Thursday, 10 June 2021
യാത്രാപഥത്തിലെ താരകങ്ങൾ - പതിനഞ്ച്
പ്രൊഫ. സി.ടി. മാത്യു
ആയുസ്സിന്റെ ഏറിയ പങ്കു ചെലവഴിക്കുന്ന ഒരു സ്ഥാപനത്തിൽ ആദ്യമായി നമുക്കു ലഭിക്കുന്ന നേതാക്കൾ നമ്മളെ ഏറെ സ്വാധീനിക്കും. സർക്കാർ- പ്രൈവറ്റ് സ്ഥാപനങ്ങളിൽ ജോലി ചെയ്ത ശേഷം അതിന്റെ അനുഭവസമ്പത്തുമായി ചെല്ലുന്ന എന്നെപ്പോലെയുള്ളവർക്കു പ്രത്യേകിച്ചും.
മാർത്തോമ്മാ കോളേജിൽ ഞാൻ ചെല്ലുമ്പോൾ സി.ടി. മാത്യു സാറായിരുന്നു പുതിയ പ്രിൻസിപ്പൽ. ഡോ. അലക്സാണ്ടർ മാർത്തോമ്മാ തിരുമേനിയും, കേരളാ യൂണിവേഴ്സിറ്റി ഇംഗ്ലീഷ് വകുപ്പു മേധാവി മാനുവൽ സാറും, സി.ടി ജോൺ സാറും , സി.ടി മാത്യു സാറും അടങ്ങുന്ന ഇന്റർവ്യൂ ബോർഡാണ് ഞങ്ങൾ നാലുപേരെ തെരെഞ്ഞെടുത്തത്. അന്നുതന്നെ പ്രിൻസിപ്പലിന്റെ സൈനാമിസം ഞാൻ ശ്രദ്ധിച്ചിരുന്നു. പിന്നീടുള്ള അഞ്ചു വർഷങ്ങൾ അദ്ദേഹം കോളേജിനെ നയിച്ചു. അതു പുതുമകളുടെ, വികസനത്തിന്റെ ഒരു കാലഘട്ടമായിരുന്നു.
അമേരിക്കയിൽ പോയി എം.എസ് ഡിഗ്രി സമ്പാദിച്ച സാറിന് ഒരു ആഗോള വീക്ഷണവും വിദ്യാഭ്യാസത്തെപ്പറ്റി സമഗ്ര കാഴ്ചപ്പാടുമുണ്ടായിരുന്നു. എന്നാൽ അന്നത്തെ പരിസരം അത്ര സുഖമുള്ളതായിരുന്നില്ല. പ്രീഡിഗ്രി ഉൾപ്പടെ മുവായിരം കുട്ടികൾ. സമര കോലാഹലങ്ങൾക്കു ഒരു കുറവുമില്ല.
പ്രശ്ന കലുഷിതമായ അന്തരീക്ഷത്തിൽ പ്രിൻസിപ്പൽ നിയമനത്തിന് സീനിയേഴ്സിനെ തഴഞ്ഞതിലുള്ള ചില്ലറ അസ്വാരസ്യങ്ങളും ഉണ്ടായിരുന്നു. പോരെങ്കിൽ ഏ.കെ.പി.സി.ടി.എ, പി.സി.ടി.എ പോര് മൂർഛിച്ചു നിന്ന കാലവും. കൂനിന്മേൽ കുരുവെന്നപോലെ ടി.എം ജേക്കബിന്റെ പ്രീഡിഗ്രി ബോർഡ് സങ്കീർണ്ണതയും വന്നുകൂടി. ജൂനിയർ അദ്ധ്യാപകരായ ഞങ്ങളെല്ലാം ആശങ്കയിലുമായി. സംഘടനയും രണ്ടു തട്ടിലായി. ഇങ്ങോട്ടു വാടാ എന്നുവിളിക്കുമ്പോൾ അങ്ങോട്ടുപോകുന്ന സൈസിലുള്ള മൂവായിരം എണ്ണം ഒരു ക്യാമ്പസ്സിൽ ഒന്നിക്കുമ്പോൾ എങ്ങിനെയിരിക്കും. അവരുടെ പിറകെ ഓടി ഓടി അദ്ധ്യാപകരെല്ലാം മത്സര ഓട്ടക്കാരായി വളർന്ന കാലം.
ഇതിനെയെല്ലാം അതിജീവിച്ചു മുന്നേറാൻ സി.ടി മാത്യു സാർ കാണിച്ച ധൈര്യവും നേതൃപാടവവും എന്നെ വളരെ ആകർഷിച്ചു. സ്റ്റാഫ് മീററിംഗുകൾ കേരളാ നിയമസഭ പോലെയായിരുന്നു. ഉഗ്രപ്രതാപികളായ 145 അദ്ധ്യാപകർ സമ്മേളിക്കുന്ന വേദി.
എന്തൊക്കെയായാലും കാമ്പസ്സിൽ പൊതുവെ നല്ല സൗഹൃദ അന്തരീക്ഷമായിരുന്നു. വനിതാ അദ്ധ്യാപകരെ കുട്ടികൾ 'കൊച്ചമ്മ' എന്നാണ് വിളിച്ചിരുന്നത്. "ഹിസ്റ്ററി കൊച്ചമ്മ" യുടെ പേരുപോലും വളരെ നാൾ കഴിഞ്ഞാണ് മനസ്സിലാവുന്നത്. അതു തന്നെ ഉഷ്മളതയുടെ ഒരു മേലാപ്പ് സൃഷ്ട്ടിച്ചു എന്നു വേണം കരുതാൻ.
അന്നവിടെ ബുദ്ധിജീവികളുടെ ഒരു സംഘടനയുണ്ടായിരുന്നു. ബ്രയിൻസ് ട്രസ്റ്റ്. കുറേനാൾ ഞാനും ഡയറക്ടറായി പ്രവർത്തിച്ചു. എന്നാൽ കലാകാരന്മാരുടെ ഒരു സംഘടന വേണ്ടേ എന്നായി എന്റെ ചിന്ത. പ്രിൻസിപ്പലിനെ കണ്ടു ഞാൻ ഈ ആഗ്രഹം പറഞ്ഞു. " ഗോ എഹെഡ്". അദ്ദേഹം സമ്മതം മൂളി. അങ്ങനെ മാർത്തോമ്മാ "ബസ്റ്റാർട്ട്സ്" പിറന്നു. എഴുത്തിൽ പിച്ചവയ്ക്കുന്നവരും, ഗായകരും, അഭിനേതാക്കളും, മിമിക്രികാരും എല്ലാം ഒരു കുടക്കീഴിൽ അണിനിരന്നു. നമ്മുടെ പ്രീയ സംവിധായകൻ ബ്ളസ്സി കലാലയ കഥകൾ എഴുതിത്തുടങ്ങുന്ന കാലമായിരുന്നു അത്.
സാറിനു പെട്ടന്ന് സന്തോഷം തോന്നാൻ ഒരു കാരണമുണ്ടായിരുന്നു.ഈ കലാകാരന്മാരെല്ലാം സമരങ്ങളുടെ മുൻപന്തിയിലുള്ളവരായിരുന്നു. അപ്പോൾ അവരെ കയ്യിലെടുക്കാൻ നല്ല ഒരു അവസരവും കൈവന്നു. എപ്പോഴും അവരോടൊപ്പം ഇടപഴകുന്നതുകൊണ്ടു സമരമുഖത്തു അവർ നമ്മളെ ഒന്നു കരുതും.
ഒരുപാടു നാടകങ്ങളും, നാടോടി നൃത്തങ്ങളും, തനതു കലാരൂപങ്ങളും എല്ലാം കുട്ടികൾ സ്റ്റേജിൽ അവതരിപ്പിച്ചു. ഒരു ദിവസം നമ്മുടെ ഇന്നത്തെ നേതാവ് പ്രകാശ് ബാബു ഗരുഡൻ തുള്ളൽ അവതരിപ്പിച്ചു. പാട്ടുകേട്ട ഉടനെ പുറത്തുനിന്നവരെല്ലാം കൂടി ഓഡിറ്റോറിയത്തിലേക്കു ചാടിക്കയറി. കുറേപ്പേർ ഡസ്ക്കുകൾക്കു മുകളിൽ കയറിനിന്ന് നിന്ന് നൃത്തം ചവുട്ടി. കുറെയേറെ ഡസ്ക്കുകൾ തവിടുപൊടിയായി. അതിന്റെ കഷ്ണങ്ങൾ പെറുക്കിയെടുക്കാൻ തന്നെ അരദിവസം വേണ്ടിവന്നു.
അതോടെ ബെസ്റ്റാർട്ടസ് തീരും എന്നാണ് ഞാൻ കരുതിയത്. തല്പര കക്ഷികൾ വിമർശന ശരമെയ്തു. പക്ഷെ ഒന്നും സംഭവിച്ചില്ല . സാറിന്റെ സ്നേഹവും നേതൃഗുണവും ഒരിക്കൽക്കൂടി ഞാൻ മനസ്സിലാക്കിയ സന്ദർഭമായിരുന്നു അത്. ബെസ്റ്റാർട്ട്സും ബ്രയിൻസ് ട്രസ്റ്റും എല്ലാം ഇന്നും കലാലയത്തിന്റെ ഹൃദയത്തോട് ചേർന്നുനിൽക്കുന്നു.
കടമ്മനിട്ട ഡി. വിനയചന്ദ്രൻ തുടങ്ങി കവികളെ പങ്കെടുപ്പിച്ചുള്ള കവിയരങ്ങും, കെ.എം തരകൻ സാറിനെപ്പോലെയുള്ളവർ നയിച്ച കലാപഠന ക്ളാസ്സുകളും എല്ലാം കലാലയ ജീവിതത്തിൽ കുട്ടികൾ ഏറെ ആസ്വദിച്ചു. 'സർഗസംഗമം' എന്ന പേരിൽ നിരവധി ആഘോഷങ്ങൾ നടന്നതോർക്കുന്നു.
സി.ടി മാത്യു സാർ ദീപ്തമായ ഒരോർമ്മയായി ഇന്നും ജീവിക്കുന്നു.
ഡോ. ഏബ്രഹാം കരിക്കം
Subscribe to:
Post Comments (Atom)
No comments:
Post a Comment