്പം അവളുടെ കൂത്ത് കണ്ടില്ല്യോ......."

അച്ചൻ വിടുന്ന മട്ടില്ല.

"നോക്ക് എന്റെ വിധം മാറിയാൽ അച്ചനാ കപ്യാരാന്നൊന്നും ഞാൻ നോക്കത്തില്ല....... പറഞ്ഞേക്കാം ......." കൊച്ചമ്മ അടിച്ചു മോളിൽ കയറി.

" ഇയാൾക്കു പട്ടം കൊടുത്തതാരപ്പാ......?” കപ്യാർ പറഞ്ഞത് അല്പം ഉച്ചത്തിലായിപ്പോയി.

അച്ചൻ ചീറിയടുക്കും മുമ്പേ അയാൾ ഇറങ്ങിയോടി.

ഒരിക്കൽ പനംകുന്നിൽ ചാക്കോച്ചന്റെ വീട്ടിൽ കണ്ട രംഗം മലഞ്ചെരുവിൽ ജോസഫിന്റെ വീട്ടിലേക്കു മാറി എന്നേ ഉണ്ടായിരുന്നുള്ളൂ. നാട്ടുകാർ മുഴുവൻ മൂകരായി കുത്തിയിരിക്കുന്നു. കുടുംബാംഗങ്ങൾ ജീവച്ഛവങ്ങളായി. മത്തച്ചന്റെ  അമ്മയും മറിയവും ശോശക്കുട്ടിയുമൊഴികെ മറ്റാരും ഏങ്ങലടിച്ചു കരയുന്നില്ല എന്നൊരു വ്യത്യാസം മാത്രം.

ശോശക്കുട്ടിയുടെ അമ്മ കരഞ്ഞില്ല. അവരുടെ കണ്ണിൽ നനവുമില്ലായിരുന്നു.

"കൃഷിക്കാരുടെ മക്കൾ കണ്ണു തെളിയട്ടെ എന്നു കരുതി തിരുമേനി തുടങ്ങിയ കോളേജാ...... കണ്ടില്ല്യോ കണ്ണു തെളിഞ്ഞു കിടക്കുന്നെ........"

മുറ്റത്തിരുന്ന ഒരപ്പച്ചൻ ഉറക്കെപ്പറഞ്ഞു. എന്നിട്ടൊരു തേങ്ങലും. രേവതി ടീച്ചറുടെ മടിയിൽ രണ്ടു ശരീരങ്ങൾ തളർന്നു കിടന്നു. മറിയവും ശോശക്കുട്ടിയും. ഓമനക്കുട്ടൻ അരികെയിരുന്നു ഒന്നുമറിയാതെ മോണകാട്ടി ചിരിച്ചു.

മത്തച്ചന് എന്തെങ്കിലും സംഭവിച്ചാൽ സെമിത്തേരിയിൽ എത്ര കുഴികൾ വേണ്ടിവരുമെന്ന് ശങ്കിച്ചു നടുങ്ങിയത് ഗോപിസാർ മാത്രം. തന്റെ മറ്റേ കാൽകൂടി അറ്റുപോയല്ലോ എന്ന ദുഃഖത്താൽ അദ്ദേഹം എഴുന്നേൽക്കാൻ മടിച്ചു.

പാതിരാ കഴിഞ്ഞപ്പോൾ രവി എത്തി. മത്തച്ചനു കുഴപ്പമൊന്നുമില്ല. അപകടഘട്ടം മാറി എന്ന് ഡോക്ടർമാർ അറിയിച്ചിട്ടുണ്ട്.

അവൻ ശോശക്കുട്ടിയെ കാണണമെന്ന് പറഞ്ഞു ബഹളം വച്ച കാര്യം രവി പറഞ്ഞില്ല.

"ഗോപി സാറിനെയും ടീച്ചറെയും കാണണമെന്ന് അവൻ പറയുന്നു. ശോശക്കുട്ടിയും മറിയവും കൂടെപ്പൊയ്ക്കോട്ടെ....."

രവി അങ്ങനെ പറയാത്ത താമസം നാലുപേരും അവൻ വന്ന കാറിൽ കയറി. ആരും വിളിക്കാതെ ഓമനക്കുട്ടനും.

കാറിലിരുന്ന ശോശക്കുട്ടിയുടെ കാതിൽ അവൻ മന്ത്രിച്ചു.

"നിന്നെ കാണണമെന്നു പറഞ്ഞു അവൻ ചങ്കു പറിക്കുന്നു. വേഗം പൊയ്ക്കോ......."

പാതി മരിച്ചിരുന്ന അവളുടെ ആത്മാവ് ഉയിർത്തെഴുന്നേറ്റു. വിധി തന്നെ ക്രൂരമായി പരിഹസിക്കയാണെന്ന് ശോശക്കുട്ടിക്ക് ബോദ്ധ്യമായി. പക്ഷെ പതറില്ല. മത്തച്ചൻ തളർന്നു കിടക്കുന്നിടത്തോളം താൻ തകരില്ല. പെണ്ണ് അരികത്തില്ലാതെ മത്തച്ചൻ ജീവിക്കുമോ? ത്വക്കിൽ ജീവൻ തുടിക്കുന്നിടത്തോളം ഇവൾ മത്തച്ചന്റെ അടുത്തുതന്നെ ഉണ്ടാവും.

പ്രതിജ്ഞ ശോശക്കുട്ടി അക്ഷരംപ്രതി നിറവേറ്റി. ആശുപത്രിയിലും വീട്ടിലുമായി പിന്നീട് മത്തച്ചൻ കഴിഞ്ഞ നാളുകളിൽ ഒരു കുളിർക്കാറ്റായി അവളും അവന്റെ അരികിൽത്തന്നെയുണ്ടായിരുന്നു.

കുറെ ദിവസങ്ങൾ കലാലയം അടഞ്ഞുകിടന്നതിലായിരുന്നു. മത്തച്ചനു സങ്കടം.

അക്ഷരത്തിനു ദാഹിക്കാത്ത വിദ്യാർത്ഥികളും അതു പകരാൻ കൊതിക്കാത്ത അദ്ധ്യാപകരും ജീവിക്കാതിരിക്കയാണ് നല്ലതെന്ന് അവൻ എപ്പോഴും പറയുമായിരുന്നു.

ക്ളാസിൽ പോകാൻ അവൻ ശോശക്കുട്ടിയെ വളരെ നിർബന്ധിച്ചു. അവൾ വഴങ്ങിയില്ല. ശാസന പോലും  അവൾ  വകവച്ചില്ല.

സന്ധ്യക്ക്ശോശക്കുട്ടി വീട്ടിൽ ചെല്ലുമ്പോഴൊക്കെ കുട്ടാപ്പി വീട്ടിലുണ്ട്. പ്രത്യേകിച്ച് തൊഴിലൊന്നുമില്ലെങ്കിലും ഉടൻ പേർഷ്യക്ക് പോവും എന്നാണ് ഭീഷണി. എസ്. ആക്കാമെന്ന് നേതാവ് ഏറ്റിട്ടുണ്ടെന്നും പറയുന്നു. സോഷ്യലിസ്റ്റുകാരെ പരമ പുച്ഛം. അവന് ആരാധനാമൂർത്തികൾ വേറെയുണ്ട്.

ഒരു ദിവസം അവൻ തട്ടിക്കയറി."ഇങ്ങനെ രാവും പകലും കൂടെകിടക്കാൻ നീ ആരാടീ..... അവന്റെ വെപ്പാട്ടിയോ......?". ശോശക്കുട്ടിയുടെ പെരുവിരൽ തരിച്ചു.

അമ്മ അനങ്ങുന്നില്ല.

"മര്യാദകെട്ട വർത്തമാനം പറയാനാണെങ്കിൽ മേലിൽ പടിപ്പുര കടക്കരുത്....." അവന്റെ മൂക്കിനുനേരെ വിരൽചൂണ്ടി ശോശക്കുട്ടി പറഞ്ഞു. അവളുടെ നോട്ടത്തിൽ അയാൾ ദഹിക്കും എന്ന് തോന്നിപ്പോയി.

ശരിക്കും അവൾ പട്ടാളക്കാരന്റെ മകളായി വളർന്നു കഴിഞ്ഞിരുന്നു.

 

………………………………………………………………………………

No comments:

Post a Comment