Thursday, 10 June 2021

യാത്രാപഥത്തിലെ താരകങ്ങൾ - പതിനാറ് ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മാർത്തോമ്മാ വലിയ മെത്രാപ്പോലീത്ത ക്രിസോസ്റ്റം തിരുമേനിയുമായുള്ള എന്റെ ബന്ധം ആരംഭിക്കുന്നത് ഒരു ധിക്കാരത്തിലൂടെയായിരുന്നു. 1980 ൽ തിരുവനന്തപുരം - കൊല്ലം ഭദ്രാസനം രൂപീകൃതമായപ്പോൾ തിരുമേനി ഭദ്രാസനാധിപനായി വന്നു. കൊട്ടാരക്കര കൺവൻഷന്റെ സിൽവർ ജൂബിലിയും വന്നു ചേർന്നു. സുവനീറിന്റെ ചീഫ് എഡിറ്ററായി എന്നെ തെരെഞ്ഞെടുത്തു. പി.ജെ ഡേവിഡ് സാറിന്റെ നേതൃത്വത്തിൽ ഞങ്ങൾ തിരുവനന്തപുരത്തൊക്കെ പോയി പണം പിരിച്ചു. കെ.സി.ജോർജ്, കെ കുഞ്ഞുകോശി തുടങ്ങിയവർ ഒപ്പമുണ്ട്. ഡോ. പി.ജെ അലക്സാണ്ടർ സാർ സഹായിക്കാനുണ്ടായിരുന്നു. പണമൊക്കെ ആയപ്പോൾ ഞങ്ങൾ തിരുമേനിയെ സമീപിച്ചു. 1500 കോപ്പികൾ അച്ചടിക്കാൻ തിരുമേനി കൽപ്പിച്ചു. ആയിരങ്ങൾ വരുന്ന കൺവൻഷനല്ലേ, 3000 പുസ്തകം അച്ചടിക്കാം എന്നു ഞാൻ. തിരുമേനി ഒന്നും പറഞ്ഞില്ല. ഞങ്ങൾ 3000 കോപ്പികൾ അച്ചടിച്ചു. ഗംഭീരമായ പ്രകാശന ചടങ്ങൊക്കെ നടത്തി. ഒരാഴ്ച്ച കഴിഞ്ഞു കണക്കെടുത്തപ്പോൾ 1500 കോപ്പികൾ വിറ്റുപോയിരുന്നു. ബാക്കി 1500 കോപ്പികൾ സ്വാഹ. ജീവിതത്തിൽ പിന്നീടൊരിക്കലും ഞാൻ തിരുമേനിയെ ധിക്കരിച്ചിട്ടില്ല. എന്നുമാത്രമല്ല, ഏതൊരു നല്ല കാര്യത്തിനും തിരുമേനിയുടെ ഉപദേശം തേടാറുമുണ്ടായിരുന്നു. ഫ്രാൻസിലെ തെസെ കമ്മ്യൂണിറ്റിയിലേക്കു യുവജനങ്ങളെ അയക്കാൻ അവസരം വന്നപ്പോൾ ഞാൻ തിരുമേനിയുടെ ഉപദേശം തേടി. "You do it. You are our Taize Ambassador” എന്നു പറഞ്ഞു. അതിപ്പോഴും അങ്ങനെ തുടരുന്നു. എനിക്കേതെങ്കിലും സർട്ടിഫിക്കറ്റ് വേണം എന്നു പറയുമ്പോൾ അതിങ്ങഴുതിക്കൊണ്ടു വാ എന്നു തിരുമേനി പറയും. അതിൽ ഒപ്പിട്ടു തരും. തിരുമേനി മെത്രാപ്പോലീത്ത ആയപ്പോൾ പൂലാത്തീനിൽ ഒരു പറച്ചിലുണ്ടായിരുന്നു. കരിക്കം സാർ എഴുതുന്ന പേപ്പറുകൾ മാത്രമാണ് തിരുമേനി വായിക്കാതെ ഒപ്പിടുന്നത് എന്ന്. എന്നെ കളിയാക്കാൻ പറയുന്നു എന്നാണ് ഞാൻ കരുതിയത്. പക്ഷെ അത് സത്യമായിരുന്നു എന്ന് പിന്നീടെനിക്കു മനസ്സിലായി. സണ്ണി ജോർജ് അച്ചനും, കെ. വർഗീസ് സാറും ഞാനും കൂടി തിരുമേനിയുടെ ആദ്യ ജീവചരിത്ര ഗ്രന്ഥം (ക്രിസോസ്റ്റം ദിവ്യ പ്രപഞ്ചത്തിന്റെ പ്രവാചകൻ) എഴുതിയുണ്ടാക്കി. പാതി വഴിക്ക് അച്ചൻ അമേരിക്കയിലേക്ക് പോയതിനാൽ പലരുടെയും സഹായത്തോടെ ഞാൻ ഗ്രന്ഥ രചന പൂർത്തിയാക്കി. അതുമായി തിരുമേനിയുടെ മുന്നിലെത്തി. പക്ഷെ ഒരു വരിപോലും തിരുമേനി വായിച്ചു കേട്ടില്ല. ഞങ്ങൾ കോട്ടയം ഡി.സി ബുക്സിൽ അച്ചടി പൂർത്തിയാക്കി. പക്ഷെ അതിലെ ഒരു വാചകം ചേർക്കാൻ എനിക്കു തിരുമേനിയുടെ അനുവാദം അത്യന്താപേക്ഷിതമായിരുന്നു. ഒരിക്കൽക്കൂടി ഞാൻ പൂലാത്തീനിലെത്തി. അത് വായിച്ചു കേൾപ്പിച്ചു. വട്ടക്കോട്ടാൽ - അടങ്ങുപ്പുറം കുടുംബ ചരിത്രങ്ങൾ ഞാൻ വായിച്ചിരുന്നു. അവിടെ കണ്ട ഒരു കാര്യമാണ്. തിരുമേനിയുടെ വല്ല്യമ്മച്ചിക്കു മക്കളില്ലാതിരുന്നപ്പോൾ സന്താനലാഭത്തിനായി കല്ലൂപ്പാറ ദേവീ ക്ഷേത്രത്തിൽ പൊന്നും നൂലർപ്പിച്ചു. ഇതുകൂടി പുസ്തകത്തിൽ ഉൾപ്പെടുത്തിക്കോട്ടെ എന്നു ഞാൻ ചോദിച്ചു: "അതിനെന്താ ... സത്യമല്ലേ" എന്നായിരുന്നു മറുപടി. നമ്മുടെ വല്ല്യപ്പച്ചന്മാർക്കും, വല്ല്യമ്മച്ചിമാർക്കും അമ്പലവും പള്ളിയും രണ്ടല്ലായിരുന്നു. മനസ്സുകളിൽ മതിലുകൾ പണിതുയർത്തിയതു നമ്മളാണ്. ഇതാണ് എന്നെ ഏറെ ആകർഷിച്ച കാര്യം. എന്റെ ജീവിതപ്രയാണത്തിൽ അതുല്ല്യമായ പിന്തുണയാണ് ക്രിസോസ്റ്റം തിരുമേനിയിൽ നിന്നും എനിക്കു ലഭിച്ചത് എന്നത് നന്ദിയോടെ ഓർക്കുന്നു. ഡോ. അലക്സാണ്ടർ മാർത്തോമ്മാ വലിയ തിരുമേനിയുടെ പേരിൽ കൊട്ടാരക്കരയിൽ ഞങ്ങൾ മതസംവാദ പഠന കേന്ദ്രം ആരംഭിക്കുമ്പോൾ കാലാവസ്ഥ അത്ര അനുകൂലമല്ലായിരുന്നു. പക്ഷെ ക്രിസോസ്റ്റം തിരുമേനിയും, ജോസഫ് മാർത്തോമ്മാ തിരുമേനിയും, സഖറിയാസ് തിരുമേനിയും ഞങ്ങൾക്കൊപ്പം നിന്ന് ശക്തി പകർന്നു. രണ്ടായിരമാണ്ടിൽ ഐക്യരാഷ്ട്ര സഭയുടെ പിന്തുണയോടെ യു.ആർ.ഐ എന്ന മതങ്ങളുടെ ആഗോള ഐക്യവേദി ജന്മമെടുത്തു. അതിന്റെ ആദ്യ രണ്ടു നാഷണൽ അസംബ്ലികളും, രണ്ടു ഏഷ്യാ അസംബ്ലികളും ഞാൻ നേരിട്ടാണ് സംഘടിപ്പിച്ചത്. വിവിധ മതനേതാക്കൾ ഏല്ലാം സമ്മേളിക്കുന്ന ആദ്യ ദേശീയ അസംബ്ലി ഫിലക്സിനോസ് തിരുമേനിയുടെ അദ്ധ്യക്ഷതയിൽ മാങ്ങാനം സ്റ്റഡി സെന്ററിൽ വച്ച് നടത്തിയപ്പോൾ ഉദ്ഘാടകനായി ക്രിസോസ്റ്റം തിരുമേനിയുണ്ടായിരുന്നു. പിന്നീട് ഞങ്ങൾ ടാഗോറിന്റെ വിശ്വഭാരതിയിലും, പഞ്ചാബിലെ ഗുരുനാനാക് യൂണിവേഴ്സിറ്റിയിലും, ഏറ്റവും ഒടുവിൽ എട്ടാമത് അസംബ്ലിക്കായി ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയിലും എല്ലാം സമ്മേളിച്ചു. തിരുമേനി തിരിതെളിച്ചു തന്നതൊന്നും വൃഥാവിലായിട്ടില്ല. അതുപോലെയായിരുന്നു ഡയലോഗ് സെന്ററിന്റെ ആഭിമുഖ്യത്തിൽ ഞങ്ങൾ ആരംഭിച്ച ഹോളി ബുക്സ് കോൺഫറൻസ്. നിരവധി വിദേശ പണ്ഡിതന്മാരെത്തുന്ന അതിന്റെ ആദ്യ സമ്മേളനവും കൊട്ടാരക്കര ജൂബിലി മന്ദിരത്തിൽ വച്ചു തിരി കൊളുത്തിയത് ക്രിസോസ്റ്റം തിരുമേനി തന്നെ. അതിന്റെയും എട്ടാമത് കോൺഫറൻസ് 2019 - ൽ മലേഷ്യയിൽ വച്ചു ഞങ്ങൾ നടത്തുകയുണ്ടായി. ലോകമെന്പാടും അയക്കുന്ന കല്പനകൾ ഇംഗ്ലീഷിൽ വേണമെന്ന് തിരുമേനി മെത്രാപ്പോലീത്ത ആയപ്പോൾ തീരുമാനിച്ചു. അത് ഇംഗ്ലീഷിലാക്കി നൽകണമെന്ന് എന്നോട് പറഞ്ഞു. അതു ഞാൻ ശിരസ്സാവഹിച്ചു. ഏഴു കല്പനകൾ വരെ ഒരുമിച്ചു ഭാഷാന്തരം ചെയ്ത അവസരമുണ്ടായിരുന്നു. ഞാൻ തിരുവല്ലയിൽ നിന്ന് പോന്നപ്പോൾ ഡോ. എ. പി ജോൺ ആ ചുമതല നിർവ്വഹിച്ചു പോന്നു. ചില സുപ്രധാന യാത്രകളിൽ തിരുമേനിയുടെ ഒപ്പം പോകാനുള്ള അവസരമുണ്ടായതും ഓർക്കുകയാണ്. വള്ളിക്കാവിലെ അമൃതാപുരി യാത്രയായിരുന്നു ഒന്ന്. മാതാ അമൃതാനന്ദമയിയും തിരുമേനിയുമായി ഊഷ്മളമായ ഒരു സൗഹൃദമുണ്ടായിരുന്നു. അമ്മ വേഗത്തിൽ മുന്നിൽ നടക്കുമ്പോൾ തിരുമേനി വടിയും കുത്തി പിന്നാലെ നടന്നു. ഒന്നു രണ്ടു വട്ടം അമ്മ തിരിഞ്ഞു നിന്നപ്പോൾ തിരുമേനി ഇങ്ങനെ പറഞ്ഞു: "'അമ്മ തൊണ്ണൂറു വയസ്സാവുമ്പോൾ എങ്ങിനെ നടക്കണം എന്നാണു ഞാൻ പഠിപ്പിക്കുന്നത്". അമ്മയുൾപ്പടെ എല്ലാവരും പൊട്ടിച്ചിരിച്ചു. ചെറുകോൽപ്പുഴ ഹിന്ദുമത കൺവൻഷന്റെ നൂറാമതു വാർഷികത്തിൽ മുഖ്യപ്രഭാഷകനായി തിരുമേനിയെയാണ് അവർ ക്ഷണിച്ചത്. അന്നും ഞാൻ ഒപ്പമുണ്ടായിരുന്നു. യു.ആർ.ഐ ഏഷ്യാ റീജിയന്റെ ആദ്യ സമാധാന പുരസ്കാരം 2016 -ൽ അനേകം വിദേശ പ്രതിനിധികളുടെ സാന്നിദ്ധ്യത്തിൽ കൊട്ടാരക്കര വച്ചു തിരുമേനിക്ക് നൽകാനായത് ഒരു പുണ്യമായി ഞങ്ങൾ കരുതുന്നു. ഇന്റർനാഷണൽ എക്സികുട്ടീവ് ഡയറക്ടർ ഡോ. വിക്ടർ കസാൻജിയാൻ, സാലി മാഹി, ഫോമ മുൻ പ്രസിഡന്റ് ശശിധരൻ നായർ എന്നിവർ ചേർന്നാണ് സമ്മാനം സമർപ്പിച്ചത്. ഞങ്ങൾ നൽകിയ 25000 രൂപയുടെ ചെക്ക് മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെ പഠനത്തിനായി തിരുവല്ല വൈ.എം.സി.എ ക്കു തിരുമേനി അന്നുതന്നെ കൈമാറിയതായി സെക്രട്ടറി ജോയി ജോൺ അറിയിക്കുകയും ചെയ്തു. തിരുമേനി മാർത്തോമ്മാക്കാരുടെയോ, ക്രൈസ്തവരുടെയോ മാത്രം പിതാവായിരുന്നില്ല. ഭാരത മഹാ രാജ്യം പദ്മ ഭൂഷൺ നൽകി ആദരിച്ചതും, ഇടതുപക്ഷ സർക്കാർ എം.ജി വാഴ്സിറ്റിയിൽ ക്രിസോസ്റ്റം ചെയർ ആരംഭിച്ചതും വെറുതെ വന്ന ഭാഗ്യങ്ങളല്ല. ഇല്ലായ്മ വല്ലായ്മകളിൽ വളർന്നു നൂറു വയസ്സിന്റെ ധന്യതയിൽ ലോക കൊടുമുടികൾ കീഴടക്കിയ ഒരു ആത്മീയ ആചാര്യൻ സ്വയം നേടിയെടുത്ത സൗഭാഗ്യങ്ങളായിരുന്നു. തിരുമേനി 1962 -ൽ വത്തിക്കാൻ കൗൺസിലിനു പോയപ്പോൾ ഒപ്പം പോകാനായില്ലല്ലൊ എന്നാണെന്റെ ദുഃഖം. പക്ഷെ അന്നെനിക്ക് ഒൻപതു വയസ്സേ ഉണ്ടായിരുന്നുളളൂ. ഡോ. ഏബ്രഹാം കരിക്കം

No comments:

Post a Comment