അദ്ധ്യായം
പത്തൊമ്പത്
മാർബിളിൽ
കൊത്തിയ കവിതയ്ക്കു മുന്നിൽ
ആഗ്രയിലെ താജ്മഹൽ. അനശ്വര പ്രേമത്തിന്റെ അലൗകിക സ്മാരകം. ആ താഴികകുടത്തിനു
മുന്നിൽ നിൽക്കുമ്പോൾ ഒരു ജന്മം സഫലമായതുപോലെ തോന്നി ശോശക്കുട്ടിക്ക്. മത്തച്ചന്റെ
നെഞ്ചിൽ ചാരി ഇമവെട്ടാതെ അവൾ നോക്കി നിന്നു. അവൻ തട്ടിയുണർത്തുംവരെ.
മാർബിളിൽ കൊത്തിയ കവിത വായിച്ചു ഒരു ദിവസം മുഴുവൻ അവർ അവിടെ കഴിച്ചുകൂട്ടി.
നിർന്നിമേഷയായി തന്നോടൊട്ടി നിന്ന ശോശക്കുട്ടിയുടെ മുടിയിഴകളിൽ വിരലോടിച്ചുകൊണ്ടു അവൻ
ചോദിച്ചു.
"പെണ്ണിന് നഴ്‌സിംഗ് പഠിക്കണോ.....?"
അവൾ നടുങ്ങി.
"ചെറുക്കന് എന്നെ ആട്ടിയോടിക്കാൻ തിടുക്കമായോ.............?"
അതുകേട്ട് പതറിയതു മത്തച്ചനാണ്.
അവന്റെ ബലിഷ്ഠമായ കരങ്ങൾ അറിയാതെ തന്നെ വലിച്ചടുപ്പിക്കുന്നതും
ശോശക്കുട്ടി അറിഞ്ഞു. അവളുടെ എല്ലുകൾ ഒടിയും എന്നു തോന്നിയപ്പോൾ അവന്റെ മൂക്കിൽ അവൾ
കവിളൊന്നുരുമ്മി. അവൻ ഉണർന്നു. കരങ്ങൾ അയഞ്ഞു.
ചെറുക്കന് വേദനിച്ചു എന്നവൾക്കു മനസ്സിലായി. പരിസരത്തു ആൾക്കാരുണ്ടോ
എന്നു നോക്കാതെ അവന്റെ നെഞ്ചിൽ അവൾ കടിച്ചു.
"നഴ്‌സിംഗ് പഠിക്കാൻ ഞാൻ പോകാം. ചെറുക്കൻ പറഞ്ഞാൽ ......"
"മത്തച്ചൻ എന്നൊരുത്തൻ തൽക്കാലം ജീവനോടെയുണ്ടല്ലോ അതു കഴിഞ്ഞു
മതി നിന്റെ ഒറ്റയ്ക്കുള്ള പ്രയാണം....."
ചെറുക്കൻ ഗൗരവത്തിലും അധികാരത്തിലുമാണ് പറയുന്നതെന്ന് അവൾക്കു ബോദ്ധ്യമായി.
പുരുഷന്റെ കാർക്കശ്യസ്വരം. അതു മുൻപ് പതിവില്ലാത്തതായിരുന്നു.
ഒറ്റയ്ക്കൊരു പ്രയാണം ഈ ജന്മത്തിൽ ശോശക്കുട്ടിക്കുണ്ടാവില്ലെന്ന്
എങ്ങനെയാണീ പുരുഷനെ അറിയിച്ചുകൊടുക്കുക?
അവന്റെ രണ്ടു കരങ്ങളും തന്റെ
തോളിലേക്കിട്ട് നെഞ്ച് നെഞ്ചോട് ചേർത്ത് അവൾ നിന്നു. തന്റെ കണ്ണിലെ കയത്തിലേക്ക് അവൻ ഒന്ന് നോക്കട്ടെ എന്നു
കരുതി. കഴിയുമെങ്കിൽ മാറുപിളർന്നൊന്നു കാണട്ടെയെന്നോർത്തു.
അന്നുരാത്രി ഫോം മെത്തയുപേക്ഷിച്ചു അവൾ തറയിൽ കിടന്നില്ല. പുരുഷന്റെ നെഞ്ചിൽ നിന്നകന്നു കിടക്കാൻ ത്രാണിയില്ലാത്തൊരു പാവമായിപ്പോയിരുന്നു. മുറ്റത്തു കിടന്ന തന്റെ മുല്ലവള്ളിപോലെ അവൾ തളർന്നുപോയിരുന്നു.
എങ്കിലും ചെറുക്കന്റെ പരുപരുത്ത വിരലുകൾ തന്റെ
മൃദുല തന്ത്രികളിൽ തട്ടി സംഗീതമുതിർക്കാൻ തുടങ്ങിയപ്പോൾ അവൾ ഇളകിമറി. തന്റെ കാമുകന് ഒരു കൊച്ചു കൊമ്പനാനയുടെ കരുത്തുണ്ടെന്നവൾ അറിഞ്ഞതന്നേരമായിരുന്നു.
പെണ്ണിന്റെ ബലം കൊണ്ട് തടയാൻ കഴിയില്ലെന്നു വന്നപ്പോൾ വിഷമത്തോടെയാണെങ്കിലും പറഞ്ഞു.
"എന്റെ ചെറുക്കന്റെ മണിയറയിലേക്കൊരു പതിവ്രതയായിത്തന്നെ കടന്നുവരണം എന്നാണെന്റെ ആഗ്രഹം. അതിനു കഴിയുമോ.........?".
പെട്ടെന്ന് പിടി അയഞ്ഞു. കൊമ്പന്റെ മദം മാറി. പിന്നെ കുറെ നെടുവീർപ്പുകൾ.
വല്ലാതെ
വേദനിച്ചു കാണും. എങ്ങനെ ആശ്വസിപ്പിക്കും?.
"പിണങ്ങിയോ....."
"കറുത്തമ്മ പിഴച്ചതുകൊണ്ടല്ലേ പളനി കടലിൽപോയി ചത്തത്.....?"
"പെണ്ണേ......!"
"മത്തച്ചന്റെ പെണ്ണ് പിഴക്കത്തില്ല. അതു മത്തച്ചനുവേണ്ടി ആയാൽപോലും".
കുറെ കടന്നുപോയില്ലേ.......? ഒരുപാടു നൊന്തുകാണില്ലേ?
ഒത്തിരി
ചുംബനങ്ങൾ വേണ്ടിവന്നു ചെറുക്കനെ ആശ്വസിപ്പിച്ചുറക്കാൻ. കണ്ണീരിൽ ചാലിച്ച ചുംബനങ്ങൾ.
ഒരുപാടു
ചക്രവർത്തിമാരുടെ തേരുകളോടിയ ഇന്ദ്രപ്രസ്ഥത്തിലെ രാജവീഥികളിലൂടെ ഉഗ്രൻകുന്നിലെ കുരുന്നുകാലുകൾ പിച്ചവയ്ക്കുകയായിരുന്നു. ശോശക്കുട്ടിയുടെ വിടർന്ന നയനങ്ങൾ അത്ഭുതദൃശ്യങ്ങൾ ഒട്ടനവധി ഒപ്പിയെടുത്തു. നടന്നു തളരുമ്പോൾ ചെറുക്കന്റെ മാറിൽ അഭയവും ഉണ്ടായിരുന്നു.
ഓർമ്മയുടെ ചെപ്പുകളിൽ സൂക്ഷിക്കാൻ ഒട്ടേറെക്കാര്യങ്ങൾ അവൾ സ്വരുക്കൂട്ടി വച്ചു. കടൽത്തീരത്ത് കക്കപെറുക്കി നടക്കുന്ന ഒരു കുഞ്ഞിനെപ്പോലെ. നടന്നു തളർന്നപ്പോൾ, ചെപ്പുകൾ നിറഞ്ഞപ്പോൾ കാമുകനെ അവൾ ഉണർത്തി. മാന്ത്രികന്റെ അത്ഭുത കൊട്ടാരത്തിൽ നിന്ന് താഴെയിറക്കി.
മത്തച്ചന്റെ പുറകെ നിറയെ കളിപ്പാട്ടം കിട്ടിയ ഒരു കുട്ടിയുടെ ഭാവത്തിൽ തന്റെ മകൾ നടന്നു വരുന്നത് ദൂരെ നിന്നും അമ്മ കണ്ടു. ഏറെ നാളായി വരണ്ടു കിടന്ന അവരുടെ കണ്ണുകളും ജലാർദ്രമായി.
കത്താതെ
കിടന്ന അടുപ്പിൽ മണ്ണെണ്ണയൊഴിച്ചു അവർ പെട്ടെന്ന് തീപ്പെട്ടിയുരച്ചു. കലവും വെള്ളവും അടുപ്പത്താക്കിയിട്ട് വീണ്ടും അവർ വയൽ വരമ്പത്തേക്കു തന്നെ നോക്കി നിന്നു.
ഓടി വന്ന മകളെ ആലിംഗനം ചെയ്തു അമ്മ ഉറക്കെ കരഞ്ഞു. വേട്ടപ്പട്ടികളുടെ കൂട്ടിലേക്ക് മകളെ എറിഞ്ഞുകൊടുത്തതിൽ അവർ ഉഴലുകയായിരുന്നു.
തന്റെ മുല്ലയെക്കാണാനോടിയ ശോശക്കുട്ടി കണ്ടു. മാവിൻകൊമ്പിൽ അള്ളിപ്പിടിച്ചു കയറി നിറയെ പൂക്കളെ പ്രസവിച്ചു നിന്നവൾ കൃതാർത്ഥതയോടെചിരിക്കുന്നത്.
അവൾക്കു
നാണം വന്നു.
പുറകിൽ
നിന്നു ചെറുക്കൻ ശക്തിയായി പിടിക്കുമ്പോൾ അവളുടെ ഉള്ളം വെമ്പൽ പൂണ്ടു. മുല്ലയെപോലെ ചിരിക്കാൻ.
മത്തച്ചൻ നേരെ നടന്നതു പള്ളിമേടയിലേക്കായിരുന്നു. കുട്ടിയാനയെപോലെ അവൻ തലയാട്ടി വരുന്നത് ഇലവുമുടച്ചൻ കണ്ടു. ഉടനെ ഒരു ബക്കറ്റുമെടുത്തു അച്ചൻ പുറത്തെ കക്കൂസിലേക്കോടി. കൊച്ചമ്മ അടുക്കളയിലേക്കും വലിഞ്ഞു.
ഏറെ നേരമായിട്ടും മത്തച്ചൻ എന്ന മാരണം ഇറങ്ങിപ്പോവില്ലെന്ന് മനസ്സിലാക്കിയ അച്ചൻ രണ്ടും കല്പിച്ചിറങ്ങി
വന്നു.
"എന്താ വന്നത്.......?" ഗൗരവത്തിലാണ് അച്ചന്റെ ചോദ്യം.
"ശോശക്കുട്ടിയെവിടെ ......?"
"ഏതു ശോശക്കുട്ടി.......? എന്ത് ശോശക്കുട്ടി.....? ഞാനെന്തിനറിയണം .........?"
"അച്ചൻ വീട്ടിൽനിന്നും വിളിച്ചിറക്കികൊണ്ടുപോയ കുഞ്ഞന്നാമ്മയുടെ മകൾ ശോശക്കുട്ടിയെക്കുറിച്ചാണ് ചോദിക്കുന്നത്......?"
"അവൾ മിലിട്ടറിയിൽ ചേർന്നുകാണും. നഴ്സിംഗിന് പഠിക്കുന്നുണ്ടാവും. ഇതൊക്കെ ചോദിക്കാൻ താനാരാ....?" ഇതും പറഞ്ഞു മുറിയിലേക്ക് കയറിപ്പോയ അച്ചന്റെ പുറകെ കയറാൻ മത്തച്ചന്റെ കാലുകൾ തരിച്ചതാണ്.
ഭിത്തിയിലിരുന്ന ഒരു ചിത്രത്തിൽ അവന്റെ കണ്ണുകൾ ഉടക്കി. ഗത്സമനയിലെ യേശു.
അവൻ ശാന്തനായി പിൻവാങ്ങി. അവന്റെ മുഖത്തപ്പോൾ പിഞ്ചുകുഞ്ഞിന്റെ നൈർമല്ല്യമായിരുന്നു.
പിറ്റേന്നു കാലത്തു കുർബ്ബാന മദ്ധ്യേ കാസായും പീലാസായുമുയർത്തി പ്രാർത്ഥിക്കുമ്പോൾ കൈക്കലായിൽ മുട്ടുകുത്തിയിരിക്കുന്ന ശോശക്കുട്ടിയുടെ രൂപം ഇലവുംമൂടച്ചന്റെ ദൃഷ്ടിയിപെട്ടു.
അച്ചന്റെ കണ്ണുകളിൽ ഇരുട്ടുകയറി. തൊണ്ട വരണ്ടു. ശരീരം കുടുങ്ങാൻ തുടങ്ങി. കാസായും പീലാസയും കൂട്ടിമുട്ടി തെറിക്കാൻ തുടങ്ങി. താഴെ വീണുപോകുമോ എന്നു ഭയന്നു.
ഏതു പ്രേതകുഴിയിൽ നിന്നാണിപ്പോൾ ഇവൾ ഇറങ്ങി വന്നിരിക്കുന്നത്?. അവൾ യക്ഷിയെപ്പോലെ തന്റെ അടുത്തേക്ക് നടന്നുവരുന്നില്ലേ?. പല്ലുകൾ നീളുന്നില്ലേ.......?
പെട്ടെന്നൊരു അശരീരരി അച്ചന്റെ കാതിൽ:
"എടാ ഇലവുംമൂട....... മഠയാ...... പ്രേതം പള്ളിയിൽ കയറുമോടാ?"
അച്ചനു
താളം തിരികെക്കിട്ടി, വിറമാറി. അപ്പവുമായി മെല്ലെ നടന്നു ചെല്ലുമ്പോൾ സൂത്രത്തിൽ അവളെ അച്ചനൊന്നു തൊട്ടു. പ്രേതമല്ലെന്നു ഉറപ്പുവരുത്താൻ.
അവൾ വായ്തുറന്നപ്പോൾ പിന്നെയും ദംഷ്ട്രകൾ നീണ്ടുവരുന്നതായി തോന്നി ഒന്ന് പതറിയെങ്കിലും അച്ചൻ നേരെ തന്നെ നിന്നു. നിന്നു തന്നെ പൊരുതി.
മലേഷ്യയിലെ വലിയ ഭൂതങ്ങളോട് പടവെട്ടിയവനാ ഈ ഇലവുംമൂടൻ. പിന്നല്ലെ ഉഗ്രൻകുന്നിലെ പീക്കിരി പ്രേതം......! അച്ചൻ സ്വയം പറഞ്ഞു.
ശോശക്കുട്ടി നാട്ടിൽ തിരിച്ചെത്തിയെന്ന് ഏറെത്താമസിയാതെ കുട്ടാപ്പിയറിഞ്ഞു. ഡൽഹിയിൽ നിന്നവൻ ഉടനെ അച്ചനെ വിളിച്ചു. അവളാണോ അതോ പ്രേതമാണോ നാട്ടിൽ അലയുന്നതെന്നറിയാൻ.
അവന്റെ
ശബ്ദം കേട്ട് അച്ചൻ ആദ്യം പൊട്ടിത്തെറിച്ചെങ്കിലും പിന്നെ മയപ്പെട്ടു. എത്രയും വേഗം നാട്ടിലേക്ക് പോരാൻ ഉപദേശിക്കുകയും ചെയ്തു.
അവനെക്കൊണ്ട് ഒരുപാടു കാര്യങ്ങൾ ഇനിയും സാധിക്കാനുണ്ടെന്ന് അച്ചനറിയാമായിരുന്നു.
……………………………………………………………………………………..
No comments:
Post a Comment