ഉഗ്രൻ കുന്നിന്റെ
പുരാവൃത്തം (നോവൽ )
By ഡോ.
ഏബ്രഹാം കരിക്കം
ആദ്ധ്യായം പന്ത്രണ്ട്
പൊട്ടിത്തെറിച്ചാൽ ഹിരോഷിമ
വിദേശത്ത് പഠനം പൂർത്തിയാക്കി വന്ന മിൽട്ടൺ മാസ്റ്ററെ പ്രിൻസിപ്പലാക്കിയിട്ടു സായിപ്പ് അമേരിക്കയിലേക്ക് മടങ്ങിപ്പോയി. സ്വന്തം കാലിൽ നിൽക്കാൻ ഇന്ത്യക്കാർ പ്രാപ്തരായെന്നും മിഷനറിമാരുടെ സേവനം ഇനി ആവശ്യമില്ലെന്നും അദ്ദേഹം നേരത്തെ എഴുതിയിരുന്നത് വാഷിംഗ്ടൺ ഹെഡ് ഓഫീസ് അംഗീകരിച്ചു. മത്തച്ചനെ ആനുമോദിക്കുന്ന മീറ്റിങ്ങിലായിരുന്നു അദ്ദേഹം അവസാനമായി സംബന്ധിച്ചത്.
ഹൃദയസ്പൃക്കായ വിടവാങ്ങൽ പ്രസംഗത്തിൽ നൂറ്റമ്പത് വർഷങ്ങൾക്കപ്പുറമുള്ള ഉഗ്രൻ കുന്നിന്റെ ചിത്രം അദ്ദേഹം വരച്ചുകാട്ടി. പഴയ റിപ്പോട്ടുകൾ ധാരാളമായി ഉദ്ദരിച്ചു.
മറ്റു ജാതിക്കാരോടൊപ്പം ആദ്യമായി പറയനെയും പുലയനെയും ഹോസ്റ്റലിൽ താമസിപ്പിച്ച ദിവസം നാട്ടിലെ സവർണ്ണരെല്ലാം ലഹളയ്ക്ക് വന്നു. തന്റെ പൂർവികരെ അവർ ചുട്ടു കൊന്നേനെ. കൈയ്യിൽ തോക്കുണ്ടായിരുന്നതിനാൽ രക്ഷപെട്ടെന്നു പറയാം. അതും ഒരു തരം നക്സലിസം ആയിരുന്നു. ഒരുപാടു യോദ്ധാക്കൾക്കെതിരെ ഒരു തോക്കുമായി.
സകല ജാതികളെയും ഒരു കൂരയ്ക്ക് താഴെ പാർപ്പിക്കുക എന്ന ഏറ്റവും വലിയ വിപ്ലവത്തിൽ വിജയിച്ചു. എല്ലാവർക്കും വിദ്യാഭ്യാസവും തൊഴിലും എന്ന മുദ്രാവാക്യം പ്രാവർത്തികമാക്കി. കാട്ടിൽ കരിഞ്ഞു പോകുമായിരുന്ന ഒരുപാട് പുഷ്പ്പങ്ങൾക്കു പുതു ജീവൻ പകർന്നു. മദ്യം, മയക്കു മരുന്ന് തുടങ്ങിയ ലഹരി വസ്തുക്കളോട് തുറന്ന യുദ്ധം തന്നെ പ്രഖ്യാപിച്ചു.
പോവുമ്പോൾ ആന വലിപ്പമുള്ള പട്ടിയെ മാത്രം അമേരിക്കയിലേക്ക് കൊണ്ട് പോയില്ല. ഗോപി സാർ അവധി കഴിഞ്ഞു തിരിച്ചെത്തിയ ദിവസം പട്ടിക്ക് ഒരു അസുഖം പിടിച്ചു. അത് പടിഞ്ഞാറോട്ടു നോക്കി നിർത്താതെ കുരയ്ക്കാൻ തുടങ്ങി. കുരച്ചു കുരച്ചു ചുമയായി. ഒടുവിൽ നാട്ടിലെ ഏക മൃഗ ഡോക്ടർ വന്നു വിലകൂടിയ മരുന്നുകൾ കുത്തി വച്ചു. പക്ഷെ പെട്ടെന്ന് തുടങ്ങിയ കുര അവസാനിച്ചില്ല. അവസാന ശ്വസം വരെയും സായിപ്പിന്റെ പട്ടി കുരച്ചു കൊണ്ടേയിരുന്നു. യജമാനൻ പോയ വിഷമം കുരച്ചു തീർത്തതാണെന്ന് ആരോ സമർത്ഥിക്കുകയും ചെയ്തു.
ജൂൺ ഒന്നിന് സ്കൂൾ തുറന്നു. കാല വർഷം കലിതുള്ളി എത്തുകയും ചെയ്തു. പതിവ് പോലെ ശോശക്കുട്ടി കാലത്തെ ഉണർന്നു സ്കൂളിൽ പോകാൻ റെഡിയായെങ്കിലും ഇതികർത്തവൃഥാമൂഢയായി മാനം നോക്കി നിന്നു. പെട്ടെന്ന് അവൾ അനാഥയായപോലെ.
ഏഴുമണിക്ക് സ്കൂളിൽ എത്താൻ ആറുമണിക്കിറങ്ങി നടക്കണം. ഇതുവരെ ഒരാണിന്റെ നിഴൽ പറ്റി നടന്നാൽ മതിയായിരുന്നു. ഇനി......
അവൾക്കൊന്നുറക്കെ കരയണമെന്നു തോന്നി. എങ്കിലും സ്വയം നിയന്ത്രിച്ചു. അതിർത്തി കാക്കുന്നൊരു പട്ടാളക്കാരന്റെ മകളാണ് താൻ. ഏതു ഘോര വിപത്തിനെയും നേരിടാനുള്ള മനക്കട്ടി തനിക്കുണ്ടായിരിക്കണം. തളർന്നു കൂടാ.
നീളൻ പാവാടയും ഉടുപ്പുമിട്ടു , മുടിയിൽ മുല്ലപ്പൂവും ചൂടി പുത്തൻ കുടയും പിടിച്ചു അവൾ ഒരുങ്ങിയിറങ്ങിയപ്പോൾ തന്റെ മകളുടെ തരിപ്പുകണ്ടു അമ്മയും ഒന്ന് ഞെട്ടി.
വയൽ കടന്നു, മല കയറി അവൾ ഒറ്റയ്ക്ക്. അറിയാതെ അവളുടെ കണ്ണുകൾ മത്തച്ചന്റെ വീടിന്റെ ഇടവഴിയിലേക്ക് നീണ്ടു.
ഒരാൺതുണയുള്ളപ്പോൾ അല്ലലില്ലാ എന്ന തത്വം ഏറെ അനുഭവിക്കുന്നവളാണല്ലോ താൻ. അദ്ദേഹമുള്ളപ്പോൾ താനൊരു നിധിയാണ്. അല്ലാത്തപ്പോൾ തൃണവും.
പാടങ്ങൾക്കു നടുവിലൂടെ മത്തച്ചൻ അതിവേഗം വരുന്നത് അമ്മയും മോളും കണ്ടു. അമ്മയുടെ കണ്ണുകളിൽ തിളക്കം. ശോശക്കുട്ടിയുടെ ഉടലാകെ കോരിത്തരിച്ചു. നെഞ്ചുമിടിപ്പിന് കട്ടികൂടി. മാറിടം വിജൃംബിതമായി.
" വാ പെണ്ണേ പാതി വഴിയെങ്കിലും ഞാനും വരാം....." തെല്ലകലെ നിന്നവൻ വിളിച്ചു. അമ്മയുടെ ചുണ്ടിൽ ഒരു ചെറുചിരി വിടർന്നു.
"പാതി വഴിയിൽ എന്നെ വിട്ടിട്ട് പോകുമോ......"? നടക്കുമ്പോൾ അല്പം പരിഭവത്തോടെ ശോശക്കുട്ടി ചോദിച്ചു.
ഇവൾ പഴയ പെൺകൊടിയല്ല. നിറഞ്ഞൊരു തരുണിയായിരിക്കുന്നു വാക്കുകൾക്കു നിറം കൊടുക്കാൻ തുടങ്ങിയിരിക്കുന്നു. അർത്ഥത്തില് ആഴവും . സൂക്ഷിക്കണം. മാത്തച്ചൻ മനസ്സിൽ പറഞ്ഞു.
" പറയുന്നത്രയും നാഴിക നിന്നോടൊപ്പം ഞാൻ നടക്കാം. പോരേടി ഡാഷ് കുട്ടീ....."
ഉടലിൽ പിന്നെയും കോരിത്തരിപ്പ്. അവളുടെ
ചുണ്ടിൽ പവിഴങ്ങൾ പൊഴിഞ്ഞു. അവർ
നടന്നു. സായിപ്പില്ലാത്ത സായിപ്പിന്റെ
കുന്നിലേക്ക്.
ടു - ഇൻ - വൺ ടേപ്പ് റെക്കോർഡറുമായി ചിലരൊക്കെ തിരുവനന്തപുരം വിമാനത്തവാളത്തിൽ വന്നിറങ്ങാൻ തുടങ്ങിയിരുന്നു. വലിയ പെട്ടികൾ ഡിക്കിയിൽ വച്ച് ചിലർ കാറിൽ എം. സി റോഡിലൂടെ വടക്കോട്ടു പ്രയാണമാരംഭിച്ചു. വലിയൊരു മെത്തയും വച്ച് കെട്ടി ഇതുപോലൊരു ദിവസം കാറിൽ നാട്ടുകാരുടെ മുമ്പിൽ വന്നിറങ്ങുവാൻ കൊതിക്കാത്ത ആണുങ്ങളുണ്ടോ ?
മെത്ത കാണുമ്പോഴേ തീരുമാനിക്കാം അവൻ കല്യാണം കഴിക്കാൻ ഉറച്ചു തന്നെ വന്നിരിക്കുകയാണെന്ന്. പണ്ട് പുരപ്പുറത്തു കോണകം ഉണക്കാനിടുന്നതിന്റെ അതെ ധ്വനി.
മലയിലെ ജോണിയുടെ സ്ഥിരം പല്ലവി ഇതായിരുന്നു.
" റെയ്ബാൻ ഗ്ലാസും വച്ച്, സ്വർണ്ണ ചെയിനുമിട്ടു , വലിയ മെത്തയുമായി ഞാനും വരുമെടാ ഒരിക്കൽ".
പക്ഷെ ഒന്നവനറിയാമായിരുന്നു. സ്വാമിയുടെ മലയിൽ നെല്ലിക്കയുള്ളിടത്തോളം തൻ പത്താം ക്ലാസ് ജയിക്കില്ലെന്ന്. അവൻ നെല്ലിമരങ്ങളെ പ്രണയിച്ചിരുന്നു.
അത് മാത്രമായിരുന്നില്ല പ്രശ്നം. ബാലജനസഖ്യത്തിന്റെ സെക്രട്ടറി ആകാൻ പറ്റാത്തതിന്റെ വിഷമം പല പ്രകാരേണ പ്രകടിപ്പിക്കാൻ നോക്കി. പുര മേയാൻ പോയാൽ പുരപ്പുറത്തു നിന്ന് ആരെയെങ്കിലും തള്ളി താഴെയിടും. റോഡ് വെട്ടിനു മണ്കുട്ടയും തലയിൽ വച്ച് ആരെങ്കിലും പോയാൽ കാൽ നീട്ടിക്കൊടുക്കും. അവർ കുട്ടയുമായി മൂക്കിടിച്ചു താഴെ വീഴും.
ഗോപി സാർ ഒരിക്കൽ പറഞ്ഞു, അവന്റെ അപ്പനെ ഒന്ന് കാണണമെന്ന്. ജനിച്ചപ്പോഴേ അവന്റെ തലച്ചോറിന് ഒരു വളവുണ്ടെന്നും അവന്റെ അപ്പൻ ഇയാഗോയുടെ ചേട്ടനായിരിക്കുമെന്നും പറഞ്ഞപ്പോൾ എല്ലാവരും ചിരിച്ചു. അന്നുമുതലാണ് മത്തച്ചനും നാട്ടിലെ അപ്പന്മാരെ കാര്യമായി ശ്രദ്ധിക്കാൻ തുടങ്ങിയത്.
പത്തിലെ പരീക്ഷയിൽ തോറ്റതറിഞ്ഞതോടെ ജോണി നാട് വിട്ടു. വീട്ടിൽ ഏറെ പിള്ളേരുണ്ടായതിനാൽ വീട്ടുകാരും അത്ര ബേജാറായില്ല. തോറ്റ ലാലുവും പ്രഭയും ബോംബയ്ക്കു വണ്ടി കയറിയതോടെ സായന്തന ഡർബാറിൽ ജനസംഖ്യ കുറഞ്ഞു.
ജോണി പെട്ടെന്ന് നാട് വിടാൻ മറ്റൊരു കാരണം കൂടിയുണ്ടായിരുന്നു. ഉഗ്രൻകുന്നുകാർക്കു മാത്രമായി അപ്പന്മാർ കണ്ടു പിടിച്ച ഒരു രഹസ്യ ഭാഷയുണ്ട്. വളരുന്ന മുറയ്ക്ക് ചെറുപ്പക്കാരെല്ലാം അത് ഹൃദ്യസ്ഥമാക്കും. കുറച്ചുനാൾ സായന്തന ഡർബാറിലെ ഭാഷയും അതായിരുന്നു - ഡാമഡായി.
ഈ കോഡ് ഭാഷയുടെ കാതൽ താഴെപ്പറയുന്ന അക്ഷരങ്ങളാണ്. വേഗത്തിൽ പഠിച്ചെടുക്കാവുന്നതേയുള്ളു.
അസ്പ കദ ഗഡ തശ നല
പര മന
യണ ജസ്‍ത ഞഖ വസ സ്‌നങ്ക
ഷല്ല
ളഭ ധഴ സ്ക്കട്ട ന്റന്ന
ത്തറ ക്ഷണ
ബ്ളക്ക ഞ്ചപ്ന പറ്റ
സ്സഞ്ഞ ചബ ങ്ങട
സ്മമ്പ ഹന്ത ന്നപ്ര
ചമ്മ ൾക്കണ്ട വ്വള്ള
യ്യദ്ധ ൻ - ന്റസ്
ർ - ർ ക്കസ് ൾ - ൾക്കസ്
ൺ - ൺക്കസ് .
എന്തക്ഷരം പറയാൻ ഉദ്ദേശിക്കുന്നോ അതിനു കൂടെയുള്ള മറ്റേ അക്ഷരം പറയണം എന്നതാണ് നിയമം. വള്ളിയും പുള്ളിയും ഒപ്പം ചേർക്കണം - സ്പച്ച = അമ്മ . സ്പറ്റൻ = അപ്പൻ. പറങ്കേണ്ടി കച്ചവടക്കാർ തമ്മിൽ കാണുമ്പോൾ " സ്പൾക്കി സ്പുൾകോങ്ങേ" എന്നാണ് ചോദിക്കുക. " അണ്ടി ഉണ്ടോടെ" എന്നർത്ഥം . നല്ല ഒഴുക്കോടെ ഡാമഡായി പറയുന്ന വയസ്സന്മാരെ കണ്ടിട്ട് ഗോപിസാർ ഒരിക്കൽ പറഞ്ഞു ഇവരുടെ പൂർവികർ പാണിനിയുടെ ശിഷ്യരായിരിക്കണമെന്ന്.
അല്പം ബുദ്ധിമുട്ടിയാണെങ്കിലും ജോണിയും ഡാമഡായി പഠിച്ചു. പക്ഷെ അതിനു
ശേഷം അവൻ ആരെ
കണ്ടാലും " രോങ്ങാ നണിപേ " എന്നേ
പറയു. ശോശക്കുട്ടിയുടെ
അപ്പൻ അവധിക്കു വന്ന ദിവസം
ജോണിയുടെ കണ്ണിൽപ്പെട്ടു. കണ്ടയുടനെ അവൻ വിളിച്ചു
കൂവി. "രോങ്ങാ നണിപേ........" പട്ടാളം ചാക്കോച്ചൻ
അവനെ പിടിച്ചു കുനിച്ചു
നിർത്തി ഒരിടി കൊടുത്തു. കൂട്ടുകാർ എല്ലാരും
കാണെ തന്നെ ഇടിച്ചതിലായിരുന്നു ജോണിക്കു പ്രയാസം. ഇനി ഈ നാട്ടിൽ നിന്നിട്ടു കാര്യമില്ലെന്നു
അന്നവൻ തീരുമാനിച്ചതാണ്.
എസ്. എസ് . എൽ .സി ജയിച്ചവരിൽ ചിലർ ടൈപ്പും ഷോർട്ട് ഹാൻഡും പഠിക്കാൻ തീരുമാനിച്ചു. അക്കരെ കടക്കാൻ അതാണത്രേ കേമം. മത്തച്ചനും രവിയും കോളജിൽ ചേരാൻ തീരുമാനമായി. കൂട്ടുകാർ അവർക്കു കീജയ് വിളിച്ചു.
കോളജിൽ ഇന്റർവ്യൂവിനു പോകേണ്ട ദിവസം മത്തച്ചൻ കുളിച്ചൊരുങ്ങി. ഇത് വരെ നിക്കറും മുണ്ടും മാറിമാറി അണിഞ്ഞ പയ്യൻ മേലിൽ മുണ്ടു മാത്രം. അതും ഖദർ മാത്രം. വൈദേശികമായതൊന്നും വേണ്ട എന്ന് എത്രയോ നേരത്തെ അവൻ തീരുമാനിച്ചിരുന്നു.
അപ്പോൾ തേയി വീട്ടിലേക്കു കയറി വന്നു.
" എന്റെ കൊച്ചമ്പ്രാൻ കോളേജിലായോ ......."
" അതെ തേയിയേ......."
മൂടിപുതച്ചെ തേയി നടക്കു. മുണ്ടിന്റെ അറ്റത്തു കെട്ടിയിരിക്കുന്ന കാലണ, അരയണത്തുട്ടുകൾ പോയ കാലത്തിന്റെ മാപ്പു സാക്ഷികൾ. ആ ചില്ലറയിൽ ആരെങ്കിലും തൊട്ടാൽ തേയി പൊട്ടിത്തെറിക്കും. ശപിക്കും. ആരും അതിനു ധൈര്യപെടാറില്ല. തേയിക്കു കാലണ കൊടുക്കാൻ എല്ലാവർക്കും ഉത്സാഹമാണ്. അനുഗ്രഹിക്കും.
'അമ്മ പത്ത് പൈസയുടെ ഒരു തുട്ടുമായി വന്നു.
" തേയിക്കു കൊടുക്കെടാ......"
മത്തച്ചൻ തേയിയുടെ കരം പിടിച്ചു തുട്ടു ഇട്ടു കൊടുത്തു.
" കൊച്ചമ്പ്രാനെ തൈവം അനുഗ്രഹിക്കും".
തേയി ഇറങ്ങിയപ്പോൾ കാക്കാത്തി കയറി.
" അമ്മാ .......ഭാഗ്യം വരണമ്മാ............ഫലം പറയാമമ്മാ......കട്ടിപ്പാപ്പറയുമമ്മാ........കൈ നോക്കട്ടെ കൊമ്പാ ....."
" ഇവിടെ കയ്യും കാലുമൊന്നും നോക്കണ്ട ........"'അമ്മ പിറുപിറുത്തു.
" ഇവിടെ ഊരുചുറ്റുന്നൊരു കൊമ്പനുണ്ടമ്മാ ........ധൈര്യശാലി.........ഭാഗ്യശാലി........കറക്റ്റായി ഫലം പറയാമമ്മാ........"
"ചക്കയോ മാങ്ങയോ വേണമെങ്കിൽ എടുത്തിട്ട് പോ തള്ളേ". 'അമ്മ പറയുന്നത് കേട്ടു.
541 മാർക്കിന്റെ ബൂക്കുമായി മാത്തച്ചൻ പ്രിൻസിപ്പലിന്റെ സന്നിധിയിൽ നിലയുറപ്പിച്ചു. 552 ആയിരുന്നു സ്റ്റേറ്റിലെ ഒന്നാം റാങ്ക്.
കോളജ് എന്ന് പറയാൻ ഒരു കൊച്ചു കെട്ടിടവും മൂന്നു നാല് ഓലഷെഡ്ഡുകളും മാത്രമേ ഉണ്ടായിരുന്നുള്ളു. എങ്കിലും പ്രിൻസിപ്പലിന്റെ ഓഫീസിൽ വിശാലം. അച്ചന്റെ മേശ ഗംഭീരം. അത്രയും വലിപ്പമുള്ള മേശ മത്തച്ചൻ ആദ്യം കാണുകയാണ്.
മൂന്ന് എം .എ ഉള്ള ജോ അച്ചനായിരുന്നു പ്രിൻസിപ്പൽ.
മത്തച്ചനെ അച്ചൻ അടിമുടി ഒന്ന് നോക്കി. കൂടെ വന്ന ചേട്ടനെയും. " നീ കമ്മ്യൂണിസ്റ്റാണോ ........"? അച്ചന്റെ ഗർജ്ജനം.
പിന്നിൽ നിന്ന് പെട്ടെന്നാരോ തന്നെ കുത്തിയതുപോലെയാണ് മത്തച്ചന് തോന്നിയത്. അവൻ ഒന്നും മിണ്ടിയില്ല.
" അത് അങ്ങനെയൊന്നുമില്ലച്ചാ ...." ചേട്ടൻ പതിയെ അനുനയിപ്പിക്കാൻ ശ്രമിച്ചു.
" അവൻ പറയട്ടെ. അവനെപ്പറ്റിയുള്ള വിവരങ്ങളെല്ലാം കൃത്യമായി എനിക്ക് ഒരാൾ എത്തിച്ചിട്ടുണ്ട്. വിശ്വസിക്കാവുന്നയാളുമാണ്. ...."
അച്ചൻ വിടുന്ന മട്ടു കണ്ടില്ല.
" എന്താ നിനക്കൊന്നും പറയാനില്ലേ....."?
വീണ്ടും പ്രിൻസിപ്പൽ.
" ഞാനാരാണെന്നു ഞാൻ അന്വേഷിക്കയാണച്ചാ....അതിനല്ലേ വിദ്യാഭ്യാസം .....?"
തത്വശാസ്ത്രത്തിൽ എം എ യുള്ള ജോ അച്ചൻ ഒന്ന് കുലുങ്ങി. മത്തച്ചന്റെ തിളക്കമാർന്ന കണ്ണുകളിലേക്കു ഒരു നിമിഷം നോക്കി. അനന്തതയെ പുണരാൻ വെമ്പുന്ന നീലക്കണ്ണുകൾ.
അച്ചൻ ഗോപ്യമായി ഒന്ന് ചിരിച്ചു. എന്നിട്ടു മന്ദമായി ചോദിച്ചു.
" ഏതു ഗ്രൂപ്പ) നിനക്ക് വേണ്ടത്....."?
" ഹിസ്റ്ററിയും എക്കണോമിക്സും ....."
" ഓ ......കെ ....ഗോ ...എഹെഡ് ........."
ജീവിതത്തിലെ ഒന്നാമത്തെ ഇന്റർവ്യൂ സ്തോഭജനകവും എന്നാൽ മധുരതരവുമായതിൽ മത്തച്ചൻ സന്തോഷിച്ചു.
ഒന്നാമത്തെ ഇന്റർവ്യൂ എന്ന് വിളിക്കാമോ ? ആദ്യത്തെ കൂടി കാണൽ എവിടെയായിരുന്നു. അനന്തതയുടെ തീരത്ത്, ആരും കാണാ മറയത്ത്, ആത്മാവ് ഭൂമിയിലേക്ക് കടക്കാൻ നടത്തിയ ഇന്റർവ്യൂ ആരുടെ മുന്നിലായിരുന്നു ?
അന്നത്തെ ചോദ്യങ്ങൾ ഏതു തരമായിരുന്നിരിക്കണം?
" എന്താണ് നിന്റെ ഉദ്ദേശ്യം?'
എത്രനാൾ വേണം......."
മടങ്ങിപ്പോരും എന്നുറപ്പാണോ?
" ലക്ഷ്യം മറന്നാലുള്ള ശിക്ഷ അറിയാമോ"?
ഫീസെല്ലാം അടച്ചു കോളജിന്റെ പടിയിറങ്ങുമ്പോൾ കണ്ടു വിവിധ പാർട്ടികളുടെ ബാനറുകൾ. സ്വാഗതം സഖാവെ....സ്വാഗതം
മത്തച്ചൻ സ്വാഗതം ചേർന്ന് എന്നറിഞ്ഞപ്പോൾ ഇലവുംമൂടച്ചൻ സ്തംഭിച്ചു. അങ്ങനെ സംഭവിച്ചോ? തന്റെ സർട്ടിഫിക്കറ്റിന് ഒരു വിലയും ഇല്ലെന്നായോ ?
വായിൽ തോന്നിയതൊക്കെ കൊച്ചമ്മയോടു വിളിച്ചു പറഞ്ഞു.
" ഇതിയാനിതെന്നാത്തിന്റെ സൂക്കേടാ ......?" കൊച്ചമ്മയ്ക്കും കലിയിളകി.
" എടി നിനക്കറിയാത്തില്ല. അവൻ ആറ്റംബോംബാ.....ആറ്റംബോംബ് . പൊട്ടിത്തെറിച്ചാൽ ഹിരോഷിമയാ......ഹിരോഷിമ. ..ഈ ഷോപ്പിംഗ് കോംപ്ലക്സിനും പള്ളിക്കും ഇനി വൈകാതെ അവൻ തീ വയ്ക്കും. നീ നോക്കിക്കോ. ......"
"കണക്കായിപ്പോയി " എന്ന് കൊച്ചമ്മ.
അച്ചൻ പള്ളിയോടു ചേർന്ന് തുടങ്ങിയ ഷോപ്പിംഗ് കോംപ്ലക്സ് ഒന്ന് വിപുലപ്പെടുത്താൻ പദ്ധതിയിടുന്നു കാലമായിരുന്നു. തുടങ്ങിയ കാലത്തു തന്നെ കുട്ടി സഖാക്കൾ അതിന്റെ മുന്നിൽ കൊടികുത്തിയതാണ്. എങ്കിലും പിടിച്ചു നിന്നു.
അച്ചന് പേടി മത്തച്ചനെയാണ്. അവന്റെ മുന്നിൽ തൻ പലപ്പോഴും ചൂളിപ്പോവുന്നു. തീയണവന്റെ നാക്കിൽ. അങ്ങനെയുള്ളവൻ കോളജിലെ നേതാവ് കുടി ആയാൽ...? വെരുക് മാതിരി അച്ചൻ കിടന്നു ചാടി.
No comments:
Post a Comment