ഉഗ്രൻ കുന്നിന്റെ
പുരാവൃത്തം (നോവൽ )
By ഡോ.
ഏബ്രഹാം കരിക്കം
അദ്ധ്യായം പത്ത്
അഗ്നിപർവ്വതത്തിന്റെ ഉദയവികാസങ്ങൾ
ഒരു മലയെ മറിച്ചു കൊണ്ടൊഴുകും പോലെയായിരുന്നു മീൻപിടിപ്പാറയിലെ വെള്ളച്ചാട്ടം. അതിനേക്കാൾ ശക്തമായ ഒരു പ്രവാഹമായിരുന്നു മത്തച്ചന്റെ മനസ്സിൽ.
ചാരു മജുoദാർ നയിക്കുന്ന നക്സലൈറ്റ് പ്രസ്ഥാനത്തിലെ ഒരു പ്രധാന കണ്ണിയാണ് ഗോപി സാർ. പ്രതികാര ദാഹിയായ രക്തരക്ഷസിനെപ്പോലെ നടന്ന നാളുകൾ അവിടെ കൊണ്ടെത്തിച്ചു. കേരള ചരിത്രം തിരുത്തികുറിക്കുന്ന ചില സംഭവങ്ങൾ ഉടൻ നടക്കാൻ പോകുന്നു. തലശ്ശേരിയിലും പുൽപ്പള്ളിയിലും പിന്നെ ചില പ്രധാന കേന്ദ്രങ്ങളിലും വമ്പിച്ച അട്ടിമറി നടക്കും. ഉഗ്രൻകുന്നിലും അതിന്റെ അലകളുയരും. അതോടെ വിമോചനത്തിന്റെ മന്ത്ര ധ്വനികൾ ഉയരുകയായി. നവ കേരളം പിറവിയെടുക്കുകയായി.
ആയിരപ്പറ വിതയ്ക്കുന്ന ഈച്ചരൻ നമ്പൂതിരിയായിരുന്നു ആദ്യത്തെ ടാർഗറ്റ്. പ്രസ്ഥാനക്കാർ പദ്ധതിയിട്ടതും അങ്ങനെയായിരുന്നു. പക്ഷെ ഗോപി സാർ അതിനൊരു ട്വിസ്റ്റ് കൊടുത്തു. സായിപ്പിന്റെ പണം തട്ടുക. ലക്ഷങ്ങൾ അങ്ങനെ പ്രസ്ഥാനക്കാരുടെ പക്കലെത്തിക്കുക. ലക്ഷങ്ങൾ കൈയിലുള്ളത് സായിപ്പിനല്ലാതെ മറ്റാർക്കാണ്.? ഈച്ചരൻ നമ്പൂതിരിയുടെ അറയിൽ നെല്ലല്ലേയുള്ളു.
വെള്ളച്ചാട്ടത്തിന്റെ ഇരമ്പൽ ഒരു നിമിഷം നിലച്ചു. മൗനത്തിന്റെ കനത്ത ഭിത്തി തട്ടി പൊളിച്ചു മത്തച്ചൻ പുറത്തു വന്നു.
" അബദ്ധ പഞ്ചാംഗമാണ് സാർ ചൊല്ലുന്നതത്രയും. ഈ പരിപാടികൊണ്ട് രാജ്യത്ത് ഒരു ചുക്കും നേടാനൊക്കില്ല ".
" അതൊക്കെ വഴിവഴിയെ നീ അറിഞ്ഞോളും ".
" സായിപ്പ് വളരെ നല്ല മനുഷ്യനാണ് സാർ. എന്റെ ഗുരുവാണ്. അദ്ദേഹത്തിന്റെ സ്വത്ത് പാവങ്ങൾക്കുള്ളതാണ്. അത് മോഹിക്കരുത്. മോഷ്ടിക്കരുത്".
" വ്യക്തിയല്ല പ്രസ്ഥാനമാണ് വലുത് ".
" അല്ല സാർ ....ഒരിക്കലുമല്ല ....വ്യക്തിയാണ് വലുത്. ചരിത്രത്തിൽ എത്ര ഉദാഹരണം വേണേലുമുണ്ട്. കോൺസ്റ്റന്റയിൻ എന്ന ഒറ്റ മനുഷ്യന്റെ മാറ്റമാണ് റോമാ സാമ്രാജ്യത്തെ കീഴ്മേൽ മറിച്ചത്. അതിനു കാരണം അദ്ദേഹത്തിന്റെ അമ്മയും. ഗാന്ധിജിയും ഇ. എം. എസും വിമോചനത്തിന്റെ രണ്ടു ധ്രുവങ്ങളെ പ്രതിനിധീകരിക്കുന്ന വ്യക്തികളല്ലേ........? യഥാർത്ഥ വിപ്ലവകാരികൾ ! ? "
ഗോപി സാർ തകർന്നു. ഇ. എം. എസ്സിനെക്കാൾ വലിയ ബുദ്ധിജീവിയായി മത്തച്ചൻ എന്ന ബാലൻ വളരാൻ പോകുന്നു എന്നദ്ദേഹത്തിനു ബോധ്യം വന്ന നിമിഷമായിരുന്നു അത്.
“ ഓപ്പറേഷൻ നിശ്ചയിച്ചാൽ നടന്നേ മതിയാവു....ഇനി പുറകോട്ടു പോയാൽ പിന്നെ ഞാൻ ആത്മഹത്യ ചെയ്യുകയേ വേണ്ടു......"
താൻ പ്രാണന് തുല്യം സ്നേഹിക്കുന്ന ഗോപി സാർ പറഞ്ഞതൊക്കെ മനസ്സിലായെങ്കിലും അദേഹത്തെ പിന്തിരിപ്പിക്കുന്നത് എങ്ങനെയെന്നറിയാതെ മത്തച്ചൻ വിഭ്രാന്തിയിലായി. ഒരു അഗ്നി പർവ്വതത്തിന്റെ ഉദയ വികാസങ്ങളാണ് ഗോപി സാർ എന്ന പച്ച മനുഷ്യനിൽ കാണുന്നത്. ലാവ പ്രവാഹത്തിന് എങ്ങനെ തടയിടാനൊക്കും ?
" ഈ രഹസ്യം ഉഗ്രൻ കുന്നിൽ രണ്ടു പേർക്കേ അറിയൂ. നിനക്കും രേവതിക്കും. എന്റെ കുഞ്ഞിനെ വയറ്റിൽ വഹിക്കാൻ അവൾ വിധിക്കപ്പെട്ടു പോയി. ശലോമോൻ പറഞ്ഞിട്ടില്ലേ അവളുടെ ഉദരം താമരപ്പൂ ചുറ്റിയിരിക്കുന്ന കോതമ്പുകൂമ്പാരം പോലെ , നാഭി വട്ടത്തിലുള്ള പാനപാത്രം പോലെ എന്ന്. ഒരു കാരണം അതായിരിക്കാം. പക്ഷെ നിനക്ക് അറിയാവുന്ന അവളുടെ കഥകളാണ് അവളെ എന്നിലേക്ക് കൂടുതൽ അടുപ്പിച്ചത്. ഈ ബന്ധം ശാപമാണോ അനുഗ്രഹമാണോ എന്ന് കാലം തെളിയിക്കും. അപകടത്തിന്റെ വഴിയാണ് എന്റേത്. വിലപിക്കാൻ വിധിക്കപ്പെട്ടവരുടെ വിമോചനത്തിന് ഇതല്ലാതെ മാർഗമില്ല. .......ഓപ്പറേഷൻ എങ്ങനെയെങ്കിലും പാളിയാൽ നാളെ പ്രഭാതത്തിൽ ഒരു പക്ഷെ സായിപ്പിന്റെ പണത്തിനു പകരം എന്റെ കഴുത്താവും അരിയപ്പെടുക. അപ്പോൾ ഉഗ്രൻ കുന്നിൽ നീ ഒരുത്തനെങ്കിലും ഉണ്ടാവണം എന്നെ അറിയുന്നവനായി. രേവതി എങ്ങനെ പ്രതികരിക്കും ഇന്നിപ്പോൾ പറയാൻ കഴിയില്ല. കഴിയുമെങ്കിൽ നീ അവളെ ആശ്വസിപ്പിക്കണം. ഞാനൊരു വെറും കൊള്ളക്കാരനായിട്ടോ ബലാത്സംഗക്കാരനായിട്ടോ ബംഗ്ലാവിൽ കടന്നു ചെന്നവനല്ല എന്ന് ഒരാളെങ്കിലും അറിയണ്ടേ മോനെ. ......? "
മീൻപിടിപ്പാറയിൽ നിന്ന് തിരികെ സാറിന്റെ വീട്ടിൽ വന്നെങ്കിലും ഗോപി സാറിനെ വിട്ടുപോവാൻ മത്തച്ചന്റെ മനസ്സനുവദിച്ചില്ല. ശ്വാസത്തിന് വേണ്ടി ചെകിള പൊളിച്ചു പിടയുന്ന മീനിന്റെ ഭാവമായിരുന്നു. രാത്രി വരെയും അവിടെ കുത്തിയിരുന്നു.
ഒടുവിൽ യാത്ര ചോദിക്കുമ്പോൾ അവന്റെ തൊണ്ടയിടറി. ശരീരം വിറച്ചു. അവൻ സാറിന്റെ കാൽക്കൽ വീണു.
"അക്രമവും കൊലപാതകവും ഒന്നിനും പരിഹാരമല്ല സാർ. നന്മയാൽ തിന്മയെ ജയിക്കാമെന്നു ക്രിസ്തുനാഥൻ പഠിപ്പിച്ചില്ലേ.....?"
ഗോപി സാർ ഒന്നുചിരിച്ചു. എന്നിട്ടു മത്തച്ചനെ കെട്ടിപിടിച്ചു മൂർദ്ധാവിൽ ചുംബിച്ചു.
" നീ നല്ലവനാണ് മോനെ. .......ഈ നാടിൻറെ ഭാവി നിന്നെപോലുള്ളവരുടെ കൈയിൽ ഭദ്രമാണെന്ന് എനിക്കുറപ്പുണ്ട്. നിങ്ങളുടെ വഴിയിൽ ഇത്തിരി വെട്ടം തെളിയിക്കാൻ മുമ്പേ പറന്ന മിന്നാമിനുങ്ങുകളാണ് ഞങ്ങളെന്നു കരുതിയാൽ മതി”. "
ഗോപി സാർ എന്ന മലയുടെ ചുവട്ടിൽ താനൊരു ചുണ്ടെലി മാത്രമാണെന്ന് മത്തച്ചനറിഞ്ഞു. അവൻ ഇരുട്ടിലൂടെ ഇറങ്ങിയോടി.
ഊണില്ല, ഉറക്കമില്ല. കളീലിന്റെ ഓരത്തെ മുറിയിൽ മത്തച്ചൻ കിടന്നു ഞെളിപിരികൊണ്ടു. ഭിത്തിയിലിരിക്കുന്ന മൂന്നു ചിത്രങ്ങളും തന്നെ നോക്കി പരിഹസിക്കുന്നതായി അന്നാദ്യമായി അവനു തോന്നി.
ശോശക്കുട്ടി അരികിൽ വന്നെങ്കിൽ എന്നവനാശിച്ചു. അവളുടെ നോട്ടം തന്നെ ശാന്തനാക്കിയേനെ. ആ ഗന്ധം തന്നെ മയക്കിയുറക്കിയേനെ.
രേവതി ടീച്ചറുടെ ഗതിയോർത്തപ്പോൾ അവന്റെ തലയിൽ രോമങ്ങൾ എഴുനേറ്റു നിന്നു. എന്തൊരു വിധിയാണത്......!
അടികൊള്ളിപ്പാച്ചുവിന്റെ മൂത്തമകൾ. പാച്ചുപിള്ള ഒന്നാന്തരം തരകനാണ്. ഒരു ദിവസം സ്കൂൾ വിട്ടു വീട്ടിൽ വന്നപ്പോൾ അദ്ദേഹത്തിന്റെ തനി സ്വരൂപം കണ്ടതാണ്.
മണിച്ചിയുടെ കയറും പിടിച്ചു നിൽക്കുന്നു. കൂടെ മൂന്നുനാലു പേരുമുണ്ട്.
" ഈ കയറങ്ങോട്ടു കൊടുക്കെന്റെ ഔസേപ്പച്ചാ....നീ ..." പാച്ചുപിള്ള അപ്പനോട്.
" നീ ചുമ്മാതിരി പാച്ചു .........എഴുപത്തഞ്ചിൽ ഒരു ചില്ലിക്കാശ് കുറഞ്ഞാൽ അവളെ ഞാൻ തരത്തില്ല" അപ്പൻ.
" ആ കാശങ്ങോട്ടു വാങ്ങിക്കാനാ പറഞ്ഞത്."
" ഇന്ന് രാവിലെയും നാലിടങ്ങഴി കറന്നതാ. ...."
അതിനു നിന്റെ സർട്ടിഫിക്കറ്റ് ഒന്നും വേണ്ട. അന്ന പെണ്ണ് പറഞ്ഞാൽ ഞങ്ങൾക്ക് വിശ്വ )സമാ......"
എഴുപതു രൂപയെണ്ണി അപ്പന്റെ കൈയിൽ കൊടുത്തിട്ടു അയാൾ മണിച്ചിയുടെ കയറെടുത്തു കൂടെ വന്ന ഒരാളിന്റെ കൈയ്യിൽ കൊടുത്തു.
മണിച്ചിയുമായി അവർ പോയപ്പോഴാണ് സംഭവിച്ചതെന്താണെന്ന് തനിക്കു മനസ്സിലായത്. അമ്മയുടെ മുന്നിൽ കിടന്നു അഞ്ചാറ് തുള്ളി.
" മണിക്കുട്ടിയുണ്ടല്ലോ. അവൾ ഉടൻ പ്രസവിക്കും." 'അമ്മ സമാധാനിപ്പിച്ചു. എങ്കിലും അന്നത്തെ രാത്രി ഉറങ്ങിയില്ല.
എന്നും വൈകിട്ട് അഞ്ചു മണി ആകുമ്പോൾ റോഡിൽ ഒരു ബഹളം കേൾക്കാം. പിള്ളേരെല്ലാം ഓടി കുടും.
പിച്ചാത്തിയും നിവർത്തു കൊണ്ട് നാല് കാലിൽ നിൽക്കും പാച്ചുപിള്ള ചേട്ടൻ.
" ആരുണ്ടെടാ .......മക്കളെ........വരിനെടാ ......" എല്ലാവരും ഒഴിഞ്ഞു മാറും. ചീത്തവിളി അസഹ്യമാകുമ്പോൾ ആരെങ്കിലും നാല് പോടും. ആനക്കൊമ്പിന്റെ പിടിയുള്ള പിച്ചാത്തിയും പിടിച്ചു അയാൾ കടച്ചാലിൽ കിടക്കും.
ഇരുട്ടുന്നതു വരെ ഒരേ കിടപ്പാണ്. പാട്ടി വായിൽ പെടുത്താൽ പറയും.
" പെയ്യട്ടെ ......ഇടി വെട്ടി പെയ്യട്ടെ......."
രാത്രിയാവുമ്പോൾ മണ്ണെണ്ണ വിളക്കുമായി രേവതി ടീച്ചർ വന്നു വിളിച്ചു കൊണ്ട് പോകും. അവർക്കു നാണക്കേട് സഹിക്കാതായപ്പോൾ ഇളയ കുട്ടികളെ പറഞ്ഞു വിട്ടു. തലയിൽ കയ്യും വച്ച് വിലപിച്ചു കൊണ്ട് അവളുടെ അമ്മയിരിക്കും.
ഒരു ദിവസം രാവിലെ പിച്ചാത്തിയുമെടുത്തു അച്ഛനിറങ്ങുമ്പോൾ രേവതി ടീച്ചർ പറഞ്ഞു.
" ഇനിയും കുടിക്കാനാണ് ഭാവമെങ്കിൽ റോഡിൽ കിടക്കത്തെയുള്ളു . ഞങ്ങളാരും വരത്തില്ല എടുക്കാൻ....."
ടീച്ചർ പ്രൈമറി സ്കൂളിൽ ജോലിക്കു കയറിയ സമയമായിരുന്നു. പിള്ളേരൊക്കെ അടികൊള്ളി പാച്ചുവിൻറെ മോളെന്നു പറയുന്നത് കേൾക്കുമ്പോൾ അവളുടെ ചങ്കു തളർന്നു.
അന്നും പാച്ചുപിള്ള ചേട്ടൻ കുടിച്ചു. പതിവിൽ കൂടുതൽ. മകളോടുള്ള വാശി.
" അവൾ വല്ല്യ വാദ്ധ്യായനിയല്ലേ.... ആരാടി നീ .....അക്കാമ്മ ചെറിയാനോ......അതോ ഝാൻസി റാണിയോ ........? "
ആരുടെയോ അടിയും വാങ്ങി അന്നും റോഡിൽ കിടന്നതാണ്. പാതിരാത്രി വരെ . " മോളെ " എന്ന് വിളിക്കുന്നുമുണ്ടായിരുന്നു.
ഇളയവർ രണ്ടുപേരും കുടി വിളക്കുമായി ഇറങ്ങിയതാണ്.
ടീച്ചർ പറഞ്ഞു.
" കേറിനെടി.....അകത്ത് ."
അവരും പോയില്ല.
വെളുപ്പാൻ കാലത്തു കണ്ടത്തിലേക്കു പോയ ആരോ ആണ് ആദ്യം കണ്ടത്. തല റോഡിലും ശരീരം തോട്ടിലും. ഒരു വണ്ടി സഡൻ ബ്രേക്കിട്ട പാടുണ്ടായിരുന്നു.
ടീച്ചർ കല്ലായിപ്പോയി. ഒറ്റക്കിടപ്പായിരുന്നു ഏറെ നാൾ.
കുടുംബ ഭാരത്തിനു പുറമെ അനിയത്തിമാരുടെ ആട്ടുംതുപ്പും.
" ഏതു കുടിയനായിരുന്നെങ്കിലും ഒരാണില്ലായിരുന്നോ വീട്ടിൽ.....?" അവരുടെ ശകാരം കേൾക്കുമ്പോൾ മനസ്സ് പിടയും. സ്വയമുരുകി കൊണ്ട് അവരെ പഠിപ്പിച്ചു മിടുക്കരാക്കി.
അങ്ങനെയിരിക്കുമ്പോളാണ് ഗോപി സാർ വന്നത്. ഉണങ്ങിയ നദിയിൽ ഉറവയൊലിച്ചത് അപ്പോഴാണ്. പക്ഷവാതം പിടിച്ച മനസ്സിൽ ഒരുണർവുണ്ടായത് അപ്പോഴാണ്.
മത്തച്ചൻ പലപ്രാവശ്യം മൂത്രമൊഴിക്കാൻ പുറത്തിറങ്ങി. പക്ഷെ മൂത്രമില്ല. അടിവയറ്റിൽ തീ മാത്രം.
വിപ്ലവത്തിന്റെ അഗ്നിസ്ഫുലിംഗവുമായി സാർ ഈ നാട്ടിൽ വരേണ്ടിയിരുന്നില്ല. ഒറ്റ രാത്രികൊണ്ട് ലോകം കീഴ്മേൽ മാറിയില്ല. എവിടെയെങ്കിലും നാലുപേരെ കൊന്നാൽ ജന്മിത്വം തകരുമോ ? ഈ മോഹം അതി മോഹമല്ലേ. ? ഈ തോണി വിള്ളലുള്ള തോണിയാണ്. എങ്കിലും സാർ എന്റെ ജീവനാണല്ലോ ഈശ്വരാ.
കുറെ നേരം അവൻ മുട്ടിന്മേൽ നിന്ന്. ഗത്സമനയിലെ യേശുവിന്റെ പടം നോക്കി. ഇരുണ്ട മുറിയിൽ പെട്ടെന്നൊരു പ്രകാശം കണ്ടത് പോലെ. പണ്ട് കൊമ്പൻആഞ്ഞിലിയുടെ ചില്ലയിൽ നിന്ന് താഴേക്ക് നിപതിച്ചപ്പോൾ തന്നെ താങ്ങി നിർത്തിയ അതേ ആൾരൂപം. രാത്രിയുടെ ഏതോ യാമത്തിൽ അവൻ ഉറങ്ങിപ്പോയി. ആരോ തലോടി ഉറക്കിയപോലെ.
പെട്ടെന്ന് പട്ടി ഓലിയിടാൻ തുടങ്ങി. അയൽ വീട്ടിലെ പട്ടികൾ ഏറ്റുപാടി.
മത്തച്ചൻ ഞെട്ടിയുണർന്നു. രോമങ്ങൾ എഴുന്നു നിന്നു. കണ്ണുകൾ പുറത്തേക്കു തള്ളി വന്നു.
ടൈം പീസ് തപ്പിപിടിച്ചു നോക്കി. നാലു മണി കഴിഞ്ഞിരിക്കുന്നു. കൗണ്ട് ഡൗൺ സിറോയിലെത്തിയ റോക്കറ്റ് മാതിരി അവൻ ഒന്ന് വിറച്ചു. പിന്നെയൊരു പാച്ചിലായിരുന്നു. വയലും മലയും താണ്ടി സായിപ്പിന്റെ ബംഗ്ലാവിലേക്ക്.
ആരാണ്ടൊക്കെ കാളയും കലപ്പയുമായി എതിരെ വന്നു. ഗുണ്ട് മാതിരി എന്തോ പായുന്നത് കണ്ടു കാളകൾ വിരണ്ടോടി.
വായിൽ പതയുമായി ബംഗ്ലാവിന്റെ മുന്നിലെ റോഡിലെത്തിയ മത്തച്ചന്റെ മുന്നിൽ നീളൻ തോക്കുമായി സായിപ്പ് !.
ആത്മാവ് ഒരു നിമിഷത്തേക്ക് പറന്നെവിടെയോ പോയി.
ടോർച്ച് തെളിച്ചു കൊണ്ട് സായിപ്പ് ചോദിച്ചു.
" മാത്യു ......വൈ ....ആർ യു ഹിയർ ......?"
മത്തച്ചൻ മേലോട്ടും താഴോട്ടും രണ്ടു വട്ടം ചാടി.
" എക്സർസൈസ് സാർ.....റണ്ണിങ് .....ജോഗിംഗ്.....ഗുഡ് മോർണിംഗ് ......"
സായിപ്പ് ശാന്തനാണ്. ഇനിയെന്ത് എന്ന് ചിന്തിക്കാൻ അവന്റെ ആത്മാവിനു ബലമില്ലായിരുന്നു. അപ്പോൾ സായിപ്പ് തുടർന്നു.
" സം ബ്ലഡി ബ)സ്റ്റാർഡ് ട്രൈഡ് റ്റു റോബ് ഔർ ഹൗസ് ലാസ്റ്റ് നൈറ്റ്. ഐ ഫയാർഡ് അറ്റ് ഹിം. ബട്ട് ദി റോഗ് റാൻ എവേ......"
പാതി കത്തിയ റോക്കറ്റ് കുത്തനെ കടലിലേക്ക്. മത്തച്ചന്റെ ആത്മാവിലെ കത്തൽ നിന്നു. അവൻ ജോഗിംഗ് നിർത്തി.
അൾസേഷ്യൻ പട്ടി അവശനായി മയങ്ങി മലർന്നു കിടക്കുന്നതവൻ ശ്രദ്ധിച്ചു. അത് വല്ലാതെ കിതയ്ക്കുന്നുണ്ടായിരുന്നു.
" സാർ .....ദേർ ആർ ഡ്രോപ്സ് ഓഫ് ബ്ലഡ് ഹിയർ ......."
അരണ്ട വെളിച്ചത്തിൽ തറയിൽ ചില രക്തത്തുള്ളികൾ മത്തച്ചന്റെ ശക്തിയുള്ള കണ്ണുകളാണ് കണ്ടു പിടിച്ചത്.
" കാമോൺ....ലെറ്റ് അസ് ഫൈൻഡ് ഹിം......"
സായിപ്പ് രക്തത്തുള്ളികൾ വീണ വഴിയിലൂടെ താഴേക്കോടി. പുറകെ മാത്തച്ചനും.
അവർ പട്ടണത്തിലെ റെയിൽവേ സ്റ്റേഷൻ വരെ ഓടി. .....
" ദി റാസ്കൽ ഹാസ് എസ്കേപ്ഡ് ....." സായിപ്പ് സ്വയം ശപിച്ചു.
അദ്ദേഹത്തിന്റെ മനസ്സറിയാനായി മത്തച്ചൻ പതിഞ്ഞ ശബ്ദത്തിൽ ചോദിച്ചു.
" ഹാവ് യു ഇൻഫോംഡ് ദി പോലീസ് സേർ....?"
" ഐ ഡോൺട്ട് ട്രസ്ററ് യുവർ ബ്ളഡ്ഡി പോലീസ്....."
അദ്ദേഹം പല്ലിറുമ്മി. മത്തച്ചൻ നിശ്വസിച്ചു.
തോക്കുമായി റെയിൽവേ സ്റ്റേഷനിൽ നിൽക്കുന്ന സായിപ്പിനെ കണ്ട് എല്ലാവരും അമ്പരന്നു.
ടാക്സി വിളിച്ചു തിരികെ പോന്നു. സ്കൂൾ ഗേറ്റിൽ കാർ നിർത്തി മത്തച്ചൻ ഇറങ്ങി. അപ്പോൾ സായിപ്പ് പറഞ്ഞു " മാത്യു ......താങ്ക്യൂ ....സീ യു..."
പ്രതിവചിക്കാൻ അവൻ മറന്നു. ടാക്സി ബംഗ്ലാവിലേക്കു പാഞ്ഞു.
മത്തച്ചൻ ഹനുമാനായി . രേവതി ടീച്ചറുടെ വീട്ടിലേക്കു അവൻ വാലിൽ കുത്തി കുതിക്കുകയായിരുന്നു.
" അവൾ തലവേദന കാരണം ഒരു പോള കണ്ണടച്ചില്ല മോനെ. രാത്രി മുഴുവൻ ഇരുന്നു മൂളുകയായിരുന്നു." ടീച്ചറുടെ 'അമ്മ പറഞ്ഞു.
തകർന്ന തംബുരു പോലെ രേവതി ടീച്ചർ.
മുറിയിൽ മത്തച്ചനെ കണ്ടപ്പോൾ അവളിൽ ആധി തീയായി പടർന്നു കയറി.
സായിപ്പിന്റെ പണം തട്ടിയോ? സാർ പോലീസ് പിടിയിലായോ ?
" അതോ ഗോപി സാർ ....... “?
" ടീച്ചർ
വിഷമിക്കരുത്.....ഗോപി സാർ രക്ഷപെട്ടു.
പരിപാടി പാളി. പക്ഷെ സാറിന്
വെടി കൊണ്ടിട്ടുണ്ട്.
" മോനെ " ......അവർ മത്തച്ചനെ കെട്ടിപിടിച്ചു. അവനു ശാസ്വം മുട്ടി.
അവരുടെ അടിവയറ്റിലെ ഇളക്കം മത്തച്ചന്റെ ശരീരം ഗ്രഹിച്ചു. നാളത്തെ ഒരു വിപ്ലവകാരി വയറ്റിൽ കിടന്നു ഇൻക്വിലാബ് ചവിട്ടുന്നു.
ടീച്ചർക്കൊപ്പം അവനും കണ്ണീർ വാർത്തു.
No comments:
Post a Comment