Monday, 14 March 2022

 

 

അദ്ധ്യായം പതിനേഴ്

അനന്തമായി നീളുന്ന റയിൽപോലെ

 

മാനം പെട്ടെന്ന് കറുത്തു. ആകാശം തീ തുപ്പി. ഇടിവെട്ടേറ്റ്കൊമ്പൻ ആഞ്ഞിലിയുടെ തല തെറിച്ചുപോയി. അനേകം കിളികൾ വെന്തുരുകി.

ശോശക്കുട്ടി കട്ടിലിൽ കിടന്നു പിടഞ്ഞു. കനത്ത മഴയിലും കാറ്റിലും വീടിന്റെ മേൽക്കൂര തെറിക്കുമെന്നു തോന്നി.

കൊടുംവേനലിനൊടുവിൽ പ്രളയം. ഇടിയും മിന്നലും വകവയ്ക്കാതെ അവൾ  ഇറങ്ങിയോടി. പാടത്തിൽ വെള്ളമല്ലാതെ ഒന്നും കാണാനില്ല. കിഴക്കേ മലയിൽ ഉരുൾ പൊട്ടിയിരുന്നു. ചെളിയിൽ നീന്തി അവൾ  മറുകര കടന്നു.

റോഡിലൂടെ പെരുമഴയത്തോടുന്ന ശോശക്കുട്ടിയെക്കണ്ട് നാട്ടുകാർ അന്തംവിട്ടു. "എന്തുപറ്റി കൊച്ചിന്......?"  അവർ  മിഴിച്ചുനിന്നു.

"അപ്പന്റെ ജഡം കണ്ടേപ്പിന്നെ അതിന്റെ കണ്ണീർ തോർന്നിട്ടില്ല". ഉപ്പാന്റെ കടയിലിരുന്ന് ആരോ പറഞ്ഞു.

ശോശക്കുട്ടിയുടെ വരവുകണ്ട്രേവതി ടീച്ചറും ഗോപിസാറും അന്ധാളിച്ചു. ടീച്ചറുടെ മടിയിലേക്കു അവൾ  തളർന്നു വീണുപോയി.

ഇത്ര ഭയന്ന് അവളെ ഇന്നേവരെ ആരും കണ്ടിട്ടില്ലായിരുന്നു.

ഗോപിസാർ. അതൊരു കോട്ടയാണ്. അവിടെ സംരക്ഷണമുണ്ട്.

രേവതി ടീച്ചർ. ഭൂമി മാതാവാണ്. സഹനത്തിന്റെയും സ്നേഹത്തിന്റെയും ജ്വാലയാണ്.

ശോശക്കുട്ടിക്കറിയാമായിരുന്നു.

ടീച്ചറുടെ പരിചരണത്തിൽ  അവൾക്കു ശ്വാസവും ശക്തിയും തിരിച്ചു കിട്ടി. എങ്കിലും പല്ലുകൾ കൂട്ടിയിടിക്കുന്നുണ്ടായിരുന്നു.

"മോൾ ധൈര്യമായിട്ടിരിക്ക്". നിന്റെ സമ്മതമില്ലാതെ ആരും നിന്നെ കൊണ്ടുപോകില്ല. അച്ചനോട് നമുക്കു സംസാരിക്കാം. കാര്യമറിഞ്ഞപ്പോൾ ഗോപിസാർ സമാധാനിപ്പിച്ചു.

പ്രകൃതിയുടെ താണ്ഡവം ഒട്ടൊന്നടങ്ങിയപ്പോൾ ശോശക്കുട്ടിയെയും വിളിച്ചു ഗോപിസാർ പള്ളിമേടയിലേക്കു നടന്നു. അവരെക്കണ്ടപ്പോൾ അച്ചൻ തുള്ളലും ആട്ടവും ആരംഭിച്ചു. ചങ്കിൽകൊള്ളുന്ന തരത്തിൽത്തന്നെയാണ് ചോദിച്ചത്.

"നായർക്കെന്താ പള്ളിമേടയിൽക്കാര്യം.........?"

"ഒന്നുമറിയാത്ത കൊച്ചിനെ ഏതു മരുഭൂമിയിൽ കൊണ്ടെറിയാനാ അച്ചന്റെ ഭാവം ..............?"

ഗോപിസാർ അല്പം  ഗൗരവത്തിലാണ് അന്വേഷിച്ചത്.

"മരുഭൂമിയായാലും നടുക്കടലായാലും അവൾ  ഇവിടുന്നു പോവും. പോവണം. അവളുടെ ഭാവിയുടെ പ്രശ്നമാണത്. ഉള്ള കാലുമായി അവനവന്റെ മാളത്തിൽ കിടക്കുന്നതാ വരുത്തന്മാർക്ക്നല്ലത്..............."

ചങ്കിൽ ആണി തറയ്ക്കും പോലെയാണ് ഗോപിസാറിന് തോന്നിയത്. എങ്കിലും സംയമനം പാലിച്ചു.

"ഇവൾക്കെന്തെങ്കിലും സംഭവിച്ചാൽ അതിന്റെ ഭവിഷ്യത്തു അച്ചൻ അനുഭവിക്കേണ്ടി വരും......."

"പേടിപ്പിക്കാതെ പോടോ .......ഒറ്റക്കാലാ........" അച്ചൻ വാതിൽ കൊട്ടിയടച്ചു.

കയംപോലെ കിടന്ന പാടത്തിലേക്കു ശോശക്കുട്ടിയെ ഇറക്കിവിടാൻ ഗോപിസാറിനു മനസ്സുവന്നില്ല. അവൾ  നീന്തി മറുകരയണയുംവരെ  അദ്ദേഹം തെല്ലു പരിഭ്രാന്തിയോടെ നോക്കി നിന്നു.

രാത്രി ഉറഞ്ഞുതുള്ളി. ശവക്കോട്ട പിളർന്ന് ഒരുപാടു പ്രേതങ്ങൾ പുറത്തിറങ്ങിയതുപോലെയാണ് ശോശക്കുട്ടിക്ക് തോന്നിയത്. മത്തച്ചൻ കൊടുത്ത കടിഞ്ഞൂൽ പ്രേമലേഖനം പലയാവർത്തി വായിച്ചിട്ടും അവന്റെ ഫോട്ടോ നെഞ്ചിൽ വച്ചു കിടന്നിട്ടും അവൾക്കുറക്കം വന്നില്ല. ചിലപ്പോൾ കട്ടിലോടെ പൊങ്ങിപ്പോവുന്നു. അല്ലെങ്കിൽ ഭൂമിക്കടിയിലേക്ക് ആഴ്ന്നിറങ്ങുന്നു.

അതികാലത്തെ ചേറിലൂടെ നീന്തിത്തന്നെ രേവതി ടീച്ചർ പനംകുന്നിലെത്തി. ടീച്ചറുടെ വിരലുകൾ തളർന്നു കിടന്ന ശോശക്കുട്ടിയുടെ നെറ്റിത്തടത്തിൽ അല്പം ചൂടു പകർന്നു.നിസ്സഹായതയുടെ ഭാവം കണ്ട് ടീച്ചർക്ക് പനിപിടിച്ചു എന്നുപറയാം.

"ഈശ്വരാ ...... കുഞ്ഞിനെ നീയെന്തിനിങ്ങനെ പരീക്ഷിക്കുന്നു?" ടീച്ചർ അറിയാതെ പറഞ്ഞുപോയി.

ടീച്ചർ തട്ടിവിളിച്ചപ്പോൾ അവൾ  മെല്ലെ കണ്ണുകൾ വിടർത്തി.

"ഉർവ്വശീശാപം ഉപകാരമായെന്നു കരുതിയാൽ മതി......." ടീച്ചർ അവളുടെ ചെവിയിൽ മെല്ലെപ്പറഞ്ഞു.

ശോശക്കുട്ടിക്ക് മനസ്സിലായില്ല.

"നീ അച്ചന്റെ കണ്ണുവെട്ടിച്ചു ലക്നൗ സ്റ്റേഷനിലിറങ്ങണം. ഒന്നാം നമ്പർ പ്ലാറ്റ്ഫോമിലെ വെയ്റ്റിങ് റൂമിൽ നിന്റെ മത്തച്ചൻ കാത്തിരിപ്പുണ്ടാവും. എല്ലാം ഗോപിസാർ ഏർപ്പാടാക്കിയിട്ടിട്ടുണ്ട്. ഒട്ടും പേടിക്കേണ്ട ......."

വിശദമായ ഒരു കത്തും കുറച്ചേറെ രൂപയുള്ള കവറും ടീച്ചർ അവൾക്കു കൊടുത്തു.

ശോശക്കുട്ടിയുടെ മൂർദ്ധാവിൽ ഒരു ചുംബനം കൂടി നൽകിയിട്ടാണ് രേവതി ടീച്ചർ പോയത്. ഭയം പൂർണ്ണമായി മാറിയില്ലെങ്കിലും അകതാരിൽ എവിടെയോ അനുരാഗത്തിന്റെ ചില തന്ത്രികൾ ചലിക്കാൻ തുടങ്ങിയതായി അവളറിഞ്ഞു. കോശങ്ങളിൽ പുതിയൊരു സംഗീതം. സിരകളിൽ പുതിയൊരു താളലയം.

അഴിഞ്ഞുലഞ്ഞ മുടി വാരിക്കെട്ടി മുല്ലയുടെ ചോട്ടിലേക്കോടിച്ചെന്ന അവൾ ഉലഞ്ഞ മാവിൻകൊമ്പിൽ നിന്നടർന്നു തറയിൽ വീണ വള്ളി കണ്ട് കരഞ്ഞുപോയി.

"എന്നെപ്പോലെ നീയും തളർന്നുപോയോടി....... പെണ്ണേ......" തകർന്ന മുല്ലതണ്ടെടുത്തു മടിയിൽവച്ചവൾ കിന്നാരം പറഞ്ഞു. വീഴാതെ പിടിച്ചുനിന്ന ഒരു മൊട്ടുമാത്രം ചിരിതൂകുന്നുണ്ടായിരുന്നു. മുല്ലമൊട്ടിൽ മുത്തമിടുമ്പോൾ തന്റെ ശരീരം കോരിത്തരിക്കുന്നതും ഹൃദയം ശക്തിയായി പിടക്കുന്നതും അവളറിഞ്ഞു.

തന്റെ മുല്ലയിൽ മൊട്ടുവിരിഞ്ഞ കാര്യം മത്തച്ചനോട് പറഞ്ഞപ്പോൾ അന്നൊരിക്കൽ കാണാൻ വന്നതല്ലേ....? മൊട്ടിൽ പിടിച്ചുകൊണ്ട് അന്ന് ചോദിച്ചില്ലേ ........?

" മൊട്ട് ഞാനിറുത്തോട്ടെ പെണ്ണെ......?"

"വിടരും മുമ്പേ പറിക്കാൻ കൊതിയായോ ............... ചെറുക്കന്?"

ഉള്ളിൽ കുളിരുകോരിയില്ലേ..........?

"വിടരുംവരെ കാത്തിരിക്കാൻ പറ്റണ്ടേ പെണ്ണെ ......?"

"പൂ വിടരുംവരെ കാണാനുള്ള ക്ഷമയില്ലെങ്കിൽ ജീവിതം തളിരിടുന്നതു കാണാനാവുമോ പൊന്നേ......?"

എന്തൊരു സാഹിത്യമാണ് പുലമ്പിയത്?. പുസ്തകങ്ങൾ തന്ന് തന്നെയൊരു സാഹിത്യകാരിയാക്കിയതെന്തിനാ?.

ഞായറാഴ്ച ആരാധനകഴിഞ്ഞയുടനെ പെട്ടിയും പ്രമാണവും തൂക്കി ഇറങ്ങുന്ന ഇലവുമൂടച്ചനെക്കണ്ട് കൊച്ചമ്മ കന്നം തിരിഞ്ഞു.

"ഇതിയാനിതു വല്ലതും പുതുക്കാനായുള്ള പുറപ്പാടുതന്നെയാ..... പഴേ കാലമൊന്നുമല്ലെന്നു കരുതിക്കോ. കുപ്പായമിട്ടോണ്ട്ജയിലിച്ചെന്നാലേ.... അവർ കൂമ്പിടിച്ചു വാട്ടിക്കളയും. പിന്നെ കാണാൻ കൊള്ളത്തില്ല......."

അച്ചന്റെ വായിൽ കയ്പ്പ് നിറഞ്ഞെങ്കിലും കൂർബ്ബാന കഴിഞ്ഞിറങ്ങിയതെയുള്ളല്ലോ എന്നോർത്തപ്പോൾ തുപ്പാതെ വിട്ടു.

കാൽസറായിയുമണിഞ്ഞു എവിടുന്നോ കടം വാങ്ങിയ ഒരു കറുത്ത കണ്ണടയും ഫിറ്റു ചെയ്തു കുട്ടാപ്പി കാലേകൂട്ടി വന്ന് അച്ചനെക്കാത്തു അക്ഷമനായി നിൽക്കുന്നുണ്ടായിരുന്നു.

"കടലിനക്കരെ പോണോരെ .........

കാണാപ്പൊന്നിനു പോണോരെയ് ....."

എന്നൊക്കെ പലയാവർത്തി തിരിച്ചും മറിച്ചും അവൻ പാടി.

കുളിച്ചീറൻ  മാറിവരുന്ന ശോശക്കുട്ടിയെക്കണ്ടപ്പോൾ പാട്ടിനു സ്പീഡ് കൂടി.

"നല്ല അനുസരണയുള്ള മോൾ......." പാട്ടു നിർത്തി അവൻ ആത്മഗതം ചെയ്തു. സാരിയുടെ തുമ്പത്തു പിടിക്കാനോ , പാവാടയുടെ ഞൊറിവു വിടർത്താനോ അവൾ തന്നെക്കൂടി വിളിച്ചിരുന്നെങ്കിൽ എന്നവനാശിച്ചു.

അച്ചനെക്കണ്ടപ്പോൾ കുട്ടാപ്പിയുടെ ഉത്സാഹം വർദ്ധിച്ചു.പാട്ടിനൊപ്പം ചെറിയൊരു ഡാൻസിന്റെ ചുവടുകളുമായി പിന്നെ.

ഇളം നീല ഹാഫ്സാരിയും ചുറ്റി കുങ്കുമപ്പൊട്ടും തൊട്ട് എയർബാഗും തൂക്കിയിറങ്ങി വന്ന ശോശക്കുട്ടിയെ കണ്ടപ്പോൾ കുട്ടാപ്പിക്കു വിറയലായി. ഇലവുമൂടച്ചനു വല്ലാത്തൊരുന്മാദം.

ചാക്കോച്ചന്റെ ഫ്രയിം ചെയ്ത ചിത്രത്തിനു മുന്നിൽ അവൾ  നിറമിഴികളുമായി നിന്നു. എന്നും കാലത്തെ ഒരു മുല്ലമാല അതിലണിയിക്കുന്ന പതിവുണ്ടായിരുന്നു. പതിവുകളൊക്കെ തെറ്റുകയാണല്ലോ. മുല്ലയും തളർന്നുപോയില്ലേ?

ശിലപോലെനിന്ന അമ്മയെ കെട്ടിപിടിച്ചവൾ ഒത്തിരി കരഞ്ഞു. ആദ്യമായി കൂടുവിട്ടിറങ്ങുന്ന കിളിക്കുഞ്ഞിന്റെ മനസ്സല്ലായിരുന്നോ?.

"അമ്മച്ചി വിഷമിക്കല്ലേ...... ഞാൻ വേഗം പോന്നോളാം......"

താൻ പറന്നുപോയാൽ അമ്മക്കിളി പിന്നെ അധികകാലം ജീവിച്ചിരിക്കുമോ എന്നവൾക്കു ഭയമുണ്ടായിരുന്നു. എങ്കിലും നിവൃത്തിയില്ലല്ലോ.

മറിയം ഓടിക്കിതച്ചു വന്നു. കൂട്ടുകാരിയെ യാത്രയാക്കാൻ. രണ്ടുപേരും കൂടി മുറിയിൽ കയറി വാതിലടച്ചു. കുറെ രഹസ്യങ്ങൾ കൈമാറി. പിന്നെ കെട്ടിപിടിച്ചു കരഞ്ഞു.

അച്ചനും കുട്ടാപ്പിയും തട്ടുപൊളിക്കും എന്ന ഘട്ടം വന്നപ്പോൾ ഇറങ്ങിച്ചെന്നു.

സ്റ്റേഷനിലെത്തിയപ്പോഴാണ് താൻ കബളിക്കപ്പെട്ടിരിക്കുന്നു എന്ന തിരിച്ചറിവ് കുട്ടാപ്പിക്കുണ്ടായത്. അച്ചനും ശോശക്കുട്ടിക്കും ടിക്കറ്റ് ഫസ്റ്റ്ക്ലാസിൽ. അവനു തേർഡ്ക്ളാസിലും. വാലിൽ തീ പിടിച്ച വാനരനെപ്പോലെ അവൻ കിടന്നു വട്ടം ചാടി.

" എടാ കുട്ടാപ്പി....... തേർഡ് ക്ളാസിൽ കിടന്നാൽ ഡൽഹിയിൽ ചെല്ലുമ്പോഴേക്കും ഞാൻ കാഞ്ഞുപോകും. നീ നല്ല ചെറുപ്പമല്ലേ........? കുഴപ്പമില്ല. ശോശക്കുട്ടി പിന്നെ കുഞ്ഞല്ലേ.......? തളിരല്ലേ....? കാലമാടന്മാർ കിടന്നു ചിന്നം വിളിക്കുന്നിടത്തു അവളെയങ്ങനെ ഉപേക്ഷിക്കാൻ പറ്റുമോ?".

അച്ചന്റെ ന്യായവാദങ്ങളൊന്നും കുട്ടാപ്പിയുടെ വാലിലെ തീയണച്ചില്ല. അവന്റെ പുറം പൊള്ളിയതു കൂടാതെ പ്രധാന കേന്ദ്രങ്ങളിലേക്കും തീ പടർന്നു.

എങ്കിലും ചൂളം വിളി കേട്ടപ്പോൾ അവൻ തീവണ്ടിയിൽ ചാടി കയറി.

"കത്തനാരായിപ്പോയി. അല്ലെങ്കിൽ ഞാൻ കാണിക്കാമായിരുന്നു". അവൻ വിളിച്ചുകൂവി.

എങ്കിലും ഓരോ സ്റ്റേഷനിൽ  വണ്ടി നിറുത്തുമ്പോഴും കുട്ടാപ്പി ചാടി വന്നു ഫസ്റ്റ് ക്ളാസിൽ എത്തിവലിഞ്ഞു നോക്കുമായിരുന്നു. അച്ചനും ശോശക്കുട്ടിയും സ്വച്ഛമായി മയങ്ങുന്നതു കാണുമ്പോൾ തിരികെപോവും. പേ പിടിച്ചവനെപ്പോലെ.

ഫസ്റ്റ് ക്ളാസ്സിലെ കുളിരിലും അച്ചൻ കിടന്നു ഞെളിപിരികൊണ്ടു. രാത്രി ഏറെയായിട്ടും തലയിണ തിരിച്ചും മറിച്ചും വച്ചുനോക്കിയിട്ടും ഉറങ്ങാനാവുന്നില്ല. കുടുകുടെ വിയർക്കുകയും ചെയ്യുന്നു. പുറം തിരിഞ്ഞുകിടന്നു സുഖമായി ഉറങ്ങുന്ന ശോശക്കുട്ടിയെ നോക്കുമ്പോഴൊക്കെ അച്ചനൊരു വെപ്രാളം. പലപ്രാവശ്യം തോന്നി അവളെയൊന്നു തട്ടിയുണർത്താൻ. കൈ പലവട്ടം  അവളുടെ തോൾവരെ നീണ്ടതാണ്. പക്ഷേ അന്നേരം ഒരു ഉൾവലിവ്. എന്തോ എവിടേയോ കൊത്തിവലിക്കുന്നു.

കണ്ണടച്ചു കിടന്നെങ്കിലും ശോശക്കുട്ടി ഉറങ്ങിയിരുന്നില്ല. അനന്തമായി നീളുന്ന റയിൽപോലെ അവളുടെ വിചാരങ്ങളും നീണ്ടുപോയി. തീ തുപ്പിപായുന്ന എഞ്ചിൻ കണക്കെ അവളുടെ ഹൃദയവും ശീഘ്രഗതിയിൽ തുടിച്ചുകൊണ്ടിരുന്നു.

മത്തച്ചൻ ആദ്യം മദ്രാസിനുപോയപ്പോൾ ചോദിച്ചു.

"നീ വരുന്നോ പെണ്ണെ.....?"

"ചെറുക്കന് ധൈര്യമുണ്ടോ കൊണ്ടുപോവാൻ.........?"

അന്നവൻ തലകുനിച്ചുനിന്നു.

തന്റെ കൈയ്യെത്തും ദൂരത്തു നിൽക്കുന്നു എവിടേക്കു വിളിച്ചാലും പോവാൻ റെഡിയായിട്ടൊരു പാവം.

അന്നു പറക്കമുറ്റാത്ത കിളികളായിരുന്നു എങ്കിലും പറക്കാൻ ഏറെ മോഹമായിരുന്നു. ശോശക്കുട്ടി ബർത്തിൽ നെഞ്ചമർത്തി നിശ്വാസമുതിർക്കുന്നതും തലയിണയിൽ കെട്ടിപ്പിടിച്ചുകിടന്നു കാലിട്ടടിക്കുന്നതും മറ്റും കണ്ടപ്പോൾ ഇലവുംമൂടച്ചനു  ഭ്രാന്തുപിടിച്ചു.

 

……………………………………………………………………………………………………………………

 

No comments:

Post a Comment