ഉഗ്രൻ കുന്നിന്റെ
പുരാവൃത്തം (നോവൽ )
By ഡോ.
ഏബ്രഹാം കരിക്കം
അദ്ധ്യായം പതിനാറ്
ബദൽ കൊതിക്കുന്ന നായകൻ
മത്തച്ചന്റെ വയറ്റിലെ കെട്ടഴിച്ച ദിവസം മുറിവിന്റെ അടയാളങ്ങളിൽ ശോശക്കുട്ടിയുടെ രണ്ടു തുള്ളി കണ്ണുനീർ വീണു.
പ്രായവും പക്വതയുമുള്ള ഒരു യുവതിയെപോലെ അന്നവൾ ചോദിച്ചു.
" ഈ വഴി തന്നെയാണോ നമുക്ക് നല്ലത്.......? ജീവിക്കാൻ അവൾക്കു കൊതിയുണ്ടായിരുന്നു. പെണ്ണെ എന്ന് വിളിക്കാൻ തന്റെ ചെറുക്കൻ കൂടെയുണ്ടെങ്കിൽ ........എങ്കിൽ മാത്രം “.
" എന്താ പെണ്ണെ ......പേടിച്ചുപോയോ.....?"
പണ്ട് കൊമ്പൻ ആഞ്ഞിലിയുടെ മണ്ടയിൽ നിന്ന് താഴെ വീണതാ.....ചത്തില്ല. നിന്നെ വിട്ടിട്ടു അങ്ങനൊന്നും ഞാൻ പോവത്തില്ല പെണ്ണെ........."
ചൂടേറ്റ വെണ്ണ പോലെ പെണ്ണുരുകിപ്പോയി. അന്നാദ്യമായി മത്തച്ചന്റെ വിരിഞ്ഞ മാറിലും അവളിത്തിരി കണ്ണീർ പൊഴിച്ചിട്ടു.
ആ കുളിർമ്മയിൽ അവന്റെ ശരീരത്തിലെയും മനസ്സിലെയും മുറിവുകളും മാഞ്ഞു.
മത്തച്ചനെന്ന തിരി അണയ്ക്കാൻ ശ്രമിച്ചവർ ഇളിഭ്യരായിപ്പോയി. കേരള യുണിവേഴ്സിറ്റിയുടെ ചരിത്രത്തിലാദ്യമായി ഒരു പ്രീഡിഗ്രി വിദ്യാർത്ഥി യൂണിവേഴ്സിറ്റി യൂണിയൻ സെക്രട്ടറിയായി. പ്രായത്തിൽ ഇളയതെങ്കിലും അവൻ അറിവിന്റെ ഖനിയായിരുന്നു. വേദികളിൽ അവന്റെ അധരം തേൻകട്ട പൊഴിക്കുമായിരുന്നു.
ഇതിനിടെ സോഷ്യലിസ്റ്റ് പാർട്ടിയുടെ താലൂക്കാഫീസിൽ ഒരു രഹസ്യയോഗം നടന്നു. അടിക്കു അടി തന്നെ മറുപടി. കുട്ടികളെ അടിച്ചവരെ പകരമടിക്കണം.
പക്ഷെ മത്തച്ചനെന്ന യുവ നേതാവ്
ആ ആശയത്തെ എതിർത്തു.
കഠാരയ്ക്കു കഠാരകൊണ്ട് മറുപടി പറയാൻ തുടങ്ങിയാൽ
പിന്നെ കേരളം രക്തകടലായി മാറും. ധർമ്മത്തിന്റെ
വഴിയാണ് ശാശ്വതം. അവൻ വാദിച്ചു.
മുതിർന്നവർ സമ്മതിച്ചില്ല.
സോഷ്യലിസത്തിന്റെ നാരായവേരറുക്കാൻ കരുതിക്കൂട്ടിയുള്ള ശ്രമമാണിത്. മുളയിലേ നുള്ളിയില്ലെങ്കിൽ
അവന്മാർ പിന്നെയും അഴിഞ്ഞാടും. നമ്മുടെ യുവജനങ്ങൾക്ക് നിലനില്പില്ലാതെ വരും.
അവർക്കു കിട്ടേണ്ട
ശിക്ഷ അതിനകം കിട്ടിക്കഴിഞ്ഞെന്നായി മത്തച്ചൻ. ജനങ്ങളുടെ വെറുപ്പും ശാപവും. നമ്മളും
ആ വഴിക്കു തന്നെ പോയാൽ അമ്മമാരുടെ ശാപം നമ്മുടെ തലയിലും വീഴില്ലേ ? ഒരു ബദലില്ലാതെ ജനങ്ങൾ വിഷമിക്കില്ലേ ? പിന്നെ
പട്ടാളത്തെ വിളിക്കാതെ ഗതിയുണ്ടാകുമോ ? അക്രമം കൊണ്ട് വളരുന്ന ഏതൊരു പാർട്ടിക്കും ആയുസ്സു അല്പമായിരിക്കും.
യുവനേതാവിന്റെ വാക്കുകൾ
കേട്ട് മുതിർന്നവർ തല കുമ്പിട്ടിരുന്നു. പകരമടി തല്ക്കാലം വേണ്ടെന്നു തന്നെ അവർ തീരുമാനിച്ചു.
യൂണിവേഴ്സിറ്റി യൂണിയന്റെ
സത്യപ്രതിജ്ഞ കഴിഞ്ഞു വന്ന മത്തച്ചനെ നാട്ടുകാർ പൊതിഞ്ഞു. സംസ്ഥാന നേതാവായി വളർന്ന
ഉഗ്രൻകുന്നിന്റെ പുത്രനെ അവർ നോട്ടുമാലയിട്ടു സ്വീകരിച്ചു. ഗോപിസാറിന്റെ ജയ്പൂർ കാലു
വാങ്ങാനുള്ള നിധിയിലേക്ക് അവൻ നോട്ടു മാല ദാനം ചെയ്തു. മാല കഴുത്തിൽ കിട്ടിയപ്പോൾ ഓമനക്കുട്ടൻ
കുലുങ്ങിച്ചിരിക്കാൻ തുടങ്ങി.
എം.സി റോഡിലൂടെ ഒരുപാടു
വണ്ടികൾ പ്രവഹിക്കുകയായി. കൂടുതലും പേർഷ്യക്കാരുടെ ടാക്‌സികൾ. വലിയ പെട്ടികളും മെത്തയുമായി
മോടിയോടെ പായുന്ന വണ്ടികൾ. അവയ്ക്കുള്ളിൽ രണ്ടു ചെവിയുള്ള അക്കായ് ടേപ്‌റെക്കോർഡറുകൾ
പ്രൗഢിയുടെ പ്രതീകമായി വിളങ്ങി. കാറുകൾക്കുള്ളിൽ കൊഴുത്തുരുണ്ട ചെറുപ്പക്കാർ. കൂളിംഗ്
ഗ്ലാസും സ്വർണ്ണ ചെയിനും ഇല്ലാത്തവർ വിരളം. പെണ്ണുങ്ങളുടെ കൈകളിൽ മുട്ടുവരെ കട്ടിയുള്ള
വളകളുണ്ടായിരുന്നു.
ഉഗ്രൻ കുന്നിലെ ചെറുപ്പക്കാർ
മിഴിച്ചു നോക്കി നിൽപ്പായി. ചാവക്കാട്ടും കുമ്പനാട്ടുമുള്ളവർ ആദ്യമെങ്ങനെ പേർഷ്യയിലെത്തി
? പത്തേമാരിയിലോ ? കപ്പലിലോ ? അറബികൾ ആംഗ്യഭാഷകൊണ്ട് എത്രനാൾ ഇവരോട് സംവദിച്ചു.? തങ്ങളുടെ
അളിയന്മാരൊക്കെ എവിടെപ്പോയി തെണ്ടുകയാണ്? പട്ടാളത്തിൽ
ചേരാനും ചകാനുമെ ഇവർക്കറിയത്തുള്ളോ? നിറയെ പോത്തും കാളയുമുണ്ടായിട്ടെന്തു കാര്യം? കാശുള്ള
തന്തപ്പടികൾ മരുമക്കളെ തപ്പി വടക്കോട്ടു പോകാൻ തുടങ്ങിയില്ലേ ?
സായന്തന ഡർബാറിൽ പണ്ട് വീരമായിരുന്നു സ്ഥായീഭാവമെങ്കിൽ ഇപ്പോൾ ഭയാനകത്തിലോ ജുഗുപ്സയിലോ എത്തി നിൽക്കുന്നു. രതിയും ശൃംഗാരവുമൊക്കെ മേമ്പൊടിക്ക് വല്ലപ്പോഴും വന്നെങ്കിലായി. ആൺപിള്ളേരുടെ പൗരുഷം അല്പാല്പം ചോർന്നു പോവുകയായിരുന്നു.
പ്രീഡിഗ്രിയ്ക്ക് തേർഡ് ഗ്രൂപ്പിൽ മാത്യു ജോസഫ് എന്ന മത്തച്ചന് തന്നെയാണ് ഒന്നാം റാങ്കെന്നു പത്രക്കാർ ഉറപ്പു വരുത്തി. ഓരോരുത്തരായി ഉഗ്രൻകുന്നിലേക്കു പറന്നെത്തി. സന്തോഷവർത്തമാനമറിയിക്കാൻ.
പത്രങ്ങളുടെ
ഒന്നാംപേജിൽ ഉഗ്രൻകുന്ന്കാരന്റെ ഒരു ഫോട്ടോ
ആദ്യമായി അച്ചടിച്ചു വന്നു .കുറെയേറെ വിലാപങ്ങൾക്കു ശേഷം
നാട്ടിൽ വീണ്ടും ഉത്സവമായി.
ശോശക്കുട്ടിയുടെ മുഖത്തെ
ശോണിമ മാഞ്ഞു. അവൾ തലയിൽ വീണ്ടും മുല്ലപ്പൂ ചൂടാൻ തുടങ്ങി. ശരീരം നടനത്തിന്റെ പുതിയ
ഭാഷ്യങ്ങൾ രചിക്കാനാരംഭിച്ചു. അന്തരംഗത്തിൽ പുത്തൻ ഭാവങ്ങളുണർന്നു. ചെറുക്കനെ ഒറ്റയ്ക്ക്
കിട്ടിയിരുന്നെങ്കിൽ ഒന്ന് വാരി പുണരാമായിരുന്നു എന്നവൾ മോഹിച്ചു പോയി.
അവളുടെ പൊലിമയും താൻപോരിമയും
കണ്ടു കുട്ടാപ്പിയ്ക്കു വിറയൽ പിടിച്ചു.
" നീ പൊങ്ങെണ്ടെടി.....തവള
വീർത്താൽ പൊട്ടുന്നവരെ....." അവൻ പറഞ്ഞു
അവന്റെ നാഭിക്കുഴിയിൽ
ഒന്ന് തൊഴിച്ചാലെന്തെന്നു അവൾക്കു തോന്നിപ്പോയത് അന്നേരമാണ്.
അവൾ ഓടി മലഞ്ചെരുവിലേക്ക്.
അവിടെ അനുമോദനക്കാരുടെ തിരക്കായിരുന്നു. തല്ക്കാലം ഇത്രയും മതി എന്ന മട്ടിൽ അവൾ ചെറുക്കന്റെ
കൈവെള്ളയിൽ ഒരു നുള്ളു കൊടുത്തു. പിന്നെ പാൽപ്പായസമുണ്ടാക്കാനായി അവൾ അടുക്കളയിലേക്കോടി.
മത്തച്ചനെ അനുമോദിക്കേണ്ടേ എന്ന് ഇലവുംമൂടച്ചനോട് ആരോ ചോദിച്ചു.
" ഞാൻ ചത്തിട്ടു
അതിന്റെ അടിയന്തിരം കഴിഞ്ഞു മതി അവന്റെ അനുമോദനം." മറുപടി വായിൽ ടേപ്പ് ചെയ്തു
വച്ചിരുന്നപോലെ.
ഗോപിസാറിന്റെ വീട്ടിൽ
അന്നോണമായിരുന്നു. മുട്ടായി വിതരണത്തിന്റെ ചാർജ് ഓമനക്കുട്ടൻ പിടിച്ചു വാങ്ങിയതിനാൽ
ബാലജനസഖ്യക്കാർക്കു പണിയില്ലാതായി.
അനുമോദനത്തിന്റെ പ്രവാഹം
നിലയ്ക്കാത്തതായിരുന്നു. പാർട്ടി നേതാക്കൾ എല്ലാം പോയപ്പോഴേക്കും രാത്രിയായി. പാൽപ്പായസം
വിളമ്പി ശോശക്കുട്ടിയും ക്ഷീണിച്ചു. മണവാട്ടി പെണ്ണാകാൻ പോകുന്ന മറിയത്തെ ബുദ്ധിമുട്ടിക്കേണ്ടെന്നായിരുന്നു
അവളുടെ മനസ്സിൽ.
ആരവങ്ങളൊഴിഞ്ഞു മുറിയിൽ
ഒറ്റക്കൊരു നിമിഷം കിട്ടിയപ്പോൾ ശോശക്കുട്ടി മത്തച്ചനെ വാരിപ്പുണർന്നു. മുറിയിലെ ചില്ലിട്ട
മൂന്നു ചിത്രങ്ങൾ സാക്ഷിയായിരുന്നു.
പെണ്ണിന്റെ മാർദ്ദവത്തിൽ ചെറുക്കനങ്ങു മയങ്ങിപ്പോയി. തന്നെത്തന്നെ മറന്നുപോയി.
നീണ്ട മൗനത്തിനു ശേഷമാണ് അവൻ ചോദിച്ചത്.
" നീ ഇന്ന് പോന്നോ പെണ്ണെ ..........?"
നീ ഇന്ന് പോകണ്ട പെണ്ണെ എന്ന് പറയാൻ തക്ക പ്രായമായോ ചെറുക്കന്........?”
അവൾ കാതിൽ മന്ത്രിച്ചു കൊടുത്തു.
മുകളിലിരുന്ന് ചിരിക്കുന്ന ഗാന്ധിജിയുടെ ചിത്രത്തിലേക്ക് അവൻ വിരൽ ചൂണ്ടി.
നിലാവെളിച്ചത്തിൽ വയൽ വരമ്പത്തൂടെ ചെറുക്കനും പെണ്ണും നടന്നു.
പനംകുന്നിൽ ഒരു പുരുഷന്റെ തല കണ്ടപ്പോൾ മത്തച്ചൻ ഒന്ന് നിന്നു.
" അതാരാ ?"
" കുട്ടാപ്പി"
"എന്താ ഇപ്പോഴിവിടെ ......?"
"കുറച്ചുനാളായിട്ടിങ്ങനാ....."
വിശ്വാസം വരാത്ത മട്ടിൽ മത്തച്ചൻ നിന്നു.
" ശല്ല്യം വല്ലതും......?"
"ഇതുവരെയില്ല.......ഇറങ്ങിപ്പോ എന്ന് പറയാനുള്ള ധൈര്യം അമ്മച്ചിക്കുമില്ല".
"പട്ടിണിയാണെങ്കിലും ഒരാണിന്റെ തുണ നല്ലതാണെന്നു തോന്നുന്നുണ്ടാകും. അകന്നതാണെങ്കിലും ബന്ധുവാണല്ലോ........"
ശോശക്കുട്ടി പ്രായം തികഞ്ഞവളെപോലെ സംസാരിക്കുന്നതിൽ മത്തച്ചൻ ആശ്ചര്യം പൂണ്ടു. താൻ ശിശുവാണെന്ന ഒരു തോന്നലും.
അവളെ ആകപ്പാടെ അവനൊന്നു നോക്കി. ആദ്യം കാണുന്ന പോലെ. മറിയത്തിനെക്കാൾ അൽപ്പം ഇളപ്പമാണെന്നേയുള്ളു. അവൾ മണവാട്ടിയായി കഴിഞ്ഞു.
ഓർക്കുമ്പോൾ ചങ്കുപിടയുന്നു.
" എനിക്കല്പം സാവകാശംകൂടി തരില്ലേ പെണ്ണെ നീ .....?"
മത്തച്ചൻ അവളെ ചേർത്തുനിർത്തി ചോദിച്ചു.
"അതുവരെ എന്നെ നോക്കാൻ എനിക്കറിയാം. ...."
അവൾ പറഞ്ഞു. ഒരു ഉൾക്കിടിലത്തോടെയാണെങ്കിലും.
അവളെ പറഞ്ഞയക്കാൻ മത്തച്ചന് മനസ്സ് വന്നില്ല. പിടിയുടെ ബലം കൂടുകയായിരുന്നു.
" റാങ്കു കിട്ടിയ സന്തോഷമെല്ലാം പോയോ എന്റെ ചെറുക്കന് .....?"
" നമ്മുടെ സന്തോഷം തല്ലിക്കെടുത്താൻ ഈ ഭൂമുഖത്തിനിയാരും ഉണ്ടാവില്ല പെണ്ണെ......."
പൗരുഷത്തിന്റെ മൂർത്തിയാണ് തന്റെ മുന്നിലെന്ന് ശോശക്കുട്ടിക്ക് ബോദ്ധ്യമായി. പൊട്ടിത്തെറിക്കുന്ന പ്രായത്തിൽ ഒരു പെൺകൊടിക്കു മറ്റെന്തു വേണം.?
അവന്റെ നെഞ്ചിൽ നിന്ന് അവൾ തന്നെത്തന്നെ അടർത്തിയെടുത്തു.
മത്തച്ചൻ തിരികെ നടന്നു. ശോശക്കുട്ടി വീട്ടിൽക്കയറി എന്നുറപ്പാക്കിയ ശേഷം.
" പകൽ നേരത്തുള്ള കിന്നാര മൊക്കെ മതി...,....." കുട്ടാപ്പി പറയുന്നത് മത്തച്ചൻ കേട്ടു. കാലുമടക്കി തൊഴിക്കാൻ വിവേകം അവനെ അനുവദിച്ചില്ല. വയൽ വരമ്പത്തൂടെ നിലാവിൽ ചെറുക്കൻ നടന്നു മറയുന്നതും നോക്കി ശോശക്കുട്ടി ജനലിനരികെ നിന്നു.
കൊടും വേനലിൽ പാഠങ്ങൾ കത്തി. കാച്ചിലും ചേനയും ചേമ്പും കരിഞ്ഞു. ഉഗ്രൻകുന്നിലെ കിണറുകളെല്ലാം വറ്റി വരണ്ടു. കലങ്ങുംകുഴിയിലും ആളനക്കമില്ലാതായി.
ശോശക്കുട്ടി പ്രീഡിഗ്രി ജയിച്ചപ്പോൾ മുതൽ ഇലവുംമൂടച്ചൻ അവരുടെ വീട്ടിൽ നിത്യസന്ദർശകനായി . ഉപദേശം അമ്മയോടായി.
"നിന്റെ മോൾക്കൊരു നല്ല ഭാവിയുണ്ടാവണ്ടേ കുഞ്ഞന്നാമ്മേ .......? ഇവിടെ ഗതിയില്ലാത്തവന്റെയൊക്കെ പുറകെ നടന്നാൽ പെരുവഴിയാവില്ലേ ? അവൾ പുരനിറഞ്ഞ പെണ്ണല്ലേ .......? വായിനോക്കികളുടെ പുറകെ എത്രനാൾ നടക്കും ? അവനൊക്കെ കരിമ്പിൻചണ്ടിപോലെ വലിച്ചെറിഞ്ഞാൽ പിന്നെ ഏതു പട്ടി തിരിഞ്ഞു നോക്കും.......?”
ഇതെല്ലം കേട്ട് അമ്മയുടെ പാതി തളർന്ന ഹൃദയം മുഴുവനും തളർന്നു.
പക്ഷെ ശോശക്കുട്ടി പ്രതികരിച്ചു.
"അച്ചൻ ദയവു ചെയ്തു എന്നെ എന്റെ വഴിക്കു വിട്ടേച്ചാൽ മതി......"
"തർക്കുത്തരം പറയുന്ന കണ്ടില്ലേ........നീ അനുഭവിച്ചോളും............."
ഇങ്ങനെ പറഞ്ഞിട്ടിറങ്ങിപ്പോയ അച്ഛൻ കുറച്ചു ദിവസം ക്ഷമിച്ചിരുന്നു.
മത്തച്ചൻ സോഷ്യലിസ്റ്റ് വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ അഖിലേന്ത്യ)
എക്സിക്യൂട്ടീവിൽ സംബന്ധിക്കാൻ.
ലക്നൗവിൽ പോയി എന്ന വിവരം ചെവിയിലെത്തിയപ്പോൾ അച്ചൻ പാഞ്ഞെത്തി.
" എടീ കുഞ്ഞന്നാമ്മേ......നിന്റെ മോൾക്ക് മിലിറ്ററി നഴ്സിങ്ങിനുള്ള അഡ്മിഷൻ എല്ലാം ഞാൻ ശരിയാക്കിയിട്ടുണ്ട്. ചാക്കോച്ചന്റെ മോളായതു കൊണ്ട് ഒത്തു എന്ന് പറഞ്ഞാൽ മതി. ഇതുപോലൊരു ഭാഗ്യം വേറെ വരാനുണ്ടോ ? അടുത്ത ബുധനാഴ്ച ഡൽഹിയിലെത്തിയാൽ കോഴ്സിൽ ചേരാം. .......എന്ത് പറയുന്നു?”
കരുക്കളെല്ലാം വിദഗ്ദമായി നീക്കിക്കൊണ്ടാണ് ഇപ്പോൾ അച്ചൻ ചെന്ന് വിളിക്കുന്നതെന്ന് ശോശക്കുട്ടിക്ക് മനസ്സിലായി.
കുതറിച്ചാടുക പ്രയാസം. തന്നെ പൂട്ടുമോ?
" അവൾ തനിയെ എങ്ങനെപോകും അച്ചാ ......?"
'അമ്മ ചോദിക്കുന്നത് കേട്ട് ശോശക്കുട്ടി നടുങ്ങി.
എന്തായിരുന്നു അവരുടെ മനസ്സിലപ്പോൾ?
അതിനു വിഷമിക്കേണ്ട. കുട്ടപ്പായിയെ കൂട്ടി വിടാം
" അത് ശരിയാവില്ലച്ചാ ......"
" എങ്കിൽ ഞാനുംകൂടി പോകാം. അവൾക്കൊരു ഗതിയുണ്ടാവുന്ന കാര്യമല്ലേ...? അത്രയും ത്യാഗം ഞാനങ്ങു സഹിക്കാം. അപ്പോൾ ഞായറാഴ്ച യാത്രയ്ക്ക് തയ്യാറായിക്കോ. ബാക്കിയെല്ലാം ഞാൻ ക്രമീകരിച്ചോളാം".
ഒരു ചെറുചിരിയോടെ അച്ചൻ ഇറങ്ങിപ്പോയി.
No comments:
Post a Comment